ചില ആപ്പുകൾ എടുക്കുമ്പോൾ ഫോൺ ചൂടാകാറുണ്ടോ? സൂചനകൾ അവഗണിച്ചാൽ പൊട്ടിത്തെറി ഉറപ്പ്

Tuesday 25 June 2024 4:25 PM IST

കേരളത്തിൽ ദിനംപ്രതി കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. ചൂടും വേനലുമെല്ലാം മനുഷ്യന്റെ ആരോഗ്യത്തെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് കേരളത്തിൽ പലയിടത്തും താപനില 46 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞിരുന്നു. നമുക്ക് സഹിക്കാനാവാത്ത വിധത്തിലായിരുന്നു ചൂട്. എന്നാൽ, ഇത് മനുഷ്യനെ മാത്രമല്ല നിങ്ങളുടെ കൈയിലുള്ള സ്‌മാർട്ട് ഫോണിനെയും വലിയ രീതിയിലാണ് ബാധിക്കുന്നത്.

അതികഠിനമായ ചൂട് അന്തരീക്ഷത്തിലുള്ളപ്പോൾ നിങ്ങൾ ഫോൺ ചാർജ് ചെയ്യാൻ വച്ച് അതിൽ ഗെയിം കളിക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അങ്ങനെ ചെയ്യുന്നവരുടെ ഫോൺ പൊട്ടിത്തെറിക്കാൻ പോലും സാദ്ധ്യതയേറെയാണ്. സാധാരണ താപനിലയായ 35 ഡിഗ്രിയിൽ കൂടുകയാണെങ്കിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ സ്‌മാട്ട് ഫോണുകൾക്ക് ഉണ്ടാകുന്നതാണ്. ഉയർന്ന താപനിലയിൽ ഫോൺ അധിക നേരം ഉപയോഗിക്കുമ്പോൾ അതിന്റെ പ്രവ‌ർത്തനം പതിയെ കുറയുന്നു. ചിലപ്പോൾ ഹാംഗ് ആകുകയും ചെയ്യുന്നു. എന്നാൽ, ഫോണിനുള്ളിലെ ബിൽറ്റ് - ഇൻ തെർമൽ സെൻസറുകൾ ഒരു പരിധി വരെ തണുപ്പിക്കുന്നു.

ചൂട് കൂടുന്നത് സ്‌മാർട്ട് ഫോണിന്റെ ആയുസ് കുറയ്‌ക്കുമെന്ന് നേരത്തേ പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മറ്റ് കാലാവസ്ഥകളെ അനുസരിച്ച്, ചൂടുകാലത്ത് ഏകദേശം 15 ശതമാനത്തോളം പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് ഫോണുകൾക്ക് ഇൻഷ്വറൻസ് സേവനങ്ങൾ നൽകുന്ന ഒരു യുഎസ് സ്ഥാപനം വെളിപ്പെടുത്തിയത്. 2023നെ അപേക്ഷിച്ച്, ഈ വർഷം ഫോൺ കേടാകുന്ന പ്രശ്‌നങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിങ്ങളുടെ ഫോണുകൾക്കും ഈ പ്രശ്‌നം വരാതിരിക്കണമെങ്കിൽ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

ഫോൺ ചൂടാകാനുള്ള പ്രധാന കാരണങ്ങൾ

  1. ഫോണുകളുടെ അമിതമായ ഉപയോഗം.
  2. ദിവസവും ഏറെനേരെ ഫോൺ ചാർജ് ചെയ്യാൻ വയ്‌ക്കുന്നത്.
  3. അമിത ചാർജിംഗ് വേഗത. ഇക്കാരണത്താൽ, കൂടുതൽ പവർ ഫോണിനുള്ളിലേക്ക് കടന്നുപോകുന്നു.
  4. ഫോൺ കവറിന്റെ ഉപയോഗം. പുറത്തുവിടുന്ന ചൂട് കവറിനുള്ളിൽ തങ്ങി നിൽക്കുന്നതിലൂടെ താപം വീണ്ടും ഉയരാൻ കാരണമാകുന്നു.
  5. ഗെയിമുകൾ കളിക്കുന്നത്, നിരവധി ആപ്പുകളുടെ അമിതമായ ഉപയോഗം എന്നിവയും ചൂട് ഉയരാൻ കാരണമാകുന്നു.

