ബലക്ഷയത്തിനൊപ്പം ചോർച്ചയും

Thursday 27 June 2024 12:08 AM IST

ബലക്ഷയം കണ്ടെത്തിയിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുമ്പോൾ കാലവർഷം കനത്തതോടെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ അപകടവസ്ഥ വർദ്ധിപ്പിച്ച് ചോർച്ചയും തുടങ്ങിയിരുക്കുകയാണ്. ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും കെ​ട്ടി​ട​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളും ചോ​ർ​ന്നൊ​ലി​ക്കു​കയാണ്. മഴയത്ത് കുടയുമായി സ്റ്റാൻഡിലേക്ക് എത്തുന്ന യാത്രക്കാർക്ക് സ്റ്റാൻഡിലെത്തിയാലും കുട മടക്കേണ്ട എന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തി.

കോഴിക്കോട് മാവൂർ റോഡിൽ കെ.ടി.ഡി.എഫ്.സി കോടികൾ മുടക്കി കെ.എസ്.ആർ.ടി.സിക്കായി പണിത ബഹുനിലകെട്ടിടങ്ങൾ യാത്രാക്കാർക്ക് ഭീഷണി ഉയർത്തുന്നത്. കോടിക്കണക്കിന് രൂ​​പ ചെ​​ല​​വി​​ൽ പതിനൊന്ന് നിലകളിലായി 2015 ലാണ് കെട്ടിടത്തിന്റെ നി​​ർമ്മാ​​ണം പൂ​​ർത്തി​​യാ​​ക്കി​​യ​​ത്. പുറമെ നിന്ന് നോക്കുമ്പോൾ യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തോന്നുമെങ്കിലും ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നല്ലാതെ യാത്രക്കാർക്ക് ഒരു ചായകുടിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ലെന്നതാണ് സത്യം. നൂറുകണക്കിന് യാത്രക്കാരാണ് പ്രതിദിനം ജില്ലയിൽ ഈ സ്റ്റാൻഡിനെ ആശ്രയിക്കുന്നത്. കെട്ടിടത്തിന് പ്രകടമായ ബലക്ഷയമുണ്ടെന്ന ചെന്നെെ ഐ.ഐ.ടിയുടെ റിപ്പോർട്ട് പുറത്തുവന്നിട്ട് മാസങ്ങളായിട്ടും യാതൊരു അടിയന്തര നടപടികളും ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

മഴയത്ത് ചോർച്ചയും

ബലക്ഷയം പരിഹരിക്കാൻ നടപടി വെെകുമ്പോഴും ടെർമിനലിന്റെ തൂണുകളടക്കമുള്ള കെട്ടിടത്തിന്റെ പലഭാഗത്തും കേടുപാടുകൾ കൂടി വരികയാണ്. മഴ ശക്തമായതോടെ പല ഭാഗങ്ങളും ചോരാൻ തുടങ്ങി. യാത്രക്കാ‌ർ ബസ് കാത്ത് നിൽക്കുന്ന ഭാഗങ്ങളിലെ തൂണുകളുടെ മുകൾ വശമാണ് ചോരുന്നത്. മഴയ്ക്കു ശേഷവും ടെർമിനലിനുള്ളിൽ ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ ചവിട്ടി വേണം യാത്രാക്കാർ ബസ് കയറാൻ. ബസ് കിട്ടാനുള്ള ഓട്ടത്തിനിടയിൽ യാത്രക്കാർ വെള്ളത്തിൽ തെന്നി വീഴുന്നതും പതിവാണ്. ബസ് ടെർമിനലിന്റെ പല ഭാഗങ്ങളിലുള്ള സീ​ലിംഗ് അ​ട​ർ​ന്നു​വീ​ഴുന്നതും യാത്രക്കാരുടെ ഭീതി വർദ്ധിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ഡി​പ്പോ ഓ​ഫീസ് കെ​ട്ടി​ട​ത്തി​ലെ ചോ​ർ​ച്ച കാ​ര​ണം ശു​ചി​മു​റി​ക​ൾ പോലും ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത സ്ഥിതിയുമുണ്ട്. നി​ർ​മ്മാണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാണ് ജീ​വ​ന​ക്കാ​ർ പറയുന്നത്. പട്ടാപ്പകൽ പോലും ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ ടെർമിനലിൽ ഇരുട്ടിലാണ്. ദിനംപ്രതി വിവിധ ജില്ലകളിൽ നിന്നുൾപ്പെടെ നിരവധിപേരാണ് ഇവിടെയെത്തുന്നത്. മഴയത്ത് ചോർന്നൊലിക്കുന്നതിനാൽ ഭാരമേറിയ ബാഗുകളും ദീർഘദൂര യാത്രക്കാർക്ക് നിലത്ത് വയ്ക്കാനും സാധിക്കുന്നില്ല. ബസ് കാത്തു നിൽക്കുന്ന പ്രായമായ വയോധികർ ഉൾപ്പെടെ സ്റ്റാൻഡിൽ ഇരിക്കാൻ മതിയായ ഇരിപ്പിടങ്ങൾ ഇല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ബസ് സ്റ്റാൻഡിലേക്ക് കയറ്റി നിറുത്തുമ്പോഴും തിരിച്ചിറക്കുമ്പോഴും ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ ബസുകൾ ടെർമിനലിലെ തൂണുകൾക്കിടയിൽ പെടുന്നതും പതിവാണ്. ഓരോ ദിവസവും കേടുപാടുകളുമായി കെ.എസ്.ആർ.ടി.സി വർക് ഷോപ്പിലെത്തുന്നത് നിരവധി ബസുകളാണ്.

