എങ്ങനെ മനസിലായി?" ഡോക്ടറുടെ അത്ഭുതം കലർന്ന ചോദ്യം, എനിക്ക് ചില സിദ്ധികളൊക്കെയുണ്ടെന്ന് മോഹൻലാൽ

Wednesday 26 June 2024 12:44 PM IST

സൗഹൃദങ്ങൾക്ക് എന്നും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിത്വമാണ് മോഹൻലാൽ. സിനിമയ‌്ക്കുള്ളിലും പുറത്തും വൈവിദ്ധ്യമാർന്ന മേഖലകളിൽ അദ്ദേഹത്തിന്റെ സൗഹൃദവലയം വ്യാപിച്ചു കിടക്കുന്നു. അത്തരം സുഹൃത്തുക്കളുടെ ലാൽഅനുഭവങ്ങൾ പ്രേക്ഷകർ എത്രയോ തവണ വായിച്ചിരിക്കുന്നു. ഓരോവായനവും മോഹൻലാൽ എന്ന വ്യക്തിയെ കുറിച്ചുള്ള പുതിയ അറിവുകൾ വായനക്കാരന് നൽകുന്നു.

എഴുത്തുകാരനായ ഹരീഷ് ബാബുവിന്റെതാണ് അത്തരത്തിൽ ഏറ്റവും പുതിയ വായനാനുഭവം നൽകുന്നത്. സുഹൃത്തും ഡോക്‌ടറുമായ ആര്യാദത്തം ശ്രീജിത്തുമായി തൊടുപുഴയിലെ ലൊക്കേഷനിൽ എത്തിയാണ് ഹരീഷ് ലാലിനെ കണ്ടത്. തുടർന്നുണ്ടായ അനുഭവം ഹരീഷ് ബാബുവിന്റെ വാക്കുകൾ.

''മായാലഹരിയും ലാലേട്ടനും

****************************** "ഹരീഷ് ഏട്ടാ നാളെ ക്ലാസ്സൊന്നും ഏൽക്കണ്ട, ഒരിടംവരെ പോകാനുണ്ട്". പ്രിയ സഹോദരൻ ശ്രീജിത്ത് ഡോക്ടറുടെ ഫോൺ. "എവിടേക്കാണ് സഹോദരാ പോകുന്നത്?

"തൊടുപുഴ വരെ പോണം. അങ്ങയുടെ മായാലഹരിയുടെ സൗന്ദര്യാനന്ദം ലാൽ സാറിന് നേരിട്ട് സമർപ്പിക്കാൻ, ഒഴികിഴിവൊന്നും പറയണ്ട".

"Okk"

രാവിലെ ആറ് മണിക്ക് തൊടുപുഴക്ക് പുറപ്പെട്ടു. ഒരു 9.45 ന് തൊടുപുഴ മൂൺലിറ്റ് ഹോട്ടലിൽ എത്തി. അപ്പോഴേക്കും ലാലേട്ടൻ ഷൂട്ടിനായി ലോക്കേഷനിലേക്ക് പോയി. "നിങ്ങൾ ഹോട്ടലിൽ വൈറ്റ് ചെയ്താൽ മതി, ലാലേട്ടൻ കുറച്ച് കഴിഞ്ഞാൽ തിരിച്ചു വരും" ലാലേട്ടൻ്റെ മാനേജർ ഡോക്ടറെ വിളിച്ച് പറഞ്ഞു. ഞങ്ങൾ ഹോട്ടലിൽ ഇരിപ്പായി. അപ്പോഴേക്കും ശശി എന്ന അവിടത്തെ ഫാൻസിൻ്റെ സെക്രട്ടറിയും വന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും വിവരമൊന്നുമില്ല. കുറച്ചുകഴിഞ്ഞപ്പോൾ മാനേജർ പിന്നെയും വിളിച്ചു. "ലോക്കേഷനിൽ കാണാം, അങ്ങോട്ട് വരൂ".

