വർക്കലയിൽ തെരുവുനായ ശല്യത്തിന് അറുതിയില്ല

Thursday 27 June 2024 1:23 AM IST

ആറ് വയസുകാരി ഉൾപ്പെടെ 5 പേർക്ക് തെരുവു നായയുടെ കടിയേറ്റു

വർക്കല: വിനോദസഞ്ചാര മേഖലയിൽ തെരുവുനായ്‌ക്കളുടെ ആക്രമണം പതിവാകുന്നു. കഴിഞ്ഞദിവസം ആറ് വയസുകാരി ഉൾപ്പെടെ അഞ്ച് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഹെലിപാട് നിന്നും പാപനാശം ബീച്ചിലേക്കുള്ള വഴിയിൽ വീടിന് മുന്നിലിരുന്ന് കളിക്കുകയായിരുന്ന അഭിരാമി(6)യുടെ ഇടത് കാൽമുട്ടിന് പിന്നിലായാണ് തെരുവുനായ കടിച്ചത്.

ആക്രമണത്തിൽ അഭിരാമിക്ക് ആഴത്തിൽ മുറിവേറ്റു. ഇതേ റോഡിൽ കുടുബത്തോടൊപ്പം നടന്നു പോവുകയായിരുന്ന തമിഴ്നാട് സ്വദേശി ഫർസാന (23)യ്ക്കും കാലിന് പിൻഭാഗത്ത് കടിയേറ്റു. സഞ്ചാരികളായ മറ്റ് മൂന്നു പേരെയും നായ ആക്രമിച്ചു.പരിക്കേറ്റവർ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. ടൂറിസം പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ഡോഗ് ക്യാച്ചേഴ്സിന്റെ സഹായത്തോടെ നായയെ പിടികൂടി. പേവിഷബാധ ലക്ഷണം സ്ഥിരീകരിച്ച നായയെ മൃഗഡോക്ടറുടെ നേതൃത്വത്തിൽ മരുന്ന് ഇൻജക്‌ട് ചെയ്‌ത്‌ കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

ആക്രമണം പതിവാകുന്നു

വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലും പരിസരങ്ങളിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും തെരുവുനായ ശല്യം രൂക്ഷമാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾ പുലർച്ചെ ഇവിടെ യാത്രയ്ക്കായി എത്തുന്നവർക്കു നേരെ കുരച്ചുകൊണ്ട് എടുത്തുചാടുന്നത് പതിവാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന യാത്രക്കാർ ഭീതിയോടെയാണ് സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലൂടെ സഞ്ചരിക്കുന്നത്.

മാലിന്യ നിക്ഷേപവും

റെയിൽവേ പുറംപോക്കുകളിലെയും സ്റ്റേഷൻ പരിസരത്തെ കുറ്റിക്കാടുകളിലും മാലിന്യനിക്ഷേപം വ്യാപകമാകുന്നുണ്ട്. ഇവിടങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുന്നത്. അൻപതോളം പേരാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വർക്കലയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. തെരുവുനായശല്യം അമർച്ചചെയ്യാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement