കൈതക്കാട് വയലിൽ ആവേശം വിതറി മഴപ്പൊലിമ; ചേറിലാണ് ചോറ്...

Wednesday 26 June 2024 9:41 PM IST

ചെറുവത്തൂർ: കൈതക്കാട് വയലിൽ ആവേശം നിറച്ച് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പതിമൂന്നാംവാർഡിന്റെ മഴപ്പൊലിമ. മഴയുടെ അകമ്പടിയോടെ നാടൻ പാട്ട്,​ കോൽക്കളി, കൈകൊട്ടിക്കളി, താറാവ് പിടുത്തം, ഓട്ട മത്സരം, തൊപ്പിക്കളി എന്നിവയിൽ ആവേശത്തോടെ വനിതകൾ പങ്കാളികളായി.

പയ്യങ്കിയിൽ നിന്ന് ഘോഷയാത്രയായാണ് എല്ലാവരും കൈതക്കാട് വയലിൽ എത്തിച്ചേർന്നത്. വിവിധ കലാപരിപാടികൾക്ക് ശേഷം കൈതക്കാട് സ്കൂളിലെ കുട്ടികളും ടീച്ചർമാരുമടക്കമുള്ളവർ ചേർന്ന് ആവേശപൂർവം വയലിൽ ഞാറു നട്ടു. ഇലയടയും ചുക്കുകാപ്പിയും ചക്കയും ചിക്കനും കഞ്ഞിയും ചേർന്ന വിഭവങ്ങൾ മഴപ്പൊലിമയുടെ ഭാഗമായി സംഘാടകർ ഒരുക്കിയിരുന്നു.പ്രാദേശിക കമ്മിറ്റിയും കുടുംബശ്രീ പ്രവർത്തകരുമാണ് ഇതെല്ലാം ഒരുക്കിയത്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം പ്രമാണിച്ച് ലഹരിക്കെതിരെ മഴപ്പൊലിമയിൽ പങ്കെടുത്തവർ പ്രതിജ്ഞയുമെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി.പ്രമീളയാണ് മഴപ്പൊലിമ ഉദ്ഘാടനം ചെയ്തത്. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ദിലീപ് അദ്ധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ എം.ടി.പി ബുഷറ ,​ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി വി.ഗിരീഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പത്മിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ. രമണി, മെമ്പർമാരായ മഹേഷ്‌ വെങ്ങാട്ട്, ശ്രീജിത്ത്, സി ആശ, വസന്ത, മഞ്ജുഷ, വാർഡ് കമ്മിറ്റി അംഗം ഭാസ്കരൻസി.ഡി.എസ് മെമ്പർ സെക്രട്ടറി കെ. വി വിനയരാജ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement