ഇതും റോഡാണെന്നോർക്കുക!

Thursday 27 June 2024 2:57 AM IST

തിരുവനന്തപുരം: ചെറുമഴ പെയ്താലും തോടാകുന്നൊരു റോഡുണ്ട് ആൾസെയിന്റ്സ് കോളേജ് ജംഗ്ഷനടുത്ത്. നവവേദി റസിഡന്റ്സ് അസോസിയേഷൻ റോഡ്. അസോസിയേഷനിലെ 81ലേറെ വീടുകളിലുള്ളവർക്ക് മഴപെയ്താൽ അങ്ങോട്ടുമിങ്ങോട്ടും പോകാൻ പെടാപ്പാടാണ്. കനത്ത മഴ പെയ്താൽ പിന്നെ പറയേണ്ടതില്ല. വാഹനങ്ങളിൽപ്പോലും വരാനും പോകാനും പറ്റാത്ത അവസ്ഥ.ഇവിടുത്തുകാരുടെ ഈ ദുരിതം തുടങ്ങിയിട്ട് ഒരു വർഷമായി. മഴയെത്തിയാൽപ്പിന്നെ പ്രദേശവാസികളുടെ വാഹനങ്ങൾ മറ്റു റോഡുകളിൽ പാർക്ക് ചെയ്യേണ്ട ഗതികേടാണ്.

വെള്ളം കെട്ടിനിൽക്കുന്നതുമൂലം കൊതുക്,ഈച്ച,തവള തുടങ്ങിയവയുടെ ശല്യം പ്രദേശത്തേറി. സ്കൂളുകളിലും കോളേജുകളിലും പോകേണ്ട കുട്ടികൾ നന്നേ ബുദ്ധിമുട്ടുകയാണ്.സ്വകാര്യ വ്യക്തികളുടെ വസ്തുവിൽ കൂടിയാണ് മഴപെയ്താൽ ഇവിടുത്തുകാരുടെ യാത്ര.

താഴ്ന്ന പ്രദേശമായതിനാൽ ശക്തിയേറിയ മഴപെയ്യുമ്പോൾ 10 വ‌ർ‌ഷത്തിലൊരിക്കൽ വന്നുകൊണ്ടിരുന്ന വെള്ളക്കെട്ടാണ് ഇപ്പോൾ ചെറിയ മഴയിൽ പോലും ആറ് മാസത്തിലൊരിക്കൽ മുങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷം ഇവിടെ ഒാട നിർമ്മിച്ചതാണ് അടിക്കടിയുള്ള വെള്ളക്കെട്ടിന് കാരണം. മഴവെള്ളം പുറത്തേക്ക് പോകാനുള്ള സൗകര്യമൊരുക്കാതെ പ്രദേശത്ത് തന്നെ കെട്ടിനിൽക്കുന്ന രീതിയിലാണ് ഓട നിർമ്മിച്ചിരിക്കുന്നത്. റോഡിൽ വെള്ളം നിറയുന്നതോടെ വീടുകളിലും വെള്ളം കയറും. അസോസിയേഷനിലുള്ളവർ പിരിവിട്ട് മോട്ടോർ വാങ്ങി റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം അടിച്ചു കളയുകയാണ്.നഗരസഭ ഡീസൽ നൽകുന്നുണ്ട്. കൗൺസിലറെ ബന്ധപ്പെട്ടപ്പോൾ താത്കാലിക പരിഹാരമായി നഗരസഭയുടെ ലോറികളെത്തി വെള്ളം ടാങ്കറിലാക്കി കൊണ്ടുപോകുന്നുണ്ട്. മഴ കുറഞ്ഞാലുടൻ ശാശ്വത പരിഹാരം കാണാമെന്ന് കൗൺസിലർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

പണ്ട് പാർവതി പുത്തനാറിന്റെ ശാഖയായ വട്ടക്കായലിലേക്കായിരുന്നു മഴക്കാലത്തുള്ള വെള്ളം ഒഴുകി പൊയ്ക്കോണ്ടിരുന്നത്. ആൾസെയിന്റ്സ് ജംഗ്ഷനിൽ നിർമ്മിച്ചിരുന്ന കലുങ്ക് വഴി ബ്രഹ്മോസ് എയ്റോസ്പേസിന്റെ പരിസരത്തുകൂടി മഴവെള്ളം ഒഴുകി പോകുന്നതിനായി ഓടയുണ്ടായിരുന്നു. ഇപ്പോൾ അത് അടച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്നും ഇത് തുറന്ന് വിടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ക്യാപ്ഷൻ: ആൾസെയിന്റ്സ് നവവേദി റസിഡന്റ്സ് അസോസിയേഷൻ റോഡിലുണ്ടായ വെള്ളക്കെട്ട് മോട്ടോർ ഉപയോഗിച്ച് അടിച്ചുകളയുന്നു.

ആൾസെയിന്റ്സ് നവവേദി റസിഡന്റ്സ് അസോസിയേഷൻ റോഡിലുണ്ടായ വെള്ളക്കെട്ട്

Advertisement
Advertisement