കളിയിക്കാവിള കൊലപാതകം; പിടിയിലായത് ഇരട്ടക്കൊലക്കേസിലെ പ്രതി ചൂഴാറ്റുകോട്ട   അമ്പിളി, മുൻ ഗുണ്ടാത്തലവൻ

Wednesday 26 June 2024 10:38 AM IST

തിരുവനന്തപുരം: കോയമ്പത്തൂരിലേക്ക് പോയ ക്രഷർ ഉടമ ദീപുവിനെ കാറിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പിടിയിലായത് തലസ്ഥാനത്തെ മുൻ ഗുണ്ടാത്തലവനായ ചൂഴാറ്റുകോട്ട അമ്പിളിയാണെന്ന് റിപ്പോർട്ട്. തലസ്ഥാനനഗരത്തിൽ നിന്ന് പിടിയിലായ ഇയാളെ തമിഴ്‌നാട് പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. ഉടൻതന്നെ അറസ്റ്റ് രേഖപ്പെടുത്തും.

ദീപുവിന്റെ സ്ഥാപനത്തിലെ ജീവനക്കാർ പൊലീസിന് നൽകിയ ചില സൂചനകളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലയം സ്വദേശിയായ അമ്പിളി എന്ന ഷാജിയിലേക്ക് അന്വേഷണം എത്തിയത്. ഇയാൾ പണമാവശ്യപ്പെട്ട് ദീപുവിനെ നേരത്തേയും ഭീഷണിപ്പെടുത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എന്തിനായിരുന്നു കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. അമ്പത്തൊമ്പതുകാരനായ ഇയാൾ ഇപ്പോൾ സ്പിരിറ്റ്, ക്വാറി, മണ്ണുമാഫിയകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾ കടുത്ത വൃക്കരോഗത്തിന് ചികിത്സയിലാണ്.

ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘമാണെന്ന സൂചന നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. പണമാവശ്യപ്പെട്ട് അടുത്തിടെ ഗുണ്ടാസംഘം ദീപുവിനെ വിളിച്ചിരുന്നതായി ഭാര്യ വിധു മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യം പത്തുലക്ഷവും പിന്നീട് അഞ്ച് ലക്ഷവും ആവശ്യപ്പെട്ടെന്ന് ദീപു പറഞ്ഞിരുന്നു. പണം നൽകാതായപ്പോൾ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി.

മറ്റൊരു സംഘം 50 ലക്ഷം ആവശ്യപ്പെട്ടു. അച്ഛൻ രണ്ടുമാസം മുൻപ് ഇക്കാര്യങ്ങൾ തന്നോടും പറഞ്ഞിരുന്നെന്ന് മകൻ മാധവ് പറഞ്ഞു. ആക്രിക്കച്ചവടം നടത്തുന്ന നെടുമങ്ങാട് സ്വദേശിയുമായുള്ള തർക്കത്തെ തുടർന്ന് ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും ഇവർ വ്യക്തമാക്കി. കൊലപാതകത്തിൽ ആക്രികച്ചവടക്കാരന് ബന്ധമുണ്ടെന്ന് തുടക്കത്തിൽ പൊലീസിന് സംശയമുണ്ടായിരുന്നു.

ജീവനക്കാരെ ഉൾപ്പടെ ഒഴിവാക്കി ദീപു അമ്പിളിയുമായി എന്തിന് കാറിൽ കോയമ്പത്തൂരിലേക്ക് പോയി എന്നതാണ് ഇനി കണ്ടെത്തേണ്ടത്. മൂക്കുന്നിമലയിൽ ദീപുവിന് ഒരു ക്വാറി ഉണ്ടായിരുന്നു. ഇതിനടുത്താണ് അമ്പിളിയുടെ വീട്. ഇയാൾ ക്വാറിക്ക് സംരക്ഷണം നൽകിയിരുന്നാേ എന്നും അന്വേഷിക്കുന്നുണ്ട്. ചോദ്യംചെയ്യലിലൂടെ എല്ലാ ചോദ്യത്തിനും ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

തിരുവനന്തപുരം കൈമനം വിവേക് നഗർ ദിലീപ് ഭവനിൽ സോമന്റെ മകൻ ദീപുവിനെ(45) ഇന്നലെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കളിയിക്കാവിളയ്ക്ക് സമീപം പടന്താലുംമൂട്ടിൽ തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഇയാളുടെ കൈയിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊലയാളി കവർന്നിരുന്നു.

12 വർഷം മുമ്പ് മലയിൻകീഴ് അണപ്പാട് വച്ച വീട്ടിലാണ് ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം ദീപു താമസിച്ചിരുന്നത്. വീടിനോട് ചേർന്ന് ജെസിബി, ഹിറ്റാച്ചി എന്നിവയുടെ വർക്ക്ഷോപ്പും സ്‌പെയർപാർട്സ് വില്‌പനയുമുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6.30നാണ് വീട്ടിൽ നിന്ന് ദീപു മഹീന്ദ്ര കാറിൽ പണവുമായി പോയത്. നെയ്യാറ്റിൻകരയിൽ നിന്ന് മെക്കാനിക്കും തക്കലയിൽ നിന്ന് മറ്റൊരാളും ഒപ്പമുണ്ടാകുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു.

തമിഴ്നാട്ടിലെ കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ റോഡിലാണ് കാർ കണ്ടെത്തിയത്. ബോണറ്റ് തുറന്ന നിലയിലായിരുന്നു. സ്റ്റാർട്ടായിരുന്ന കാറിന്റെ ആക്‌സിലേറ്ററിൽ ദീപുവിന്റെ കാൽ അമർന്നിരുന്നു. അരമണിക്കൂറോളം കാർ റൈസായിക്കിടന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് ഡ്രൈവർ സീറ്റിൽ ചോരയിൽ കുളിച്ച് ഒരാൾ കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതോടെ പൊലീസെത്തിയാണ് മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്.

Advertisement
Advertisement