11 കിലോമീറ്റർ അകലെയുള്ള ലോക്കേഷനിലേക്ക് ഞങ്ങൾ പുറപ്പെട്ടു. അവിടെയെത്തിയപ്പോൾ റോഡിലാണ് ഷൂട്ട്. വലിയ തിരക്കൊന്നുമില്ല. യൂണിറ്റിലെ മിക്കവരും ഡോക്ടറെയും, ശശിയേയും പരിചയമുള്ളതിനാൽ അവിടെ സംസാരിച്ചിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ മാനേജർ വന്ന് ലാലേട്ടൻ ഡോക്ടറെ അന്വേഷിക്കുന്നു എന്ന് പറഞ്ഞു. റോഡ് ക്രോസ് ചെയ്ത് മറുപുറം കടന്ന ഞങ്ങൾ അവിടെ ഒരു ബൈക്കിൽ ഇരിക്കുന്ന ലാലേട്ടനെ കണ്ടു. ഹൃദയത്തിൽ ഒരു ആനന്ദ തിര ഉയർന്നു. സീൻ എടുക്കുന്നത് ശരിയാകുന്നില്ല. പിന്നെയും പിന്നെയും എടുക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മാനേജർ വന്ന് ഡോക്ടറെയും കൊണ്ട് റോഡിൽ കിടക്കുന്ന ഒരു ഇന്നോവയിലേക്ക് അപ്രത്യക്ഷമായി. ഞാൻ പുറകെ ചെന്ന് വാഹനത്തിന് അടുത്ത് കാത്തുനിന്നു. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഡോർ തുറന്ന് "ഹരീഷേട്ടാ വാ" എന്ന് ഡോക്ടർ കൈ കാട്ടി വിളിച്ചു. ഞാൻ അകത്ത് കയറി. ഒന്ന് അദ്ഭുതപ്പെടാൻപോലും സമയം തരാതെ "നമസ്ക്കാരം" എന്ന് പറഞ്ഞു ലാലേട്ടൻ കൈ കൂപ്പുകയും പിന്നീട് എൻ്റെ കൈ അദ്ദേഹത്തിൻ്റെ കൈക്കുള്ളിലാക്കുകയും ചെയ്തു.

"പറയൂ, എന്തൊക്കെയുണ്ട് വിശേഷം?" ചെറുപ്പം മുതൽ സിനിമകളിലൂടെ കാതിൽ മുഴങ്ങുന്ന ആ ശബ്ദം തൊട്ടരികിൽ. ഞാൻ വാക്കുകൾക്കായി ഒന്ന് തപ്പി, "സുഖം, സന്തോഷം ലാലേട്ടാ".

"ഹരീഷേട്ടനെഴുതിയ സൗന്ദര്യലഹരിയെ ആസ്പദമാക്കിയുള്ള ഈ പുസ്തകം ലാൽ സാറിന് തരുന്ന ചടങ്ങ് നടത്താൻ വേണ്ടി വന്നതാ" ഡോക്ടർ പറഞ്ഞു.

"ഓ ഇതിന് ചടങ്ങൊക്കെ ഉണ്ടോ?"

ചിരിയോടെ ലാലേട്ടൻ ചോദിച്ചു. "വായിക്കുമ്പോൾ ഇതിലെ ഇരുപത്തിഏഴാം ശ്ലോകം ആദ്യം വായിക്കണം." ഡോക്ടർ ലാലേട്ടനെ നിർബന്ധിച്ചു.

"എന്നാൽ അതിങ്ങ് തരൂ, നോക്കട്ടെ"

ലാലേട്ടൻ്റെ നീട്ടിയ കൈകളിലേക്ക് ഞാൻ 'മായാലാഹരി' ആദരവോടെ നൽകി. അദ്ദേഹം അത് നെഞ്ചോട് ചേർത്ത് കണ്ണടച്ച്, നെറ്റിയിൽ മുട്ടിച്ച ശേഷം പതിയെ തുറന്നു. അത് 37 മത്തെ ശ്ലോകമായിരുന്നു. വിശുദ്ധിചക്രവും, ശിവനും, ദേവിയും ഒക്കെ ഉജ്ജ്വലമായി നിറഞ്ഞു നിൽക്കുന്ന ശ്ലോകമാണ് 37. അതിനെക്കുറിച്ച് പറഞ്ഞപ്പോ ഏറെ ശ്രദ്ധയോടെയാണ് ലാലേട്ടൻ കേട്ടിരുന്നത്.

