ഓം ബിർള വീണ്ടും ലോക്സഭാ സ്‌പീക്കർ, ആദ്യദിവസം ബഹളത്തിലാക്കി അടിയന്തരാവസ്ഥാ പരാമർശം

Thursday 27 June 2024 4:47 AM IST

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കി പ്രതിപക്ഷം ശക്തിപ്രകടനത്തിന് ഒരുങ്ങിയെങ്കിലും ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഓം ബിർള 18-ാം ലോക്‌സഭയുടെ സ്‌പീക്കറായി.

കോൺഗ്രസിന്റെ ബൽറാം ഝാക്കറിനുശേഷം (1980-1989) രണ്ടാംവട്ടം ഈ പദവിയിലെത്തുന്ന ലോക്സഭാംഗമാണ് ഓം ബിർള. ശബ്ദവോട്ടോടെയായിരുന്നു തിരഞ്ഞെടുപ്പ്.

പ്രതിപക്ഷം സഹകരണം വാഗ്ദാനം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തതിനു നന്ദി പറഞ്ഞ സ്പീക്കർ, അതിനൊപ്പം അടിയന്തരാവസ്ഥയെ അപലപിച്ച് പ്രസ്താവന നടത്തിയത് കല്ലുകടിയായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ബഹളത്തിനിടെ അടിയന്തരാവസ്ഥയുടെ പേരിൽ ഭരണപക്ഷം രണ്ടുമിനിട്ട് മൗനമാചരിച്ചശേഷം സഭ പിരിയുകയും ചെയ്‌തു.

ഡെപ്യൂട്ടി സ്‌പീക്കർ പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ 'ഇന്ത്യ' മുന്നണി കൊടിക്കുന്നിൽ സുരേഷിനെ നിർദ്ദേശിച്ചതോടെയാണ് സ്‌പീക്കർ സ്ഥാനത്തേക്ക് മത്സരം വേണ്ടിവന്നത്. ഓം ബിർളയ്‌ക്കായി ബി.ജെ.പിയും സംഖ്യകക്ഷികളും നൽകിയ 13 പ്രമേയങ്ങളും കൊടിക്കുന്നിൽ സുരേഷിനായി മൂന്ന് പ്രമേയങ്ങളും വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പിന്തുണയ്ക്കുകയും ചെയ്ത പ്രമേയം പ്രോടേം സ്‌പീക്കർ ഭർതൃഹരി മെഹ്‌താബ് ആദ്യം പരിഗണിച്ചു. ശബ്‌ദവോട്ടോടെ 61കാരനായ ഓം ബിർളയെ തിരഞ്ഞെടുത്തു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ബിർളയെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

കേരളത്തിൽ നിന്ന് ഇ.ടി.മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻ.കെ.പ്രേമചന്ദ്രൻ (ആർ.എസ്.പി), കെ. ഫ്രാൻസിസ് ജോർജ്ജ് (കേരള കോൺഗ്രസ്)തുടങ്ങിയവരും ബിർളയെ അഭിനന്ദിച്ച് സംസാരിച്ചു.

കൊടിക്കുന്നിൽ സുരേഷിനായി അരവിന്ദ് സാവന്ത് കൊണ്ടുവന്ന പ്രമേയം എൻ.കെ. പ്രേമചന്ദ്രൻ പിന്തുണച്ചു. ആനന്ദ് ബദൗരിയ കൊണ്ടുവന്ന പ്രമേയം താരിഖ് അൻവറും സുപ്രിയ സുലേയുടേത് കനിമൊഴിയും പിന്തുണച്ചു.

`അഞ്ച് വർഷത്തെ അനുഭവവും അംഗങ്ങളുമായുള്ള പരിചയവും ഓം ബിർളയ്‌ക്ക് സഭയെ നയിക്കാൻ അനുകൂല ഘടകമാണ്. എളിമയാർന്ന വ്യക്തിത്വവും പുഞ്ചിരിയോടെയുള്ള സഭാനടത്തിപ്പും ബിർളയെ വ്യത്യസ‌്തനാക്കുന്നു."

- പ്രധാനമന്ത്രി

നരേന്ദ്രമോദി

`പ്രതിപക്ഷം ശക്തമാണ്. നിശബ്‌ദമാക്കാൻ ശ്രമിക്കരുത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള കടമയുമായാണ് ഞങ്ങൾ വന്നിരിക്കുന്നത്.'

-പ്രതിപക്ഷ നേതാവ്

രാഹുൽ ഗാന്ധി

Advertisement
Advertisement