തുടർനടപടികളില്ല

അന്താരാഷ്ട്ര നിലവാരത്തിലെന്ന് കൊട്ടിഘോഷിച്ച ടെർമിനലിന് വീഴ്ചകളുടെ പരമ്പരകളാണ്. കെ​ട്ടി​ട​ത്തി​ന്റെ ​ചോർ​ച്ചയും ബലക്ഷയവും മാറ്റമില്ലാതെ തുടരുമ്പോഴും അധികൃതർ മൗനവും തുടരുകയാണ്. ടെർമിനലിന് ബലക്ഷയമുണ്ടെന്ന് വിജിലൻസ് ഉൾപ്പെടെ കണ്ടെത്തിയിട്ടും തുടർ പ്രവർത്തനങ്ങളൊന്നും ഇനിയുമുണ്ടായിട്ടില്ല. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ഐ.​ഐ.​ടി നിർദ്ദേശത്തെയും ആരും ഗൗനിക്കുന്നില്ല. ടെ​ർ​മി​ന​ൽ ബ​ല​പ്പെ​ടു​ത്തേ​ണ്ട​ത് പാ​ട്ട​ത്തി​നെ​ടു​ത്ത ആ​ലി​ഫ് ബി​ൽ​ഡേ​ഴ്സ് ത​ന്നെ​യാ​ണെ​ന്ന് കെ.​ടി.​ഡി.​എ​ഫ്.​സിയും ഇ​തി​ൽ എ​തി​ർ​പ്പു​മാ​യി ആ​ലി​ഫും രം​ഗ​ത്തെ​ത്തി​യ​തോ​ടെ വിഷയം കൂടുതൽ സങ്കീർണ്ണമായി. ബ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മാ​ത്ര​മേ കെ.​ടി.​ഡി.​എ​ഫ്.​സി.യി​ൽ​നി​ന്ന് കെ​ട്ടി​ടം ഏ​റ്റെ​ടു​ക്കൂ​വെ​ന്നാ​ണ് ആ​ലി​ഫ് ബി​ൽ​ഡേ​ഴ്സി​ന്റെ നി​ല​പാ​ട്. ഇതിൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ദ്ധ്യക്ഷ​ത​യി​ൽ യോഗം ചേരുമെന്നാണ് നിലവിലെ തീരുമാനം.