"ശുദ്ധമായ സ്ഫടികംപോലെ തെളിവുള്ളവനും ആകാശത്തെ ജനിപ്പിക്കുന്നവനുമായ ശിവനെയും, ശിവന്റേതിനു സമാനമായ ഭാവത്തോടുകൂടിയ ദേവിയേയും നിൻ്റെ വിശുദ്ധിചക്രത്തിൽ ധ്യാനിക്കുന്നു. അവരിൽനിന്ന് വെൺനിലാവുപോലെ പരന്നൊഴുകുന്ന കാന്തിയാൽ ആണല്ലോ ലോകം മുഴുവനും ഉള്ളിലെ അജ്ഞാനമാലിന്യം ഒഴിവാക്കപ്പെട്ട് ചകോരിയെപ്പോലെ വിളങ്ങുന്നത്".

"വിശുദ്ധൗ തേ ശുദ്ധസ്ഫടിക വിശദം വ്യോമജനകം,

ശിവം സേവേ ദേവീമപി ശിവ സമാന വ്യവസിതാം,

യയോഃ കാന്ത്യ യാന്ത്യാ ശശികിരണ സാരൂപ്യസരണേഃ,

വിധൂതാന്തർ ധ്വാന്താ വിലസതി ചകോരീവ ജഗതീ."

"ഇനി അങ്ങ് പറഞ്ഞ അദ്ധ്യായം ഒന്ന് വായിക്കൂ". പുസ്തകം ശ്രീജിത്ത് ഡോക്ടർക്ക് നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഡോക്ടർ ആ അദ്ധ്യായം തളാത്മകമായി വായിച്ചു. സ്നേഹാദരങ്ങളോടെ ലാലേട്ടൻ അത് കേട്ടിരുന്നു. ഇനി ശ്ലോകം എന്ന് പറഞ്ഞു അത് വായിക്കാതെ ചാടിപോകാൻ തുനിഞ്ഞ ഡോക്ടറോട് "ആ ശ്ലോകം കൂടി ചൊല്ലൂ" എന്ന് ലാലേട്ടൻ പറഞ്ഞു.

അത് കഴിഞ്ഞ് "സതോരി, അല്ലേ, ഹും" എന്ന് പറഞ്ഞ് ഒരു വശ്യമന്ദഹാസം പൊഴിച്ചു. "എനിക്കൊന്നും കൊണ്ടുവന്നില്ലേ?" പെട്ടെന്ന് അടുത്ത ചോദ്യം. "ഉണ്ടല്ലോ" ഡോക്ടർ പറഞ്ഞു. "നാരങ്ങാ മുട്ടായി ആകും." ഞങ്ങൾ "അതേ" എന്ന് പറഞ്ഞപ്പോ വിടർന്ന കണ്ണുകളോടെ "ഓഹോ?" എന്ന് ചോദിച്ചു. "രാവിലെ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ലാൽ സാറിന് തരാൻ എന്ത് വാങ്ങണം എന്ന് നോക്കിയപ്പോ കണ്ണിൽപെട്ടത് ഇതാണ്. എന്നാലും ഇതായിരിക്കും ഞങ്ങൾ കൊണ്ടുവന്നത് എന്ന് സാറിന് എങ്ങനെ മനസ്സിലായി?" ഡോക്ടറുടെ അദ്ഭുതം കലർന്ന ചോദ്യം.

"എനിക്ക് ചില സിദ്ധികളൊക്കെയുണ്ടെന്ന് ഇപ്പൊ മനസ്സിലായില്ലേ?" ഒരു കുസൃതി ചിരി ആ മുഖത്ത് മിന്നി. "എന്നിട്ട് മുട്ടായി എവിടെ?" ലാലേട്ടൻ കൈ നീട്ടി. പുറത്തുള്ള ശശിയുടെ കയ്യിൽ ഉണ്ടായിരുന്ന മുട്ടായി ഡപ്പി വാങ്ങി ലാലേട്ടന് കൊടുത്തു. അത് തുറന്ന് എനിക്കും ഡോക്ടർക്കും തന്ന ശേഷം ഒന്നെടുത്ത് വായിലിട്ട് കുട്ടികളെപ്പോലെ ആസ്വദിച്ച് കഴിച്ചു.

അപ്പോഴേക്കും ഷോട്ട് റെഡി എന്ന് ഒരാൾ വന്ന് അറിയിച്ചു.

