ചൈനയുടെ 'ചാങ്ങ് ഇ 6" തിരിച്ചെത്തി  ചന്ദ്രന്റെ വിദൂര വശത്തെ സാമ്പിൾ ശേഖരിച്ച ആദ്യ പേടകം

Wednesday 26 June 2024 7:34 AM IST

ബീജിംഗ്: ചന്ദ്രന്റെ വിദൂര വശത്തെ (ഭൂമിയിൽ നിന്ന് കാണാനാകാത്ത ഭാഗം) ദക്ഷിണ ധ്രുവത്തിൽ നിന്ന് ശേഖരിച്ച മണ്ണുമായി ചൈനയുടെ 'ചാങ്ങ് ഇ 6" പേടകം ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.37ന് ചൈനയിലെ ഇന്നർ മംഗോളിയ മരുഭൂമിയിൽ പേടകമിറങ്ങി. പേടകത്തെ ബീജിംഗിൽ എത്തിച്ച ശേഷം സാമ്പിൾ പുറത്തെടുക്കും.

ജൂൺ 1നാണ് ചന്ദ്രന്റെ വിദൂര വശത്തെ എയ്റ്റ്കിൻ ഗർത്തത്തിൽ ചാങ്ങ് ഇ 6 പേടകം ലാൻഡ് ചെയ്തത്. റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ രണ്ട് കിലോഗ്രാം പാറയും മണ്ണും ശേഖരിച്ച ശേഷം ജൂൺ 3ന് ഭൂമിയിലേക്ക് തിരിച്ചു. മേയ് മൂന്നിന് ഹയ്‌നാനിൽ നിന്നായിരുന്നു ചാങ്ങ് ഇ 6 പേടകത്തിന്റെ വിക്ഷേപണം.

ചന്ദ്രന്റെ വിദൂര വശത്ത് നിന്ന് സാമ്പിൾ ശേഖരിച്ച ആദ്യ പേടകമാണ് ചാങ്ങ് ഇ 6. ചന്ദ്രന്റെ വിദൂര വശത്ത് പേടകമിറക്കിയ ഏക രാജ്യവും ചൈനയാണ്. 2019ൽ ' ചാങ്ങ് ഇ 4" ദൗത്യത്തിലൂടെയായിരുന്നു ചൈന ആദ്യമായി ഈ നേട്ടം കൈവരിച്ചത്. 2020ൽ ചാങ്ങ് ഇ 5 പേടകം ഭൂമിക്ക് അഭിമുഖമായ ചാന്ദ്ര അർദ്ധഗോളത്തിൽ നിന്ന് 1.7 കിലോഗ്രാം സാമ്പിൾ ശേഖരിച്ച് തിരിച്ചെത്തിയിരുന്നു.

Advertisement
Advertisement