സ്റ്റാർലൈനർ തകരാർ പരിഹരിച്ചില്ല ബഹിരാകാശത്ത് 'കുടുങ്ങി' സുനിത

Thursday 27 June 2024 4:54 AM IST

ഹീലിയം ചോർച്ച

നാസ : സ്റ്റാർലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറ് കാരണം ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹയാത്രികൻ ബുഷ് വിൽമോറും ഭൂമിയിലേക്ക് മടങ്ങാനാവാതെ ബഹിരാകാശത്ത് കുടുങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. ഇവർ കയറിയ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്‌തിരിക്കയാണ്. അപക‌ട ഭീഷണി ഇല്ലെന്നാണ് നാസ അറിയിച്ചത്.

ഹീലിയം ടാങ്കുകളിൽ ചോർച്ച വകവയ്‌ക്കാതെയാണ് സ്റ്റാർലൈനർ വിക്ഷേപിച്ചത്. പേടകത്തിലെ ത്രസ്റ്ററുകളിലേക്ക് ഇന്ധനത്തെ തള്ളിവിടുന്നത് ഹീലിയമാണ്. ബഹിരാകാശ നിലയത്തോട് അടുത്തപ്പോൾ ഹീലിയം ചോർച്ച രൂക്ഷമായി. 28 ത്രസ്റ്റർ മോട്ടോറുകളിൽ അഞ്ചെണ്ണം കേടാവുകയും ചെയ്‌തു. അതിൽ നാലെണ്ണം റീസ്റ്റാർട്ട് ചെയ്‌തു. ഒന്നിന്റെ തകരാർ പരിഹരിച്ചിട്ടില്ല. ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ട ശേഷം (അൺഡോക്കിംഗ് ) ഏഴ് മണിക്കൂർ മതി സ്റ്റാർലൈനറിന് ഭൂമിയിൽ തിരിച്ചെത്താൻ. അൺഡോക്കിംഗിന് ശേഷം 70 മണിക്കൂറിന് വേണ്ട ഹീലിയം സ്റ്റോക്ക് ഉണ്ടെന്നാണ് നാസ പറയുന്നത്.

സ്റ്റാർലൈനറിന്റെ സർവീസ് മൊഡ്യൂളിലാണ് ഹീലിയം ടാങ്കുകളും ത്രസ്റ്ററുകളും. ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇത് പേടകത്തിൽ നിന്ന് വേർപെട്ട് കത്തിയെരിയും. പിന്നെ ഡേറ്റ കിട്ടില്ല. അതിന് മുമ്പ് തകരാറുകൾ മനസിലാക്കാനാണ് മടക്കയാത്ര നീട്ടുന്നത്. അടിയന്തര ഘട്ടത്തിൽ പേടകത്തിന് ഭൂമിയിലേക്ക് മടങ്ങാൻ സുനിത വില്യംസും ബുഷ് വിൽമോറും ക്ലിയറൻസ് നൽകിയിട്ടുണ്ടെന്നും നാസ അറിയിച്ചു. പേടകത്തിന് 72 ദിവസം വരെ ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്‌ത് കഴിയാം.

മസ്‌ക് രക്ഷകനാവുമോ?

സ്റ്റാർലൈനറിന് സുരക്ഷിതമായി മടങ്ങാൻ പറ്റില്ലെങ്കിൽ സുനിതയേയും വിൽമോറിനെയും രക്ഷിക്കാൻ ഇലോൺ മസ്‌കിന്റെ സഹായം തേടിയേക്കും. സ്റ്റാർലൈനർ നിർമ്മാതാവായ ബോയിംഗ് കമ്പനിയുടെ ബഹിരാകാശ എതിരാളിയാണ് മസ്‌കിന്റെ സ്പേസ് എക്സ് കമ്പനി. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകവും ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്‌തിട്ടുണ്ട്. അതിൽ സുനിതയ്‌ക്കും വിൽമോറിനും തിരിച്ചു വരാം.

മാരക ബാക്‌ടീരിയ ഭീഷണി

ബഹിരാകാശത്തെ ഗുരുത്വബലം കുറഞ്ഞ സാഹചര്യത്തിൽ ജനിതക മാറ്റം സംഭവിച്ച എന്ററോബാക്ടർ ബുഗാൻഡെൻസിസ് എന്ന മാരക ബാക്ടീരിയയും ബഹിരാകാശ നിലയത്തിൽ ഭീഷണിയാകുന്നു. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഔഷധങ്ങളെ നിഷ്ഫലമാക്കുന്ന പ്രതിരോധ ശക്തി ഈ ബാക്ടീരിയയ്‌ക്കുണ്ട്. ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യത്തിന് ഇത് ഭീഷണിയാണെന്ന് റിപ്പോർട്ടുണ്ട്. സ്റ്റാർലൈനർ തിരിച്ചെത്തുമ്പോൾ ഈ ബാക്ടീരിയ ഭൂമിയിലുള്ളവർക്കും ഭീഷണി ആകുമെന്നാണ് ആശങ്ക.

മടക്കയാത്ര

മാറ്റി, മാറ്റി...

വിക്ഷേപണം ജൂൺ 5ന്

എട്ട് ദിവസത്തെ ദൗത്യം

ജൂൺ 13ന് തിരിച്ചെത്തണമായിരുന്നു

മടക്കം18നും 22നും മാറ്റി

ഇന്നലെ രാത്രി തിരിച്ചെത്താനുള്ള പദ്ധതിയും അലസി
മടക്കം ജൂലായ് 2ലേക്ക് മാറ്റിയേക്കും

Advertisement
Advertisement