സ്‌മാർട്ട് ഫോണുകൾ ശരിയായ പ്രകടനം നടത്തണമെങ്കിൽ അതിന് അനുയോജ്യമായ താപനില ആവശ്യമാണ്. സാംസങ്, ആപ്പിൾ തുടങ്ങിയ കമ്പനികളുടെ ഫോണുകൾക്ക് 0 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് അനുയോജ്യം. എന്നാൽ, ചൈനീസ് ബ്രാൻഡായ ഷവോമിയുടേത് 40 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇതുപോലെ ഓരോ ഫോണിനും നിശ്ചയിച്ചിരിക്കുന്ന താപനിലയിൽ അധികമായി ഏറെനേരം പ്രവർത്തിക്കുമ്പോൾ അത് പെട്ടെന്ന് കേടാവുന്നു. പല രാജ്യങ്ങളിലും ഈ പ്രശ്‌നം അനുഭവപ്പെടാറുണ്ട്. സൂര്യപ്രകാശമേൽക്കുമ്പോൾ പോലും ചില രാജ്യങ്ങളിൽ ഫോണുകൾ കേടാവുന്ന അവസ്ഥയുണ്ടാകാറുണ്ട് എന്നാണ് റിപ്പോർട്ട്.

അമിതമായി ചൂടാകുന്നത് എങ്ങനെ തിരിച്ചറിയാം?

  1. ചൂട് കാരണം ഫോൺ കൈയിൽ വച്ച് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ.
  2. ചില ഫോണുകളിൽ താപനില ഉയരുമ്പോൾ മുന്നറിയിപ്പ് വരാറുണ്ട്.
  3. ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാവുന്ന കൂളിംഗ് മാസ്റ്റർ പോലുള്ള ആപ്പുകൾ ഉപയോഗിച്ച് തിരിച്ചറിയാവുന്നതാണ്.
  4. ഫോൺ ഹാംഗ് ആവുക. ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുക.

ഒരു പരിധി വരെ നിങ്ങളുടെ ഫോണുകൾക്ക് തന്നെ സ്വയം സംരക്ഷിക്കാനുള്ള കഴിവുണ്ട്. എന്നാൽ, അതിലേറെ ചൂട് ഉയരുമ്പോൾ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും ബാറ്ററി ആയുസ് കുറയുകയും ചെയ്യുന്നു. മാത്രമല്ല, താപനില കൂടുമ്പോൾ ഫോണിന്റെ സ്‌ക്രീനിനും പ്രശ്‌നങ്ങൾ ഉണ്ടായി തുടങ്ങും. സിപിയു കേടായേക്കാം. ചില സാഹചര്യങ്ങളിൽ ബാറ്ററി പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ഇതൊന്നുമല്ലെങ്കിൽ ആപ്പുകളുടെ പ്രവർത്തനം നഷ്‌ടപ്പെടുകയും നിങ്ങളുടെ ഫോണിലെ ഡാറ്റ നഷ്‌ടപ്പെടാനും കാരണമാകുന്നു.

എങ്ങനെ ഫോണിനെ സംരക്ഷിക്കാം

  1. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് അമിതമായി ഫോൺ ഉപയോഗിക്കരുത്.
  2. ഫോൺ കവറുകൾ ഇടുന്നുണ്ടെങ്കിൽ വായു സഞ്ചാരം നടക്കുന്നവ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.
  3. ഫോൺ ചാർജ് ചെയ്‌തുകൊണ്ട് ഉപയോഗിക്കരുത്. അത്യാവശ്യമായി അൽപ്പസമയം ഉപയോഗിക്കണമെങ്കിൽ പോലും ചാർജറിൽ നിന്ന് മാറ്റുക.
Advertisement
Advertisement