"Ok" എന്ന് പറഞ്ഞു ഇറങ്ങാൻ തുടങ്ങിയ ലാലേട്ടനൊപ്പം ഞങ്ങളും എഴുന്നേറ്റു. "വേണ്ട, നിങ്ങൾ ഇറങ്ങണ്ട, ഞാൻ ഈ സീൻ തീർത്തിട്ട് ഇപ്പൊ വരാം. അതുവരെ ഇവിടെ ഇരിക്കൂ. കാറിൽ AC ഉണ്ട്, തിന്നാൻ ഇതിൽ നാരങ്ങാ മുട്ടായി ഉണ്ട് പിന്നെ ചിപ്സ് ഉണ്ട് തൽക്കാലം ഇത്രേം സൗകര്യം പോരെ?" ചിരിച്ചുകൊണ്ട് അദ്ദേഹം ഇറങ്ങി പോയി.

"ഇതാണ് ലാൽ സാറുടെ സ്വഭാവം, കണ്ടില്ലേ?" എന്നെ ഒന്ന് തൊണ്ടിയശേഷം ഡോക്ടർ പറഞ്ഞു.

കുറച്ചു നേരം കഴിഞ്ഞ് ഷോട്ട് തീർത്ത് വീണ്ടും വണ്ടിയിലേക്ക് ലാലേട്ടൻ എത്തി. "രാമിനെ അറിയില്ലേ?" എന്നോട് ചോദിച്ചു. "ഉവ്വ്" ഞാൻ തലയാട്ടി. "ഞാനും രാമനും ഈ അടുത്ത് മൂകാംബികയിൽ പോയിരുന്നു". "ഫോട്ടോസ് ഞാൻ കണ്ടിരുന്നു ലാലേട്ടാ".

"എന്നാൽ ഒന്ന് രാമിനെ വിളിച്ചാലോ? ഒരു സർപ്രൈസ് കൊടുക്കാം". ഫോൺ എടുത്ത് ലാലേട്ടൻ രാംജിയെ വിളിച്ചു. അദ്ദേഹം ഫോൺ എടുത്തില്ല. "രാം വല്ല തിരക്കിലും ആകും, തിരിച്ചു വിളിക്കും". അതിനിടയിൽ മഴ ചാറാൻ തുടങ്ങി. "അയ്യോ ഇനിയിപ്പൊ ഷൂട്ട് നടക്കില്ല. സുനിലേ മോനെ നീ മഴ നിൽക്കാൻ ഒന്ന് പ്രാർത്ഥിക്കൂ ട്ടോ, നിൻ്റെ പ്രാർത്ഥന ഫലിക്കും". രജപുത്രാ ഫിലിംസിൻ്റെ ഡ്രൈവർ പയ്യനോട് ലാലേട്ടൻ പറഞ്ഞു. അവൻ "സാർ" എന്ന് പറഞ്ഞ് നാണിച്ച ഒരു ചിരി ചിരിച്ചു.

"ന്നാ നമുക്കിനി ഭക്ഷണം കഴിക്കാം. നിങ്ങളും കഴിച്ചിട്ടില്ലല്ലോ ല്ലേ?"

"ഹേയ് വേണ്ട" ഡോക്ടർ പറഞ്ഞു. "ഡോക്ടർക്ക് വേണ്ടെങ്കിൽ വേണ്ടാ, ഇദ്ദേഹം കഴിക്കട്ടെ". ലാലേട്ടൻ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു. "സുനിൽ മോനെ വണ്ടി വിടൂ" ലാലേട്ടൻ നിർബന്ധം പറഞ്ഞ് ഞങ്ങളെ ഒരു കിലോമീറ്റർ അപ്പുറമുള്ള കാരവാനിലേക്ക് കൂട്ടികൊണ്ട്പോയി, ഓരോ വിഭവവും നിർബന്ധിച്ച് കഴിപ്പിച്ചു. അതിനിടയിൽ എൻ്റെ ക്ലാസ്സുകളെക്കുറിച്ചും മറ്റ് പല കാര്യങ്ങളെക്കുറിച്ചും, തമാശകളും ഒക്കെ പറയുന്നുണ്ട്. ഭക്ഷണം വിളമ്പി തരുന്ന ബിജീഷിനോട് ഞാൻ "എവിടെയാ വീട്?" എന്ന് ചോദിച്ചു

"തൃശൂർ"

"തൃശ്ശൂരിൽ എവിടെ?"

