മദ്യനയകേസിൽ അരവിന്ദ് കേജ്‌രിവാളിനെ മൂന്ന് ദിവസത്തെ സിബിഐ കസ്‌റ്റഡിയിൽ വിട്ട് കോടതി

Wednesday 26 June 2024 9:11 PM IST

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മൂന്നു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ട്റോസ് അവന്യു കോടതി. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. ഇന്നലെ അവധിക്കാല ജഡ്ജി അമിതാഭ് റാവത്തിന്റെ അനുമതി വാങ്ങി ചോദ്യം ചെയ്തശേഷം കേ‌ജ്‌രിവാളിന്റെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തി. രാവിലെ ഇ.ഡി കേസുമായി ബന്ധപ്പെട്ട കേ‌ജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു സി.ബി.ഐയുടെ നാടകീയ നീക്കം.

ചൊവ്വാഴ്ച രാത്രി തീഹാർ ജയിലിലെത്തി സി.ബി.ഐ സംഘം കേ‌ജ്‌രിവാളിന്റെ മൊഴിയെടുത്തിരുന്നു. ഔപചാരികമായി അറസ്റ്റ് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ റോസ് അവന്യു കോടതിയിൽ അപേക്ഷയും നൽകി. കേ‌ജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്ന അപേക്ഷയെ അഭിഭാഷകൻ അതിശക്തമായി എതിർത്തു. സി.ബി.ഐ നീക്കങ്ങൾ മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അപേക്ഷയുടെ പകർപ്പ് പോലും കൈമാറിയിട്ടില്ലെന്നും കേജ്രിവാളിന്റെ അഭിഭാഷകൻ വിവേക് ജെയ്ൻ പരാതിപ്പെട്ടു. എന്നാൽ, അന്വേഷണവിവരങ്ങൾ പ്രതിയെ അറിയിക്കണമെന്ന് വ്യവസ്ഥയില്ലെന്ന് സി.ബി.ഐ വാദിച്ചു. മാർച്ച് 21നാണ് കേ‌ജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ഇ.ഡി കേസിൽ കേ‌ജ്‌രിവാളിന് ഡൽഹി റോസ് അവന്യു കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ജാമ്യം തടഞ്ഞുകൊണ്ട് കഴിഞ്ഞ 21ന് ഇടക്കാല സ്റ്റേ ഉത്തരവിട്ട ഹൈക്കോടതി, 25ന് അന്തിമ ഉത്തരവും പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ, 21ാം തീയതിയിലെ ഇടക്കാല സ്റ്റേയ്‌ക്കെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി കേ‌ജ്‌രിവാൾ ഇന്നലെ പിൻവലിച്ചു. 21, 25 തീയതികളിലായുള്ള രണ്ട് ഉത്തരവുകളും ചോദ്യം ചെയ്ത് പുതിയ ഹർജി നൽകുമെന്ന് അഡ്വ. അഭിഷേക് മനു സിംഗ്വി കോടതിയെ അറിയിച്ചു. ഇ.ഡി കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി അംഗീകരിക്കുമോയെന്നത് നിർണായകമാണ്. ഇപ്പോൾ സി.ബി.ഐ കേസിലും കൂടി പ്രതിയായതോടെ അതിലും ജാമ്യം നേടിയാൽ മാത്രമേ ഡൽഹി മുഖ്യമന്ത്രിക്ക് ജയിൽമോചിതനാകാൻ കഴിയുകയുള്ളു.

അതേസമയം സി.ബി.ഐ കേസിലെ അറസ്റ്റിനെയും കസ്റ്റഡി അപേക്ഷയെയും കേ‌ജ്‌രിവാൾ നേരിട്ട് എതിർത്തു. ഇന്നലെ റോസ് അവന്യു കോടതിയിൽ ഹാജരാക്കിയപ്പോൾ, സി.ബി.ഐ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു. ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയ്ക്ക് മേൽ മദ്യനയത്തിന്റെ പാപഭാരം താൻ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്ന് കള്ളക്കഥ മെനയുന്നു. സിസോദിയ കുറ്റം ചെയ്തുവെന്ന് താൻ മൊഴി നൽകിയിട്ടില്ല. എന്നാൽ, അത്തരത്തിൽ തലക്കെട്ടുകൾ വരുത്താനാണ് ശ്രമം. താനും മറ്റ് ആംആദ്മി നേതാക്കളും നിരപരാധികളാണ്. മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും കൂട്ടിച്ചേർത്തു.

Advertisement
Advertisement