സഞ്ചാരികളുടെ സ്വർഗമായി മലയോരം; മഴയിലുണർന്ന് മൺസൂൺ ടൂറിസം 

Wednesday 26 June 2024 9:50 PM IST

കണ്ണൂർ: മഴ ശക്തമായതോടെ കാഞ്ഞിരക്കൊല്ലി, അളകാപുരി വെള്ളച്ചാട്ടം, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതൽമല, പാലക്കയംതട്ട് തുടങ്ങി മലയോരത്തെ പ്രധാന മൺസൂൺ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചു. മുഴപ്പിലങ്ങാട്, പയ്യാമ്പലം , ചൂട്ടാട് ബീച്ച്, പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രങ്ങളും ഉൾപ്പെടുത്തി മൺസൂൺ ടൂറിസത്തിലൂടെ വരുമാനം കൊയ്യാനുള്ള പദ്ധതികളുമായി വിനോദ സഞ്ചാര വകുപ്പും ഉഷാറിലാണ്.

മഴക്കാലത്ത് മലയോര മേഖലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളാണ് പൈതൽ താഴ്വരയിലെ ഏഴരക്കുണ്ട് വെള്ളച്ചാട്ടവും കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടവും. നിലവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആഭ്യന്തര വിദേശ സഞ്ചാരികളെത്തുന്നത് പാലക്കയം തട്ടിലാണ്. മഞ്ഞും മഴയും ചേർന്നൊരുക്കുന്ന മനോഹര കാഴ്ചകളോടൊപ്പം സാഹസിക വിനോദങ്ങൾ, കുട്ടികളുടെ ഗെയിമുകൾ, 16 ഡി സിനിമ, ഫിഷ് സ്പാ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ട്രക്കിംഗിനും മറ്റ് മഴക്കാല ക്യാമ്പുകൾക്കുമൊക്കെയായി നിരവധിപേർ എത്തിത്തുടങ്ങി.രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാണ് പൈതൽമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.


വരൂ,ടൂറിസത്തിൽ മുതൽമുടക്കാം
മഴക്കാലത്തെ സാഹസിക ടൂറിസം യുവതലമുറയ്ക്ക് ആവേശമാണ്. സ്വകാര്യസംരംഭകരെ ലക്ഷ്യമിട്ട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പരിശീലനം നൽകുന്നുണ്ട്. കണ്ണൂരിൽ നവാഗത സാഹസിക ടൂറിസം കേന്ദ്രങ്ങളിലൊന്നായ പുല്ലൂപ്പിക്കടവിൽ പരിശീലനം തുടങ്ങികഴിഞ്ഞു.ട്രക്കിംഗ്, കയാക്കിംഗ്, നാച്വർ വാക്ക് വാട്ടർ സ്‌പോർട്സ് വാട്ടർ റാഫ്റ്റിംഗ് , കനോയിംഗ്, സ്‌കൂബ ഡൈവിംഗ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് എന്നിവയാണ് പുല്ലൂപ്പിക്കടവിലുള്ളത്. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വാട്ടർ സ്‌പോർട്സ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, കേരള മാരി ടൈം ബോർഡ്, കോസ്റ്റൽ പൊലീസ് എന്നിവർ ചേർന്നാണ് തീരദേശമേഖലയിലും മലമുകളിലും ഉൾനാടൻ ജലപാതകളിലുമെല്ലാം സാഹസിക ടൂറിസത്തിന്റെ സാദ്ധ്യത വർദ്ധിപ്പിക്കാനുള്ള സംരംഭകർക്ക് പരിശീലനം നൽകുന്നത്.

എക്പ്ളോർ വിത്ത് ആനവണ്ടി

മലയോരത്തെ ടൂറിസം കേന്ദ്രങ്ങൾ കോർത്തിണക്കി എല്ലാ ഞായറാഴ്ചകളിലും എക്സ്‌പ്ലോർ മലയോരം വിത്ത് കെ.എസ്.ആർ.ടി.സി എന്ന പേരിൽ സർവിസുകളും തുടങ്ങിയിട്ടുണ്ട്.

Advertisement
Advertisement