ആദ്യ മറുപടിയുമായി സഭയിൽ മന്ത്രി കേളു

Wednesday 26 June 2024 1:18 AM IST

തിരുവനന്തപുരം: പട്ടികജാതി വിദ്യാർത്ഥികളുടെ ആനുകൂല്യത്തിൽ കുടിശ്ശിക വരുത്തില്ലെന്ന മന്ത്രി ഒ.ആർ. കേളുവിന്റെ നിയമസഭയിലെ ആദ്യ മറുപടി ഭരണപക്ഷം കൈയടിയോടെ വരവേറ്റു. പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങൾ സംബന്ധിച്ച മാണി സി. കാപ്പന്റെ ചോദ്യത്തിനായിരുന്നു മറുപടി.

വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റ് കുടിശ്ശിക വരുത്താതിരിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. മറുപടി നൽകാൻ മന്ത്രി എഴുന്നേറ്റപ്പോഴും കരഘോഷത്തോടെ എതിരേറ്റു.കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് കേന്ദ്രം റദ്ദാക്കിയപ്പോൾ, സംസ്ഥാന സർക്കാർ വരുമാന പരിധിയില്ലാതെ നൽകുന്നുണ്ട്. സാങ്കേതിക സഹായം നൽകുന്നതിന് കേന്ദ്രം കാലതാമസം വരുത്തിയതാണ് കുടിശ്ശിക വരാൻ കാരണം. സാങ്കേതിക സഹായം ലഭിച്ചാലുടൻ കുടിശ്ശിക തീർക്കും. 2024-25 വർഷം പോസ്റ്റ് മെട്രിക് ആനുകൂല്യങ്ങൾക്കായി 223 കോടി വകയിരുത്തി. ഇതിൽ 46 കോടി രൂപ വിതരണം ചെയ്തെന്നും മന്ത്രി അറിയിച്ചു.