മരിച്ചിട്ട് 42 നാൾ, നമ്പി രാജേഷിന് നീതി അകലെ കേസ് നൽകിയേക്കുമെന്ന് കുടുംബം

Thursday 27 June 2024 1:25 AM IST

തിരുവനന്തപുരം: ഇന്നലെ തിരുവല്ലത്ത് അച്ഛന്റെ ബലിയിട്ട് മടങ്ങുമ്പോൾ നാലുവയസുകാരൻ ശൈലേഷ് അമ്മയോട് ചോദിച്ചു..'എന്താ അമ്മേ അച്ഛൻ വരാത്തേ..' എയർ ഇന്ത്യ സമരം കാരണം കുടുംബത്തെ അവസാനമായി കാണാനാവാതെ മരിച്ച കരമന സ്വദേശി നമ്പി രാജേഷിന്റെ 41-ാം ദിവസത്തെ ചടങ്ങായിരുന്നു ഇന്നലെ. രാജേഷിന്റെ മരണത്തിൽ കമ്പനിക്ക് ഉത്തരവാദിത്വമില്ലെന്നും നഷ്ടപരിഹാരം നൽകാനാവില്ലെന്നുമുള്ള എയർ ഇന്ത്യയുടെ പ്രതികരണം കഴിഞ്ഞദിവസം വന്നതിന് പിന്നാലെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം. 'ഞങ്ങൾ എന്തു ചെയ്യണം ഇനി. സാവകാശം വേണമെന്ന് എയർ ഇന്ത്യ പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചു. ഒരുമാസം കാത്തിരുന്നു. ഇപ്പോൾ പറയുന്നു ഒന്നും നൽകാനാവില്ലെന്ന്. ഇനിയെന്ത്...' കണ്ണീരൊപ്പി രാജേഷിന്റെ ഭാര്യ അമൃത ചോദിക്കുന്നു. പി.ആർ.എസ് കോളേജിൽ നഴ്സിംഗ് രണ്ടാംവർഷത്തിന് പഠിക്കുന്ന അമൃതയെ കോഴ്സിന് ചേർക്കാൻ മുൻകൈയെടുത്തത് രാജേഷായിരുന്നു. മകൻ ശൈലേഷ് എൽ.കെ.ജിയിലാണ്. മകൾ അനിക ഒന്നാംക്ലാസിലും. കഴിഞ്ഞമാസം 7നാണ് മസ്കറ്റിലെ ജോലിസ്ഥലത്ത് രാജേഷ് കുഴഞ്ഞുവീഴുന്നത്. 8ന് രാവിലെയുള്ള എയർ ഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമരം കാരണം വിമാനങ്ങൾ റദ്ദാക്കിയത് അറിയുന്നത്. 13ന് അമൃതയെ തേടിയെത്തിയത് രാജേഷിന്റെ മരണവാർത്തയാണ്.

കേസ് നൽകിയേക്കും

രാജേഷിന്റെ കുടുംബം ഇന്ന് അഭിഭാഷകനെ കാണും. ഇതുവരെ എയർ ഇന്ത്യയുടെ മറുപടിക്കായാണ് കാത്തിരുന്നത്. കേസ് കൊടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയേക്കും.അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാവും ഇക്കാര്യം തീരുമാനിക്കുന്നതെന്ന് അമൃതയുടെ അമ്മ ചിത്ര പറഞ്ഞു.

Advertisement
Advertisement