ലോക്‌സഭാ സ്‌പീക്കർ: ഒാം ബിർളയും കൊടിക്കുന്നിലും മത്സരത്തിന്

Wednesday 26 June 2024 12:42 AM IST

ന്യൂഡൽഹി: പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ ബി.ജെ.പിക്ക് കഴിയാതിരുന്നതോടെ ലോക്‌സഭാ സ്‌പീക്കർ സ്ഥാനത്തേക്ക് മത്സരം. ബി.ജെ.പി മുൻ സ്‌പീക്കർ ഓം ബിർളയെയും കോൺഗ്രസ് മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷിനെയും നിർദ്ദേശിച്ചു. ഇന്ന് രാവിലെ 11നാണ് തിരഞ്ഞെടുപ്പ്. എൻ.ഡി.എക്ക് ഭൂരിപക്ഷമുള്ളതിനാൽ ഒാം ബിർള വീണ്ടും സ്‌പീക്കറാവും.

തിങ്കളാഴ്ച രാത്രി എൻ.ഡി.എ യോഗമാണ് ഒാം ബിർളയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. ഇന്നലെ രാവിലെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെ ഫോണിൽ വിളിച്ച് നടത്തി. കേന്ദ്ര മന്ത്രി അമിത് ഷായുടെ ഒാഫീസിൽ നിന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെയും ഡി.എം.കെയുടെ ടി.ആർ. ബാലുവിനെയും വിളിച്ച് ചർച്ച ചെയ്തു.

കൊടിക്കുന്നിലിനെ ഡെപ്യൂട്ടി സ്‌പീക്കറാക്കിയാൽ ഒാം ബിർളയെ പിന്തുണയ്‌ക്കാമെന്ന് പ്രതിപക്ഷം അറിയിച്ചു. രണ്ടു പദവികളും ഒന്നിച്ച് തീരുമാനിക്കാനാവില്ലെന്ന് ബി.ജെ.പി മന്ത്രിമാർ അറിയിച്ചു. തുടർന്ന് ഇന്നലെ രാവിലെ പ്രതിപക്ഷം കൊടിക്കുന്നിലിനെയും ബി.ജെ.പി ഒാം ബിർളയെയും സ്ഥാനാർത്ഥികളായി നിശ്‌ചയിച്ച് പ്രമേയത്തിന് നോട്ടീസ് നൽകി.

 എൻ.ഡി.എയ്‌ക്ക് 293 അംഗങ്ങളുടെ പിന്തുണ

ഇന്നു രാവിലെ 11ന് ആദ്യ അജണ്ടയാണ് സ്‌പീക്കർ തിരഞ്ഞെടുപ്പ്. ഒാം ബിർളയെ നിർദ്ദേശിക്കുന്ന ബി.ജെ.പി പ്രമേയം വോട്ടിനിടുമ്പോൾ 293 അംഗങ്ങളുടെ ഭൂരിപക്ഷ പിന്തുണയുള്ളതിനാൽ ഒാം ബിർള തിരഞ്ഞെടുക്കപ്പെടും. നാല് അംഗങ്ങളുള്ള പ്രതിപക്ഷത്തെ വൈ.എസ്.ആർ കോൺഗ്രസും ബിർളയെ പിന്തുണയ്‌ക്കും.

സ്പീക്കർ ചരിതം:

1952: കോൺഗ്രസിന്റെ ജി.വി മാവ്‌ലങ്കറും പി.ഡബ്ളിയു.പി.ഐയുടെ ശങ്കർ ശാന്താറാം മോറെയും തമ്മിൽ. മാവ്‌ലങ്കർ ആദ്യ സ്‌പീക്കറായി.

1976: കോൺഗ്രസിന്റെ ബി.ആർ. ഭഗതും കോൺഗ്രസ് ഒ. അംഗം ജഗന്നാഥറാവു ജോഷിയും തമ്മിൽ. ഭഗത് തിരഞ്ഞെടുക്കപ്പെട്ടു.

1991: കോൺഗ്രസിന്റെ ശിവരാജ് പാട്ടീലും ബി.ജെ.പിയുടെ ജസ്‌വന്ത് സിംഗും തമ്മിൽ. ശിവ്‌രാജ് പാട്ടീൽ തിരഞ്ഞെടുക്കപ്പെട്ടു

1998: ജി.എം.സി. ബാലയോഗിയും (ടി.ഡി.പി) കോൺഗ്രസിന്റെ പി.എ. സാഗ്‌മയും തമ്മിൽ. ബാലയോഗി സ്‌പീക്കറായി.

ഒാം ബിർള:

2014 മുതൽ രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബി.ജെ.പി എം. പി. മൂന്നു തവണ എം.എൽ.എ. 17-ാം ലോക്‌സഭയിൽ സ്‌പീക്കർ. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്‌തൻ.

കൊടിക്കുന്നിൽ സുരേഷ്:

കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് ദളിത് നേതാവ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തൻ. അടൂർ, മാവേലിക്കര മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എട്ടു തവണ എംപി. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ്. 17-ാം ലോക്‌സഭയിൽ കോൺഗ്രസ് ചീഫ് വിപ്പ്. ഉപനേതാവ്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്.

Advertisement
Advertisement