110 കെ.വി ലൈൻ പദ്ധതിക്കെതിരെ ബഹുജന മാർച്ച് നടത്തി

Wednesday 26 June 2024 1:18 AM IST

കട്ടപ്പന :കാഞ്ചിയാർ പഞ്ചായത്തിലെ ജനവാസ മേഖലയിലൂടെ 110 കെവി ഡബിൾ സർക്യൂട്ട് ലൈൻ വലിക്കാനുള്ള തീരുമാനത്തിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന 66 കെ.വി സബ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
പോത്തുപാറയിൽ നിന്ന് കട്ടപ്പന സബ് സ്റ്റേഷനിലേക്ക് 22 മീറ്റർ വീതിയിൽ 110 കെ വി ഡബിൾ സർക്യൂട്ട് ലൈൻ വലിക്കുമ്പോൾ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 350 ഓളം കുടുംബങ്ങളെ ഭീഷണിയിൽ ആക്കുന്ന നിലവിലെ സർവ്വെക്ക് പകരം തേക്ക് പ്ലാന്റേഷനിലൂടെയോ ഭൂഗർഭ കേബിൾ മുഖേനയോ ലൈൻ വലിക്കണം.നിലവിലുള്ള സർവേ പ്രകാരം ലൈൻ വലിക്കാൻ 40 ടവർ ആവശ്യമാണ്. എന്നാൽ തേക്ക് പ്ലാന്റേഷനിലൂടെ വലിച്ചാൽ 25 ടവർ മാത്രം മതിയാകും. എന്നാൽ ജനവാസ മേഖലയിലൂടെ പദ്ധതി നടപ്പിലാക്കാനുള്ള നീക്കമാണ് വൈദ്യുതി വകുപ്പ് നടത്തുന്നത്. നീക്കം തുടർന്നാൽ ശക്തമായ സമരപരിപാടികൾകളിലേക്ക് കടക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം. കട്ടപ്പന പഴയ ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച സമരം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

വൈദ്യുതിമന്ത്രിക്ക്

കത്ത് നൽകി

കാഞ്ചിയാർ പഞ്ചായത്തിലൂടെ കടന്നു പോകുന്ന നിർദിഷ്ട ടവർ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് ഉന്നതതല യോഗം വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണണൻകുട്ടിക്ക് മന്ത്രി റോഷി അഗസ്റ്റിൻ കത്ത് നൽകി. ആവശ്യമെങ്കിൽ പദ്ധതിയുടെ അലൈൻമെന്റ് മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ.

Advertisement
Advertisement