ക്ലാസ് നഷ്ടമാകുന്നവർക്ക് ബ്രിഡ്ജ് കോഴ്സ്, മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി

Tuesday 25 June 2024 3:40 PM IST

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റിലുണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്ത് 7478 സീറ്റുകളുടെയും കാസർകോട്ട് 252 സീറ്റുകളുടെയും പാലക്കാട്ട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത്‌ ഏഴ് താലൂക്കുകളിൽ സയൻസ് സീറ്റ് അധികവും കൊമേഷ്സ്, ഹ്യൂമാനീറ്റിസ് സീറ്റുകൾ കുറവുമാണ്. മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ചുകൾ അനുവദിക്കും. അധിക ബാച്ച് തീരുമാനിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി ജൂലായ്‌ അഞ്ചിനുള്ളിൽ റിപ്പോർട്ട് നൽകും. അതിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താനാണ് തീരുമാനം. ക്ലാസ് നഷ്ടമാകുന്നവർക്ക് ബ്രിഡ്ജ് കോഴ്സ് നൽകുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടത്തിയ സമരത്തിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ത് നടത്തുകയാണ്. സീറ്റ് പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് സംഘടനയുടെ തീരുമാനം. ഇന്നലെ കൊല്ലം കളക്ടറേറ്റിലേക്കുൾപ്പടെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചിനിടെ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു.

Advertisement
Advertisement