മമ്മൂട്ടിക്കോ മോഹൻലാലിനോ ആർക്കാണ് ഹ്യൂമർസെൻസ് കൂടുതൽ? അൽപനേരത്തെ മൗനത്തിന് ശേഷം പിഷാരടിയുടെ ഉത്തരം

Wednesday 26 June 2024 5:32 PM IST

രമേശ് പിഷാരടി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മുഖത്ത് പുഞ്ചിരി വിടരും. സ്‌റ്റേജ് ഷോകളിൽ നിന്ന് തുടങ്ങി ടെലിവിഷനിലെ ഹാസ്യപരിപാടികളിലൂടെ സിനിമയിലെത്തി മമ്മൂട്ടിയെ പോലുള്ള ഒരു മെഗാതാരത്തെ നായകനാക്കി സിനിമ സംവിധാനം ചെയ‌്ത നിലയിലേക്ക് പിഷാരടി വളർന്നു.

പലപ്പോഴും മമ്മൂട്ടിയുടെ സന്തതസഹചാരിയായി രമേശ് പിഷാരടിയെ കാണാറുമുണ്ട്. മമ്മൂക്കയുമായുള്ള ബന്ധത്തെ സൗഹൃദം എന്ന് പറയാനാകില്ല. തനിക്ക് അദ്ദേഹത്തോട് ഉള്ളത് സ്‌നേഹവും ബഹുമാനവുമാണ്. അദ്ദേഹത്തിന് തന്നോട് ഉള്ളത് സ്‌നേ‌ഹവും പരിഗണനയുമാണ് എന്നാണ് ഇതേകുറിച്ച് പിഷാരടി പ്രതികരിച്ചിട്ടുള്ളത്.

ഇപ്പോഴിതാ മറ്റൊരു രസകരമായ ചോദ്യത്തിനും മറുപടി നൽകിയിരിക്കുകയാണ് രമേശ്. മമ്മൂട്ടിക്കോ മോഹൻലാലിനോ ആർക്കാണ് ഹ്യൂമർസെൻസ് കൂടുതൽ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അൽപനേരത്തെ മൗനത്തിന് ശേഷം മറുപടി വന്നു.

''എനിക്ക് രണ്ടുപേരുടെ കൂടെയും ഒരുപാട് സമയം ചെലവഴിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ഹ്യൂമർ സെൻസ് എന്ന് പറയുന്നത് അത് പറയുന്ന ആളിന്റെ ചുറ്റുപാടിന് അനുസൃതമായിരിക്കും. എനിക്ക് ഭയങ്കര ഹ്യൂമർ സെൻസുണ്ട്. ഞാൻ സ്ഥിരമായി ഗൗരവമുള്ള ഒരു സ്ഥലത്താണ് നിൽക്കുന്നതെങ്കിൽ തമാശ പറയാൻ പറ്റിക്കൊള്ളണം എന്നില്ല. ഹ്യൂമർ സെൻസ് മമ്മൂക്കയ‌്ക്കും ലാലേട്ടനുമുണ്ട്. പക്ഷേ, മമ്മൂക്കയുടെ അടുത്ത് വരുന്നൊരാൾ സ്വാഭാവികമായിട്ടും ഗൗരവമുള്ള ഒരുവിഷയം സംസാരിക്കുകയും, അദ്ദേഹത്തോട് ഗൗരവമുള്ള കാര്യങ്ങൾ പറയുകയും ചെയ്യുമ്പോൾ മമ്മൂക്കയ‌്ക്ക് തമാശ പറയാൻ കഴിയില്ല. എന്നാൽ അദ്ദേഹത്തിന് വളരെ കംഫർട്ടായിട്ടുള്ള സ്ഥലങ്ങളിൽ വരുമ്പോൾ അദ്ദേഹവും നർമ്മം പറയും.

ലാലേട്ടന്റെ അടുത്ത് വരുന്നൊരാൾ, വരുമ്പോൾ തന്നെ പെരുമാറ്റം മറ്റൊരു രീതിയിലായിരിക്കും. ആ സമയത്ത് ലാലേട്ടന് കൂടുതൽ തമാശകൾ പറയാനും കൗണ്ടറടിക്കാനുമൊക്കെ പറ്റും''.