'ആദ്യം കരുതി റോംഗ് നമ്പരായിരിക്കുമെന്ന്, അദ്ദേഹം വിളിക്കാൻ മാത്രം ഞാൻ എന്ത് ചെയ്‌തെന്ന് ആലോചിച്ചു' ; വെളിപ്പെടുത്തലുമായി സുധാ മൂർത്തി

Wednesday 26 June 2024 4:01 PM IST

ന്യൂഡൽഹി: മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിൽ നിന്ന് തനിക്ക് ഒരിക്കൽ ഫോൺ കോൾ വന്നിരുന്നുവെന്ന് വെളിപ്പെടുത്തി എഴുത്തുകാരിയും രാജ്യസഭാ എംപിയുമായ സുധാ മൂർത്തി. എക്സലൂടെയാണ് വെളിപ്പെടുത്തൽ.


2006ൽ കലാമിൽ നിന്ന് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് വെളിപ്പെടുത്തൽ.'ഒരു ദിവസം എനിക്കൊരു കോൾ വന്നു. അബ്ദുൾ കലാമിന് നിങ്ങളോട് സംസാരിക്കണമെന്നായിരുന്നു. വിളിച്ചയാൾ പറഞ്ഞത്. ഞാൻ പറഞ്ഞു റോംഗ് നമ്പറാണെന്ന്. പിന്നെ തോന്നി ഭർത്താവും ഇൻഫോസിസ് സ്ഥാപകനുമായ നാരായണ മൂർത്തിയെയായിരിക്കും വിളിച്ചതെന്ന്. അബ്ദുൾ കലാമിന് സംസാരിക്കേണ്ടത് താങ്കളോടാണെന്ന് പറഞ്ഞു.

അബ്ദുൾ കലാമിന് സംസാരിക്കാൻ മാത്രം താനെന്ത് കാര്യമാണ് ചെയ്തതെന്ന് ആലോചിച്ച് ആശയക്കുഴപ്പത്തിലായി. തുടർന്ന് അബ്ദുൾ കലാം സംസാരിച്ചു.'- അവർ വ്യക്തമാക്കി. താനെഴുതിയ ഒരു കോളത്തെ പ്രശംസിക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം വിളിച്ചതെന്നും സുധാ മൂർത്തി കൂട്ടിച്ചേർത്തു.


'ഐടി ഡിവൈഡർ' എന്നതിനെക്കുറിച്ചുള്ള എന്റെ കോളം വായിച്ചുവെന്നും ഇത് ശരിക്കും ഇഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും എന്റെ കോളങ്ങൾ വായിക്കാറുണ്ടെന്ന് അബ്ദുൾ കലാം വ്യക്തമാക്കി.'- സുധാ മൂർത്തി കൂട്ടിച്ചേർത്തു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് സുധ മൂർത്തി. കൂടുതലും കുട്ടികൾക്കുവേണ്ടിയായിരുന്നു എഴുതിയിരുന്നത്.