കേജ്‌രിവാളിന് ജാമ്യമില്ല; വിചാരണ കോടതിക്ക് ഹൈക്കോടതി വിമർശനം
ന്യൂഡൽഹി:മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിലിൽ തുടരും. വിചാരണ കോടതി ജൂൺ 20ന് അനുവദിച്ച ജാമ്യം ഇ.ഡിയുടെ അപ്പീലിൽ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഇ.ഡിയുടെ വാദമുഖങ്ങൾ പരിശോധിക്കാതെയാണ് വിചാരണ കോടതി ജാമ്യം നൽകിയതെന്ന് ഇന്നലെ ഇറക്കിയ അന്തിമ വിധിയിൽ ജസ്റ്റിസ് സുധീർ കുമാർ ജെയിൻ വിമർശിച്ചു. അതേസമയം, ഹൈക്കോടതി ഉത്തരവ് വൈകിയതിനെതിരെ കേജ്‌രിവാൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
മുഴുവൻ രേഖകളും പരിശോധിച്ചിട്ടില്ലെന്ന വിചാരണ ജഡ്ജിയുടെ നിരീക്ഷണത്തിൽ ഹൈക്കോടതി അതൃപ്‌തി രേഖപ്പെടുത്തി. ആ നിരീക്ഷണം നീതീകരിക്കപ്പെടാത്തതാണ്. ആയിരക്കണക്കിന് പേജുകളിലുള്ള രേഖകൾ പരിശോധിക്കാനുള്ള കഴിവില്ലായ്മ പ്രകടിപ്പിച്ച ജഡ്‌ജിക്ക് പ്രസക്തമായ വാദങ്ങളും തർക്കങ്ങളും എങ്ങനെ മനസിലാക്കാൻ കഴിയുമെന്നും ജസ്റ്റിസ് സുധീർ കുമാർ ജെയിന്റെ വിധിയിൽ ചോദിക്കുന്നു.
വാദിക്കാൻ അവസരം നൽകിയില്ലെന്നും മുഴുവൻ രേഖകളും പരിഗണിച്ചശേഷമല്ല, വിചാരണ കോടതി വിധിയെന്നുമുള്ള ഇ.ഡിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇ.ഡി പക്ഷപാതപരമായിട്ടാണ് പ്രവർത്തിക്കുന്നത് എന്നതടക്കം വിചാരണ കോടതി നടത്തിയ നിരീക്ഷണം അനാവശ്യവും സന്ദർഭത്തിന് യോജിക്കാത്തതുമാണ്. അത്തരം നിരീക്ഷണങ്ങൾ ഒഴിവാക്കണം. വിധി പ്രസ്‌താവിക്കുന്ന സമയത്ത് പ്രധാനപ്പെട്ടതും പ്രസക്തവുമായ എല്ലാ രേഖകളും പരിഗണിക്കേണ്ടതുണ്ട്. അതിനുള്ള വാദങ്ങൾക്ക് അവസരം നൽകണം.
ജൂൺ 20ന് റോസ് അവന്യു കോടതിയിലെ അവധിക്കാല ബെഞ്ച് ജാമ്യം നൽകിയത് ചോദ്യം ചെയ്‌ത് ഇ.ഡി ജൂൺ 21നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാക്കുംവരെ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്‌തു. വാദങ്ങൾ കേട്ടശേഷം ഹൈക്കോടതി അന്തിമവിധി മാറ്റിവച്ചതിനെ തുടർന്നാണ് കേജ്‌രിവാൾ സുപ്രീകോടതിയെ സമീപിച്ചത്. ഹൈക്കോടതി നടപടി അസാധാരണമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
സി.ബി.ഐ ജയിലിൽ അറസ്റ്റ് ചെയ്തു
മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സി.ബി. ഐ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതേ കേസിൽ ഇഡി അറസ്റ്റു ചെയ്ത കേജ്രിവാളിനെ തീഹാർ ജയിലിൽ നിന്നാണ് അറസ്റ്റു ചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ നേരത്തെ കേജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അറസ്റ്റുണ്ടായത് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ ഭാഗത്ത് നിന്നാണ്.
കഴിഞ്ഞ ദിവസം വിചാരണ കോടതിയിൽ ജാമ്യാപേക്ഷയിലുള്ള വാദത്തിൽ സി.ബി.എ കേസിൽ അറസ്റ്റില്ലെന്ന് കേജ്രിവാളിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. കേസിന് ബലം നൽകാൻ ലക്ഷ്യമിട്ടാണ് സി.ബി.ഐ നടപടി. മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തിഹാർ ജയിലിലുള്ള ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിക്കാത്തതിന് സി.ബി.ഐ കേസ് ഒരു ഘടകമാണ്.
നിരാഹാര സമരം അവസാനിപ്പിച്ച് അതിഷി
ന്യൂഡൽഹി: ജലക്ഷാമം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ജലമന്ത്രി അതിഷി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അഞ്ചു ദിവസമായി സമരം ചെയ്യുന്ന അതിഷിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെ പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അതിഷി സമരം അവസാനിപ്പിച്ചെന്ന് ആംആദ്മി പാർട്ടി നേതാവും എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. നിരാഹാര സമരത്തെ തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി കുറഞ്ഞ് അസ്വസ്ഥതകളുണ്ടായപ്പോളാണ് രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റിയത്.