വ്യാജമദ്യം: പഴുതടച്ച പരിശോധനയുമായി എക്സൈസും പൊലീസും വനംവകുപ്പും

Wednesday 26 June 2024 1:03 AM IST

പാലക്കാട്: തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വ്യാജ, വിഷ മദ്യ ലഭ്യത തടയാൻ എക്‌സൈസ്,​ പൊലീസ്, വനം വകുപ്പുകൾ സംയുക്ത പരിശോധനയ്ക്ക്. വ്യാവസായിക ആവശ്യങ്ങൾക്കു സ്പിരിറ്റ് സൂക്ഷിക്കാൻ അംഗീകൃത ലൈസൻസുള്ള സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിൽ അനുവദനീയമായ അളവിലാണു സ്പിരിറ്റ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്താനും നി‌ർദ്ദേശമുണ്ട്. ജില്ലാ തലത്തിൽ എക്‌സൈസ് ഡെപ്യൂട്ടി, അസിസ്റ്റന്റ് കമ്മിഷണർമാരാണ് പരിശോധനകൾ ഏകോപിപ്പിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ ബോർഡർ സീലിംഗ് നടത്തും. ചെമ്മണാംപതിയിൽ നിന്നു മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ 9 കന്നാസുകളിലായി 270 ലീറ്റർ സ്പിരിറ്റ് കണ്ടെടുത്തതിനെ തുടർന്ന് വ്യാജമദ്യ സാദ്ധ്യത കൂടി കണക്കിലെടുത്താണ് ഈ നീക്കം.

തെങ്ങിൻ തോപ്പുകളിലും പരിശോധന

 വനമേഖലകൾ കേന്ദ്രീകരിച്ചുള്ള വ്യാജമദ്യ നിർമ്മാണ കേന്ദ്രങ്ങൾ,​ എക്‌സൈസ് വകുപ്പ് മുമ്പ് പിടികൂടിയ വ്യാജമദ്യ വിൽപ്പന കേന്ദ്രങ്ങൾ, വ്യാജമദ്യം നിർമ്മിക്കാൻ സാധ്യതയുള്ള മറ്റിടങ്ങൾ,​ സ്ഥിരം വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധനകളുണ്ടാകും.

 വ്യാജമദ്യ നിർമ്മാണ കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

 കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്(കെമു) സംഘവും ഹൈവേ എക്‌സൈസ് ടാസ്‌ക് ടീമും വാഹന പരിശോധനകൾ നടത്തും.

 കള്ളു ചെത്തുന്ന തോപ്പുകളിലും കള്ളു ഷാപ്പുകളിലും നിരീക്ഷണം ശക്തമാക്കും.

 കള്ളിൽ വീര്യംകൂട്ടാൻ സ്പിരിറ്റും ലഹരി പൊടികളും കലർത്തുന്നുണ്ടോ എന്ന് പരിശോധിക്കും.

 ഇതുമായി ബന്ധപ്പെട്ട് ഷാപ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാനും എക്സൈസ് റേഞ്ചുകൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement
Advertisement