ദീപുവിന്റെ കൊലയാളി ഭിന്നശേഷിക്കാരൻ? നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ

Tuesday 25 June 2024 5:44 PM IST

തിരുവനന്തപുരം: കരമന സ്വദേശിയായ ക്വാറി ഉടമ എസ് ദീപുവിനെ (44) കൊലപ്പെടുത്തിയ കേസിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ. വഴിയരികിൽ നിർത്തിയിട്ട കാറിൽ കഴുത്തറുത്ത നിലയിലാണ് ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ കാറിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇയാളായിരിക്കാം കൊലപാതകിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതൊരു ഭിന്നശേഷിക്കാരനാണെന്നും സൂചനയുണ്ട്.


ദീപുവിന്റെ കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ദീപുവിന്റെ കൈയിൽ ഇത്രയും പണമുണ്ടെന്ന് അറിയുന്ന ആരോ ആണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കന്യാകുമാരി എസ്‌പി സുന്ദരവദനം നേരത്തെ അറിയിച്ചിരുന്നു.

തക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. രണ്ട് സംഘങ്ങൾ തിരുവനന്തപുരത്ത് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ദീപു ആരോടൊക്കെയാണ് ഫോണിൽ സംസാരിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാത്രി ഏഴരയോടെ വീട്ടിൽ നിന്നും പോയതാണ് ദീപു. നെയ്യാറ്റിൻകരയിൽ നിന്നും തക്കലയിൽ നിന്നും രണ്ടുപേർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങളനുസരിച്ച്, ഒരാൾ മാത്രമാണ് വാഹനത്തിൽ നിന്നും ഇറങ്ങിപ്പോയത്.

ഇന്ന് പുലർച്ചെ 12 മണിയോടെ തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയിൽ തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിള പടംതാലുമൂടുള്ള പെട്രോൾ പമ്പിന് സമീപത്ത് നിർത്തിയിട്ട നിലയിലാണ് കാർ കണ്ടെത്തിയത്. ഡ്രൈവർ സീറ്റിൽ സീറ്റ്‌ ബെൽറ്റ് ധരിച്ച് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിന്റെ 90 ശതമാനവും അറ്റുപോയ നിലയിലായിരുന്നു. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും ഇല്ലായിരുന്നു.

പട്രോളിംഗിനിറങ്ങിയ പൊലീസുകാരാണ് മൃതദേഹം കണ്ടെത്തിയത്. പാർക്കിംഗ് ലൈറ്റിട്ട വാഹനം കണ്ടതോടെ പൊലീസുകാർ പരിശോധിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു ദീപു. ഇതുമായി ബന്ധപ്പെട്ട് ചെറിയ സാമ്പത്തിക തർക്കങ്ങളുമുണ്ടായിരുന്നു. ഇതിനെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്‌. രണ്ട് ദിവസം മുമ്പ് ദീപുവിന് ഒരു ഫോൺ കോൾ വന്നിരുന്നുവെന്നും അയാളുമായി തർക്കം നടന്നിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ, ആരാണ് വിളിച്ചതെന്ന കാര്യം അവർക്ക് വ്യക്തമല്ല.

Advertisement
Advertisement