കോളടിച്ചത് തിരുവനന്തപുരത്തുകാര്‍ക്ക്, ഏറ്റവും പുതിയ വന്ദേഭാരത് സര്‍വീസിന്റെ വിവരങ്ങള്‍ ഇങ്ങനെ

Tuesday 25 June 2024 7:04 PM IST

തിരുവനന്തപുരം: റെയില്‍വേയില്‍ ഇത് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ കാലമാണ്. രാജ്യത്തെ ട്രെയിന്‍ യാത്രാ സങ്കല്‍പ്പങ്ങളെ തന്നെ മാറ്റിമറിച്ചുകൊണ്ട് ആണ് വന്ദേഭാരത് അതിന്റെ എന്‍ട്രി നടത്തിയത്. കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും ഒക്കുപ്പന്‍സിയുടെ കാര്യത്തില്‍ സൂപ്പര്‍ ഹിറ്റ് ആണ്. മൂന്നാമതൊരു സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനം വൈകുകയാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്ന ഏറ്റവും പുതിയ സര്‍വീസ് തെക്കന്‍ കേരളത്തിനും പ്രത്യേകിച്ച് തിരുവനന്തപുരത്തുകാര്‍ക്കും നേട്ടമുള്ള രീതിയിലാണ്.

ചെന്നൈ - നാഗര്‍കോവില്‍ ജംഗ്ഷന്‍ വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ ആണ് സര്‍വീസിന് തയ്യാറെടുക്കുന്നത്. ഇതിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പരീക്ഷണ ഓട്ടം നടത്തിയത്. തെക്കന്‍ കേരളത്തിലേക്കും പ്രത്യേകിച്ച് തിരുവനന്തപുരത്തുകാര്‍ക്കും കൂടി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എല്ലാ ആഴ്ചയിലും വ്യാഴാഴ്ച ദിവസമായിരിക്കും സര്‍വീസ് നടത്തുക.


ചെന്നൈ സെന്‍ട്രലില്‍ നിന്നും രാവിലെ യാത്ര ആരംഭിച്ച് ഉച്ചയോടെ നാഗര്‍കോവിലില്‍ എത്തുന്ന രീതിയിലാണ് വന്ദേ ഭാരത് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പുലര്‍ച്ചെ 05:15ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 01:50ന് നാഗര്‍കോവിലില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. മടക്കയാത്ര ഉച്ചയ്ക്ക് 02:20നാണ് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുക. തുടര്‍ന്ന് രാത്രി 12:05ന് ചെന്നൈയില്‍ എത്തിച്ചേരും. താംബരം, വിളിപ്പുറം, തിരുച്ചിറപ്പള്ളി ജംഗ്ഷന്‍, ദിണ്ടിഗല്‍, മധുരൈ, വിരുദുനഗര്‍, തിരുന്നല്‍വേലി എന്നിവയാണ് സ്റ്റോപ്പുകള്‍.

കോളടിച്ചത് തിരുവനന്തപുരത്തുകാര്‍ക്ക്

രാവിലെ ചെന്നൈയില്‍ നിന്ന് വന്ദേഭാരതില്‍ കയറുന്നവര്‍ക്ക് ഉച്ചയോടെ നാഗര്‍കോവിലില്‍ എത്താന്‍ കഴിയും. തുടര്‍ന്ന് ഇവിടെ നിന്ന് ട്രെയിനിലും ബസിലുമായി തിരുവനന്തപുരത്തേക്ക് എത്താം. ഒന്നര മണിക്കൂറില്‍ താഴെ സമയം മാത്രമാണ് നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വേണ്ടത്. സമാനമായി ചെന്നൈയിലേക്കുള്ള മലയാളി യാത്രക്കാര്‍ക്ക് ഉച്ചയ്ക്ക് 02:20ന് മുമ്പായി കേരളത്തില്‍ നിന്ന് നാഗര്‍കോവിലിലെത്തി വന്ദേഭാരതില്‍ ചെന്നൈക്ക് പോകാനും കഴിയും.

Advertisement
Advertisement