ജൂലിയൻ അസാൻജ് ജയിൽ മോചിതൻ

Wednesday 26 June 2024 1:25 AM IST

ലണ്ടൻ: അമേരിക്കയുടെ പ്രതിരോധ രഹസ്യം ചോർത്തിയെന്ന കുറ്റത്തിന് അഞ്ച് വർഷം ജയിലിലായിരുന്ന വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് (52) മോചിതനായി. ഒരു കുറ്റം സമ്മതിക്കാമെന്ന് കരാറുണ്ടാക്കിയതോടെയാണ് മോചനത്തിന് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് മോചനം നൽകിയത്. ഇന്നലെത്തന്നെ അസാൻജ് സ്വദേശമായ ഓസ്ട്രേലിയയിലേക്ക് മടങ്ങി.

യു.എസ് രഹസ്യങ്ങൾ ചോർത്തിയ കുറ്റത്തിന് ലണ്ടനിലെ ബെൽമാർഷ് ജയിലിൽ തടവിലായിരുന്നു അസാൻജ്. അതീവ രഹസ്യമായ ആയിരക്കണക്കിന് സൈനിക, നയതന്ത്ര രേഖകൾ തന്റെ വെബ്സൈറ്റായ വിക്കിലീക്‌സിലൂടെ പരസ്യപ്പെടുത്തിയതിന് 18 ക്രിമിനൽ കുറ്റങ്ങളാണ് യു.എസ് അസാൻജിനെതിരെ ചുമത്തിയിരുന്നത്. അതിൽ ഒരു കുറ്റമാണ് സമ്മതിച്ചത്. അതിന് 62 മാസമാണ് തടവ്ശിക്ഷ. ബ്രിട്ടീഷ് ജയിലിൽ കഴിഞ്ഞ അഞ്ച് വർഷം ശിക്ഷയായി കണക്കാക്കിയാണ് മോചനം.

 പുറത്തായത് അഫ്ഗാൻ, ഇറാഖ് യുദ്ധ രഹസ്യം

2010ലാണ് യു.എസിനെ ഞെട്ടിച്ച് അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങളുടേത് അടക്കം രഹസ്യ രേഖകളും വീഡിയോ ദൃശ്യങ്ങളും മറ്റും വിക്കിലീക്സ് പുറത്തുവിട്ടത്. 2019ൽ അമേരിക്കൻ ഫെഡറൽ കോടതി അസാൻജിനെതിരെ ചാരവൃത്തിയുൾപ്പെടെ 18 കുറ്റങ്ങൾ ചുമത്തി. 175വർഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളിൽ വിചാരണ ചെയ്യാൻ അസാൻജിനെ കൈമാറണമെന്ന യു.എസ് ആവശ്യം 2022ൽ ബ്രിട്ടൻ അംഗീകരിച്ചിരുന്നു. അതിനിടെ ലൈംഗിക പീഡന കേസിൽ സ്വീഡന് കൈമാറുന്നതിൽ നിന്ന് രക്ഷപ്പെടാൻ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷം അഭയം തേടി. 2019ൽ ഇക്വഡോർ അഭയം പിൻവലിച്ചതോടെയാണ് അസാൻജ് ജയിലിലായത്. സ്വീഡനിലെ പീഡന കേസ് പിന്നീട് റദ്ദാക്കി.

Advertisement
Advertisement