'അവസാനമില്ലത്ത അഴിമതി പരേഡ്'

Thursday 27 June 2024 12:04 AM IST

പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും അഴിമതി സാർവത്രികമാകുന്നതിന്റെ നാണംകെടുത്തുന്ന വർത്തമാനങ്ങളില്ലാതെ ഒരു ദിവസവും കടന്നുപോകുന്നില്ല! പൊതുപ്രവർത്തകർ,​ ജനപ്രതിനിധികൾ,​ ഉദ്യോഗസ്ഥ പ്രമുഖർ,​ നിയമപാലനം ഉറപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ എന്നുവേണ്ട,​ സേവനങ്ങൾക്കായി സാധാരണജനങ്ങൾക്ക് സമീപിക്കേണ്ടിവരുന്ന അധികാര സ്ഥാനങ്ങളെല്ലാം കൈക്കൂലിയുടെയും അഴിമതിയുടെയും ദുർഗന്ധം വമിക്കുന്ന മാലിന്യക്കുഴികളായി മാറുന്നത് നാടിന്റെ ശാപമെന്നേ പറയാനാവൂ. അതിന്റെ ഏറ്റവും ഒടുവിലെത്തിയ ഉദാഹരണമാണ് എൽ.പി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകാൻ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് തൊടുപുഴ നഗരസഭാ അസി. എൻജിനിയർ സി.ടി. അജി,​ ഇടനിലക്കാരനായ കോൺട്രാക്ടർ റോഷൻ സർഗം എന്നിവർ അറസ്റ്റിലായ കഴിഞ്ഞ ദിവസത്തെ വാർത്ത. കൈക്കൂലി നൽകാൻ പ്രേരിപ്പിച്ച നഗരസഭാ അദ്ധ്യക്ഷൻ സനീഷ് ജോർജ് കേസിൽ രണ്ടാംപ്രതിയാണ്.

ഇങ്ങനെ ഓരോ ദിവസവും പല ജില്ലകളിൽ നിന്നായി,​ പല വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ പുറത്തുവരുമ്പോഴും,​ പല കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുമ്പോഴും അഴിമതിയെന്ന ദുർഭൂതത്തിനു മാത്രം ഒരു കടിഞ്ഞാണുമില്ല! അഴിമതിമുക്ത ഭരണമാണ് ഏതു സർക്കാരിന്റെയും ഭരണവാഗ്ദാനങ്ങളിലെ ഒന്നാം ഇനം. അതിനു പ്രതിജ്ഞാബദ്ധമാണെന്ന് ഓരോ സർക്കാരും ആവർത്തിക്കും. അഴിമതിയുടെ തോത് കുറയ്ക്കാനായെന്ന് സർക്കാരുകൾ ആണയിടുകയും ചെയ്യും. അതേസമയം,​ വിവിധ സർക്കാർ വകുപ്പുകളുടെ വിജിലൻസ് വിഭാഗം രജിസ്റ്റർ ചെയ്യുന്ന,​ ഉദ്യോഗസ്ഥർ പ്രതികളായ കേസുകളുടെ കണക്ക് ഇടയ്ക്കിടെ മാദ്ധ്യമങ്ങളിൽ കറുത്ത തമാശയായി പ്രത്യക്ഷപ്പെടുകയും ചെയ്യും. കേസുകളുടെ ഈ അതിധാരാളിത്തത്തിനിടയിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന ശുഭവാർത്തകളും എത്തുന്നുണ്ടെന്നത് കാണാതിരിക്കരുത്. ബാങ്ക് വായ്പയ്ക്കു വേണ്ടുന്ന റവന്യു രേഖകൾ നൽകുന്നതിന് കൈക്കൂലി വാങ്ങിയ കാട്ടാക്കട വീരണകാവ് വില്ലേജ് ഓഫീസിലെ മുൻ അസിസ്റ്റന്റ് പി. ബാബു കാണിക്ക് വിജിലൻസ് കോടതി നാലുവർഷം കഠിനതടവും 15,​000 രൂപ പിഴയും ശിക്ഷ വിധിച്ച വാർത്തയും അതേ ദിവസത്തേതു തന്നെ. 2016-ലെ കേസിലാണ് ഇപ്പോഴത്തെ ശിക്ഷാവിധിയെന്നു മാത്രം!

മൂവായിരം രൂപയുടെ കൈക്കൂലി കേസിലാണ് എട്ടുവർഷത്തെ കോടതി നടപടിക്രമങ്ങളുണ്ടായത് എന്നത്,​ നിയമങ്ങളുടെയും നീതിയുടെയും വഴി എത്ര ദുർഘടവും ദൂരദൈർഘ്യമുള്ളതുമാണെന്ന് വ്യക്തമാക്കുന്നതാണ്. പൊതുരംഗത്ത് മൂല്യബോധം നഷ്ടമായതു മാത്രമല്ല,​ അഴിമതി ഇത്രയും വ്യാപകമാകാൻ കാരണം. ജീവിതത്തെക്കുറിച്ചുള്ള പുതിയ കാലത്തിന്റെ വികല സങ്കല്പം മാറേണ്ടതുണ്ട്. സ്വത്തുസമ്പാദനവും ആഡംബരങ്ങളുമാണ് ഒരാളുടെ സാമൂഹിക പദവിയും സ്ഥാനവും നിർണയിക്കുന്നതെന്ന ദുരവസ്ഥ മാറാത്തിടത്തോളം ധനാർത്തിയും,​ അതിനുള്ള കുമാർഗങ്ങളും തുടരും. അതേസമയം,​ ഉദ്യോഗസ്ഥ അഴിമതിക്ക് കൂച്ചുവിലങ്ങിടേണ്ട ഉത്തരവാദിത്വം ജനങ്ങൾ തിര‌ഞ്ഞെടുത്ത സർക്കാരിനും,​ രാഷ്ട്രീയത്തിലെ അഴിമതി നിയന്ത്രിക്കേണ്ട ബാദ്ധ്യത രാഷ്ട്രീയകക്ഷികളുടെ നേതൃത്വങ്ങൾക്കുമുണ്ട്. പരിശോധനകൾ കർശനമാക്കുകയും,​ പിടിക്കപ്പെടുന്നവരുടെ രാഷ്ട്രീയമുഖം നോക്കാതെ കടുത്ത നടപടി സ്വീകരിക്കുകയും,​ അഴിമതിക്കാരെന്നു തെളിയുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയുമാണ് പോംവഴി. ഒപ്പം,​ കോടതി നടപടികളിൽ കുടുങ്ങി,​ ഇരകൾക്ക് നീതി വൈകുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാവുകയും വേണം.

Advertisement
Advertisement