ജ്വല്ലറി ഉടമയിൽ നിന്ന് 14 ലക്ഷം തട്ടിയ സംഘം  24 മണിക്കൂറിനുള്ളിൽ പിടിയിൽ

Wednesday 26 June 2024 1:25 AM IST

മട്ടന്നൂർ: കണ്ണൂർ ഐശ്വര്യ ജ്വല്ലറി ഉടമ ദിനേശന്റെ കൈയ്യിൽ നിന്ന് തന്ത്രപരമായി കബളിപ്പിച്ച് സ്വർണ്ണം പണയം വച്ചിരിക്കുന്ന മട്ടന്നൂർ എസ്.ബി.ഐ ബാങ്കിൽ നൽകാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ തട്ടിയെടുത്ത നാൽവർ സംഘത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ മട്ടന്നൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.
പുതിയങ്ങാടി സിവായ് ഹൗസിൽ അഷറഫ് എന്ന മുഹമ്മദ് റാഫി (60) , പഴശ്ശി ഡാമിന് സമീപം റസാഖ് 58 , ഉളിയിൽ പടിക്കച്ചാലിൽ തൗഫീഖ് മൻസിലിൽ റഫീഖ് (39) ഭാര്യ റഹിയാനത്ത് (33) എന്നിവരെയാണ് പോലീസ് സമർത്ഥമായി വലയിലാക്കിയത്.പ്രതികൾ ലഭിച്ച 14 ലക്ഷം രൂപ തുല്യമായി പങ്കുവെച്ചതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി കണ്ണൂർ, കാസർകോട് ജില്ലകളിൽ സമാനമായ രീതിയിൽ നിരവധി കബിളിപ്പിക്കൽ നടത്തിയതായി ചോദ്യം ചെയ്യലിൽ വെളിവായി.
മട്ടന്നൂർ സി.ഐ: ബി. എസ് സജൻ, എസ്.ഐ മാരായ സിദ്ദിഖ്, അനീഷ് കുമാർ. എ.എസ്.ഐ മാരായ പ്രദീപൻ, സുനിൽ കുമാർ, സി.പി.ഒമാരായ സിറാഇദ്ദീൻ, ജോമോൻ, രഗനീഷ്, സവിത, ഹാരിസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

ബന്ധുക്കൾ കാണണ്ട, പുറത്തുനിന്നാൽ മതി

സ്വർണപ്പണയം വീണ്ടെടുക്കാൻ പണം നൽകുന്നവരിൽ നിന്ന് പരിചയപ്പെടുത്തി പണം വാങ്ങുന്നത് റഹിയാനത്താണ് . ബാങ്കിനുള്ളിൽ ബന്ധുക്കൾ ഉണ്ട് അവർ കാണേണ്ട പുറത്തുനിന്നാൽ മതി എന്ന് പണം നൽകുന്ന വ്യക്തിയോട് പറഞ്ഞ ശേഷം മറ്റ് വഴിയിലൂടെ പണവുമായി മുങ്ങുന്നതാണ് ഇവരുടെ പ്രധാന മോഷണ രീതി. ഇതിനായി പ്രത്യേക മൊബൈൽ ഫോണും വാട്സ് ആപ്പ് നമ്പറും പ്രതികൾ ഉപയോഗിച്ചിരുന്നു.

Advertisement
Advertisement