ട്രെഡ്‌മില്ലിൽ നിന്ന് ബാലൻസ് തെറ്റി ജനലിലൂടെ താഴേയ്ക്ക് വീണ് അപകടം; 22കാരി മരിച്ചു

Tuesday 25 June 2024 3:57 PM IST

 

ജക്കാർത്ത: ജിമ്മിലെ ട്രെഡ്‌മില്ലിൽ നിന്ന് ബാലൻസ് തെറ്റി ജനലിലൂടെ താഴേയ്ക്ക് വീണ യുവതി മരിച്ചു. ഇന്തോനേഷ്യയിലെ പോണ്ടിയാനക്കിലാണ് സംഭവം നടന്നത്. ഇതിന്റെ സി സി ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കെട്ടിട്ടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജിമ്മിൽ നിന്നാണ് യുവതി വീണത്. ട്രെഡ്‌മില്ലിൽ നിന്ന് യുവതി തുറന്നുകിടക്കുന്ന ജനലിലൂടെ താഴേക്ക് വീഴുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ട്രെഡ്‌മില്ലിൽ ഓടുന്നതിനിടെ മുഖം തുടയ്ക്കാൻ ടവ്വൽ എടുക്കുമ്പോഴാണ് പെട്ടെന്ന് യുവതിയുടെ ബാലൻസ് തെറ്റി പിന്നിലേക്ക് വീണത്. തൊട്ടുപിന്നിലുണ്ടായിരുന്ന ജനലിന്റെ ഗ്ലാസ് തുറന്ന് കിടക്കുകയായിരുന്നു. ഇത് വഴിയാണ് യുവതി പുറത്ത് വീണത്. ജനലിന്റെ ഫ്രെയിമിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ജിമ്മിൽ ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വീഴ്ചയിൽ തലയ്‌ക്കുണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ട്രെഡ്‍മില്ലും പിന്നിലെ ജനലും തമ്മിൽ വെറും 60 സെന്റീമീറ്റർ മാത്രമാണ് അകലം ഉണ്ടായിരുന്നത്. വളരെ അപകടകരമായ രീതിയിലാണ് ട്രെഡ്‍മിൽ ജിമ്മിനുള്ളിൽ സജ്ജീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രവർത്തനസമയത്ത് ജനലുകൾ അടയ്ക്കണമെന്ന് ട്രെയിനർമാരോട് നിർദേശിച്ചിരുന്നതായാണ് ജീം ഉടമ പൊലീസിന് മൊഴി നൽകി. ജനലുകൾ തുറക്കരുതെന്ന് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടായിരുന്നെങ്കിലും അവയിൽ പലതും ഇളകിപ്പോയിരുന്നുവെന്നും ഉടമ വ്യക്തമാക്കി.

യുവതിക്ക് അപകടം നടന്ന സമയത്ത് ജിമ്മിന്റെ ട്രെയിനർ വിശ്രമിക്കാനായി മറ്റൊരു റൂമിലേക്ക് പോയിരിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് അറിയിച്ചു. അപകടത്തിന് സാക്ഷികളായവരെയെല്ലാം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ജിമ്മിന്റെ പെർമിറ്റ് പുനഃപരിശോധിക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Advertisement
Advertisement