"ഒല്ലൂർ"

ചോദിച്ചു വന്നപ്പോ വർഷങ്ങളോളം ഒന്നിച്ച് കളിച്ച, തൃശൂർ ജിംഖാന ക്ലബ്ബിൻ്റെ ശങ്കുണ്ണി ചേട്ടൻ്റെ ചേട്ടൻ്റെ മോൻ ആണ് വിജീഷ്. അദ്ദേഹവും ഫുട്ബാൾ കളിച്ചിരുന്നു.

"വെറുതെയല്ല കണ്ടപ്പോ ഒരു പരിചയം തോന്നിയത്". ബിജീഷിനെ ആലിംഗനം ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു.

ഭക്ഷണം കഴിഞ്ഞ് "ഞാൻ ഒന്ന് വേഷം മാറി വരട്ടെ എന്നിട്ട് നല്ല കുറച്ച് ഫോട്ടോസ് എടുക്കാം എന്ന് ലാലേട്ടൻ പറഞ്ഞു" നമുക്ക് അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാനുള്ള ആഗ്രഹത്തെ അദ്ദേഹത്തിൻ്റെ നമുക്കൊപ്പം ഫോട്ടോ എടുക്കാനുള്ള ആഗ്രഹം എന്ന രീതിയിൽ അവതരിപ്പിക്കുന്നത് കണ്ട് അദ്ഭുതം തോന്നി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന ആൾക്ക് എങ്ങനെ ഭൂമിയോളം വിനയാന്വിതനാകാൻ കഴിയുമെന്ന് ഓരോ നിമിഷവും നമ്മെ ഓർമ്മിപ്പിക്കുന്ന, പഠിപ്പിക്കുന്ന പെരുമാറ്റം! "ഇവിടത്തെ ഫോണിൽ ചിത്രമെടുക്കാം. ബിജീഷ് നന്നായി ഫോട്ടോ എടുക്കും, മോനെ വിജീഷേ കുറച്ച് ഫോട്ടോ എടുത്ത് തന്നേ" എന്ന് പറഞ്ഞു ഫോൺ നൽകി. പിന്നീട് ഒട്ടേറെ ചിത്രങ്ങൾ ബിജീഷിനെക്കൊണ്ട് എടുപ്പിച്ചു. ഹായ് നല്ല ചിത്രങ്ങൾ, നോക്കൂ എന്ന് പറഞ്ഞ് അവ കാണിച്ചു തന്നു. എന്തൊരു മനുഷ്യൻ!!!

ഫോട്ടോ എടുക്കുന്ന നേരത്ത് ലാലേട്ടന് സമ്മാനിച്ച ചിത്രം വരച്ചത് മൂകാംബിക ക്ഷേത്രത്തിൽ ചിത്രങ്ങൾ വരച്ച കണ്ണേട്ടൻ ആണെന്ന് ഞങൾ പറഞ്ഞപ്പോ ഏറെ അദ്ഭുതത്തോടെ, കൗതുകത്തോടെ കണ്ണേട്ടനെപ്പറ്റി പലതും ചോദിച്ചു. "എൻ്റെ അടുത്ത പുസ്തകമായ "രഹസ്യാവലി"യുടെ മുഖചിത്രത്തിനായി കണ്ണേട്ടൻ വരച്ചതാണ് ഇത്" എന്ന് പറഞ്ഞു എൻ്റെ മൊബൈലിലുള്ള ഉജ്ജ്വലമായ ചിത്രം കാണിച്ചപ്പോ വിസ്മയത്തോടെ ഏറെ നേരം അത് zoom ചെയ്തും അല്ലാതെയുമൊക്കെ നോക്കിയശേഷം "ഇതിന് രഹസ്യകൈ ഒക്കെ ഉണ്ടല്ലോ?" എന്ന് ലാലേട്ടൻ പറഞ്ഞു. അതിനിടയിൽ രാം ജി ലാലേട്ടനെ വിളിച്ചു. "രാമിനെ പരിചയമുള്ള ചില സുഹൃത്തുക്കൾ വന്നിട്ടുണ്ട്, അതോണ്ട് വിളിച്ചതാ". എന്ന് പറഞ്ഞ് ഫോൺ എനിക്ക് തന്നു. "മനസ്സിലായോ?" എന്ന് ചോദിച്ചു പറ്റിക്കാൻ നോക്കിയെങ്കിലും രാംജി ക്ക് എന്നെ മനസ്സിലായി. "ഹരീഷേട്ടാ ഇന്ന് രാവിലെ ഞാൻ നിങ്ങൾക്ക് ഒരു കാര്യം അയച്ചിട്ടുണ്ട്, കണ്ടില്ലേ?"

