കെനിയയിൽ പ്രക്ഷോഭം: 5 മരണം

Wednesday 26 June 2024 7:29 AM IST

നെയ്റോബി: നികുതി വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ നടന്ന പ്രക്ഷോഭത്തിനിടെ അഞ്ച് പേരെ പൊലീസ് വെടിവച്ചു കൊന്നു. മരണ സംഖ്യ ഉയർന്നേക്കും. 50ലേറെ പേർക്ക് പരിക്കേറ്റു. അക്രമാസക്തരായ പ്രക്ഷോഭകാരികൾ പാർലമെന്റിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് വെടിവയ്പും കണ്ണീർവാതക പ്രയോഗവും നടത്തുകയായിരുന്നു. എം.പിമാർ പാർലമെന്റിന്റെ ബേസ്മെന്റിലടക്കം അഭയം തേടി. ഇവരെ ഭൂഗർഭ ടണലിലൂടെ പൊലീസ് പുറത്തെത്തിച്ചു. പാർലമെന്റിന്റെ ഒരു ഭാഗത്തിനും നെയ്റോബി സിറ്റി ഹാളിനും പ്രക്ഷോഭകാരികൾ തീയിട്ടു. നികുതി വർദ്ധനയ്ക്കുള്ള ധനകാര്യ ബില്ല് ഇന്നലെ പാർലമെന്റിൽ പാസാക്കിയതിന് പിന്നാലെയാണ് ജനരോഷം ആളിക്കത്തിയത്. യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ അർദ്ധ സഹോദരിയും കെനിയൻ ആക്ടിവിസ്റ്റുമായ ഓമ ഒബാമയും പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്നു. ഓമയ്ക്ക് നേരെയും കണ്ണീർവാതക പ്രയോഗമുണ്ടായെന്നാണ് റിപ്പോർട്ട്. രാജ്യമെമ്പാടും ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടു.

Advertisement
Advertisement