 ബസിൽ ഗുരുതര നിയമലംഘനങ്ങൾ 'വേഗപ്പൂട്ട് വിച്ഛേദിച്ചു, ചേസിസിന് നീളംകൂട്ടി '

Wednesday 26 June 2024 1:10 AM IST

കൊച്ചി: മാടവന ജംഗ്ഷനിൽ ഒരാളുടെ ജീവനെടുത്ത അന്തർസംസ്ഥാന ബസ് സർവീസ് നടത്തിയിരുന്നത് ഗുരുതരമായി നിയമം ലംഘിച്ചെന്ന് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തി. അമിതവേഗം നിയന്ത്രിക്കാൻ നിർബന്ധമായും ഘടിപ്പിക്കേണ്ട വേഗപ്പൂട്ട് വിച്ഛേദിച്ചിരുന്നു. ചേസിസ് മുറിച്ച് രണ്ട് മീറ്റർ നീളംകൂട്ടി. പിൻവശത്തെ ടയറുകൾ മോശമായിട്ടും മാറ്റിയില്ല... തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. തൃപ്പൂണിത്തുറ ജോയിന്റ് ആർ.ടി.ഒ, വെഹിക്കിൾ സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്.

നാഗാലാൻഡ് രജിസ്റ്റട്രേഷനിലുള്ളതാണ് അപകടത്തിൽപ്പെട്ട ലൈലാൻഡ് ബസ്. ഇതിനാൽ ബസിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിലടക്കം എം.വി.ഡിക്ക് പരിമിതികളുണ്ട്. ഗതാഗതവകുപ്പ് മുഖേനെ നാഗാലാൻഡ് സർക്കാരിന് റിപ്പോർട്ട് നൽകി നടപടി ഉറപ്പാക്കുകയാണ് ലക്ഷ്യം. നികുതി വെട്ടിപ്പിനായാണ് ബസുകൾ നാഗാലാൻഡിൽ രജിസ്റ്റർ ചെയ്യുന്നത്. ഇത്തരം ബസുകൾക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണെന്ന് എം.വി.ഡി വൃത്തങ്ങൾ പറഞ്ഞു.

ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴികൾ. ഇത് സാധൂകരിക്കുന്ന തെളിവുകൾ പക്ഷേ എം.വി.ഡിക്ക് ലഭിച്ചിട്ടില്ല. ബസിന് ഡാഷ് ക്യാമറ ഉണ്ടായിരുന്നില്ല. സമീപത്തും സി.സിടിവി ക്യാമറകളില്ല. തമിഴ്‌നാട് സ്വദേശികളായ രണ്ട് ഡ്രൈവർമാരും ഒരു ക്ലീനറുമാണ് ബസിലെ ജീവനക്കാർ. അപകടസമയം ബസ് ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി പാൽപാണ്ടി പരിക്കേറ്റ് ചികിത്സയിലാണ്. ഇയാളുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. താൻ ഉറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നാണ് രണ്ടാം ഡ്രൈവറുടെ മൊഴി. ബംഗളൂരുവിൽനിന്ന് കോഴിക്കോട് വരെയാണ് ഇയാൾ ബസ് ഓടിച്ചിരുന്നത്.

ജിജോയ്ക്ക് സഹപ്രവർത്തകരുടെ

കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി

മാടവന ജംഗ്ഷനിൽ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വാഗമൺ കോട്ടമല സ്വദേശി ജിജോ സെബാസ്റ്റ്യന് സഹപ്രവർത്തകരുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഉച്ചയോടെ ജിജോ ജോലി ചെയ്തിരുന്ന എറണാകുളം ജയലക്ഷ്മി സിൽക്‌സ് പാർക്കിംഗ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വച്ചു. ജയലക്ഷ്മി സിൽക്‌സ് ഡയറക്ടർമാരായ എൻ. നാരായണകമ്മത്ത്, എൻ. ഗോവിന്ദകമ്മത്ത്, എൻ. സുജിത്ത് കമ്മത്ത് തുടങ്ങിയവരും സഹപ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് വിലാപയാത്രയായി ജിജോയുടെ വീട്ടിൽ എത്തിച്ചു. മാതാപിതാക്കളും ഭാര്യയും മകളും കൂടെയുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് ഉളുപ്പൂണി സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.

Advertisement
Advertisement