"ഇല്ല, ഞാൻ നോക്കിയിട്ടില്ല." രാംജി ഏറെ സന്തോഷത്തോടെ കുറച്ച്നേരം സംസാരിച്ചു. അത് വിടർന്ന കണ്ണുകളോടെ ഒരു കുഞ്ഞിനെപ്പോലെ നോക്കിയിരിക്കുകയാണ് ലാലേട്ടൻ. രാംജി അയച്ച വീഡിയോവിനേക്കുറിച്ച് "രാമിൻ്റെ നല്ലൊരു വീഡിയോ വന്നിട്ടുണ്ട് കണ്ടോ" എന്ന് കുറച്ച് മുൻപ് ലാലേട്ടൻ സൂചിപ്പിച്ചതേ ഉള്ളൂ.

അപ്പോഴേക്കും മഴ മാറി. "ഹാവൂ തൊടുപുഴയിലെ തൊടുമഴ നിന്നു" ചിരിയോടെ ലാലേട്ടൻ പറഞ്ഞു.അദ്ദേഹം പിന്നീട് കാണാൻ വന്ന ചില അളുകൾക്കൊപ്പം ഫോട്ടോ എടുത്തു. അതിൽ പുതിയ കല്യാണം കഴിഞ്ഞ ദമ്പതിമാർ ഉണ്ടായിരുന്നു. പക്ഷേ അകത്തേക്ക് ആദ്യം കയറിയ ഒരു കുട്ടിയെ കണ്ട് "ഈ കുട്ടിയാണോ പുതിയ കല്യാണം കഴിച്ചത്?" എന്ന് കുസൃതിയോടെ ചോദിച്ചത് ചിരിബോംബ് പൊട്ടിച്ചു. പിന്നീട് ഞങ്ങൾക്കൊപ്പം വന്ന ശശിയെയും ചേർത്ത് നിർത്തി ചിത്രം എടുത്തു. "ഇനി ഞാൻ ഷൂട്ടിംഗ് തുടരാൻ പൊയ്ക്കോട്ടേ" എന്ന് പറഞ്ഞ് ഇറങ്ങുന്നതിന് മുൻപ് ലാലേട്ടൻ എനിക്കൊരു വിസ്മയസമ്മാനം കൂടി തന്നു. ശേഷം വസ്ത്രം മാറി ഞങ്ങളെയും കൂട്ടി വണ്ടിയിൽ കയറി. "സുനിലിൻ്റെ പ്രാർത്ഥന ഫലിച്ചു ട്ടോ, മഴ മാറി". ഞാൻ സുനിലിനോട് പറഞ്ഞത് കേട്ട്, "ഞാൻ പറഞ്ഞില്ലേ സുനിൽ നല്ല കഴിവുള്ള കുട്ടിയാണെന്ന്?" ഒപ്പം ലാലേട്ടനും കൂടി. സുനിൽ "സാർ" എന്ന് പറഞ്ഞു ചമ്മിയ ഒരു ചിരി ചിരിച്ചു.

"ഇനിയും കാണാം" എന്ന് നമസ്തേ പറഞ്ഞ് ഞങ്ങളെ യാത്രയാക്കി. നടനവിസ്മയമായ എന്നാൽ ജീവിതത്തിൽ ഇത്രയും simplicity പുലർത്തുന്ന അദ്ഭുത മനുഷ്യനൊപ്പം ഒരു രണ്ടര മണിക്കൂർ. ഹോ എന്തൊരു വിനയം, എന്തൊരു മനുഷ്യൻ... ലാലേട്ടനെക്കുറിച്ച് എന്ത് പറയാൻ? ഹൃദ്യവശ്യമോഹനം ഈ ലാലേട്ടൻ!!!

ഈ ദിനം കൂടെ ഉണ്ടായ തൊടുപുഴയിലെ ശശി ഭായിയും സൂപ്പർ തന്നെ...

ശ്രീജിത്ത് ഡോക്ടറെ, പ്രിയ സഹോദരാ ഈ വിസ്മയ സ്നേഹദിനം സമ്മാനിച്ചതിന് നന്ദി... ഉമ്മ...''

Advertisement
Advertisement