യാത്രാ സമയം മൂന്ന് മണിക്കൂർ കുറയും; ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ സർവീസ്

Wednesday 26 June 2024 11:33 AM IST

ന്യൂഡൽഹി: തിരക്കുള്ള റൂട്ടിൽ ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയുമായി റെയിൽവേ. പാറ്റ്നയ്ക്കും ന്യൂഡൽഹിക്കും ഇടയിലായിരിക്കും തുടക്കത്തിൽ ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കുക എന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. ബുള്ളറ്റ് ട്രെയിനുകൾ ഓടിത്തുട‌ങ്ങുന്നതിലൂടെ പാറ്റ്നയ്ക്കും ഡൽഹിക്കുമിടയിലുള്ള യാത്രാസമയത്തിൽ മൂന്നുമണിക്കൂർ കുറയ്ക്കാനാവും. നിലവിൽ പതിനേഴുമണിക്കൂറാണ് യാത്രാസമയം.

ഡൽഹി-മുംബയ് അതിവേഗ റെയിൽ ഇടനാഴിയുടെ ഭാഗമായാണ് പാറ്റ്നയ്ക്കും ന്യൂഡൽഹിക്കും ഇടയിൽ ബുള്ളറ്റ് ട്രെയിനുകൾ എത്തുന്നത്. വന്ദേഭാരത് ട്രെയിനുകൾക്ക് പിന്നാലെ ഇന്ത്യ സ്വയം നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിനുകളായിരിക്കും അതിവേഗ റെയിൽ ഇടനാഴികളിലൂടെ കുതിച്ചുപായുക. മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗത്തിൽ ഇവയ്ക്ക് സഞ്ചരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ബുള്ളറ്റ് ട്രെയിനുകളുടെയും നിർമ്മാണം.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള ജോലികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. എയറോ ഡൈനാമിക് ഡിസൈനിലുള്ള ബുള്ളറ്റ് ട്രെയിനുകൾ 2028ഓടെ ഓടിത്തുടങ്ങുമെന്നാണ് റെയിൽവെ മന്ത്രാലയം നേരത്തെ അറിയിച്ചത്.

പാറ്റ്‌ന-ന്യൂഡൽഹി റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ അവതരിപ്പിക്കുന്നത് ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഒരു പുതിയ യുഗത്തിന് നാന്ദികുറിക്കും. കേവലം സൗകര്യത്തിനപ്പുറം യാത്രാ രീതികൾ പുനഃക്രമീകരിക്കാനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും സാംസ്കാരിക ബന്ധങ്ങൾ ആഴത്തിലാക്കാനും ഇതിലൂടെ കഴിയും. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ ഇതിന്റെ പ്രയോജനങ്ങൾ ലഭിച്ചുതുടങ്ങും എന്നാണ് കരുതുന്നത്.

1050 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് അതിവേഗ റെയിൽ ഇടനാഴി. മദ്ധ്യ ഇന്ത്യയിലെ പ്രധാന നഗരങ്ങൾ ഇതിന്റെ പരിധിയിൽ വരും. ഭൂമി ഏറ്റെടുക്കുന്നതിനുൾപ്പടെയുള്ള ചെലവ് കാര്യമായി കുറച്ചുകൊണ്ടായിരക്കും അതിവേഗ റെയിൽപ്പാതകൾ നിലവിൽ വരുന്നത്. യാത്രാസമയത്തിൽ വരുന്ന ഗണ്യമായ കുറവ് വലിയൊരു വിപ്ളവം തന്നെയാകും എന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്.

ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമായ യാത്ര ലഭ്യമാകുന്നതോടെ വ്യവസായികൾ ഉൾപ്പടെയുള്ളവർ ബുള്ളറ്റ് ട്രെയിനുകളെ കൂടുതൽ ആശ്രയിക്കും .വിനോദസഞ്ചാരത്തിനും അതിവേഗ ട്രെയിനുകൾ കാര്യമായ പ്രയോജനം ഉണ്ടാക്കും. ഇതെല്ലാം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനുൾപ്പടെ കാര്യമായ പുരോഗതി ഉണ്ടാക്കും എന്നാണ് കരുതുന്നത്.

Advertisement
Advertisement