നിർമ്മാണത്തിൽ അപാകത?​

നി​ർമ്മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ള്ള​താ​യി തു​ട​ക്കം മു​ത​ൽ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ഇതിനിടെയാണ് 2021ൽ കെ​ട്ടി​ടം 30 വ​ർ​ഷ​ത്തേ​ക്ക് ആ​ലി​ഫ് ബിൽഡേഴ്സിന് തു​ച്ഛ​മാ​യ വാ​ട​ക നി​ശ്ച​യി​ച്ച് പാ​ട്ട​ത്തി​ന് ന​ൽ​കിയത്. പി​ന്നാ​ലെയാണ് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന് മ​ദ്രാ​സ് ഐ.​ഐ.​ടി റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​ന്നത്. ടെ​​ർമി​​ന​​ലി​​ലെ 95 ശ​​ത​​മാ​​നം തൂ​​ണു​​ക​​ളും ബ​​ല​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാണ് മ​​ദ്രാ​​സ്​ ഐ.​​​ഐ.​​ടി​​യു​​ടെ റി​​പ്പോ​​ർ​​ട്ട്. 80 ശ​​ത​​മാ​​നം ബീ​​മു​​ക​​ളും 20 ശ​​ത​​മാ​​നം സ്ലാ​​ബു​​ക​​ളും ശ​​ക്തി​​പ്പെ​​ടു​​ത്തണമെന്നും ബ​ല​പ്പെ​ടു​ത്ത​ലി​ന് 35 കോ​ടി ചെ​ല​വാ​കു​മെ​ന്നും വി​ദ​ഗ്ദ്ധ സം​ഘം നി​ർ​ദേ​ശി​ച്ചു. സർക്കാർ സമിതി മൂന്നുവട്ടം ഐ.ഐ.ടി വിദഗ്ദ്ധരുമായി ചർച്ച നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ആറുമാസംകൊണ്ട് കെട്ടിടം ബലപ്പെടുത്തുമെന്നായിരുന്നു മുൻ ഗതാഗതമന്ത്രി ആന്റണി രാജു നൽകിയ ഉറപ്പ്. പക്ഷേ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടില്ല. ടെർമിനൽ ബ​​ല​​പ്പെ​​ടു​​ത്തിയെടുക്കാൻ നി​ർ​മ്മാ​ണ​ച്ചെ​ല​വി​ന്റെ പ​​കു​​തി​ തു​ക വേ​ണമെന്നിരിക്കെ ഈ ​പ​ണത്തിനായി കെ.​എ​സ്.​ആ​ർ.​ടി.​സി ഭൂ​മി കെ.​ടി.​ഡി.​എ​ഫ്.​സി​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളും തുടങ്ങി. ന​ട​പ​ടി​ക​ൾ വൈ​കി​യ​തിനെതുടർന്ന് കെ​ട്ടി​ടം ബ​ല​പ്പെ​ടു​ത്തി ഉ​ട​ൻ കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യവുമായി ആ​ലി​ഫ് ഹൈ​ക്കോ​ട​തി​യെ സമീപിച്ചു. കെ​ട്ടി​ടം നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ​ത​ന്നെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് ധാ​ര​ണ​യെ​ന്നും ബ​ല​പ്പെ​ടു​ത്ത​ൽ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ലെ​ന്നും കെ.​ടി.​ഡി.​എ​ഫ്.​സി ഹൈക്കോ​ട​തി​യെ ബോധിപ്പിച്ചു. അതേ സമയം കെ​ട്ടി​ടം ഏ​റ്റെ​ടു​ത്തി​ല്ലെ​ന്ന് ആ​ലി​ഫ് പറയുമ്പോഴും താ​ഴെ നി​ല​യി​ലെ പാ​ർ​ക്കിംഗ്, ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ക​ൾ​നി​ല​യി​ലെ ക​ട​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള വാ​ട​ക പി​രി​ക്കു​ന്ന​ത് ആ​ലി​ഫാ​ണ്. കെ.​ടി.​ഡി.​എ​ഫ്.​സി​ക്കോ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കോ ഇ​തി​ൽ ഒ​രു പ​ങ്കും ന​ൽ​കു​ന്നി​ല്ല.

ടെർമിനലിന്റെ അപാകതകൾ പരിഹരിക്കാതെ അധികൃതർ മുന്നോട്ട് പോകുമ്പോഴും യാത്രക്കാർ നേരിടുന്ന പ്രശ്നത്തിന് പരിഹാരത്തിന് ഇനി എത്ര നാൾ കൂടി കാത്തിരിക്കണമെന്നാണ് ഉയരുന്ന ചോദ്യം. ജീവനക്കാരുടെയും യാത്രക്കാരുടെയും ഭാഗത്ത് നിന്ന് പ്രതിഷേധ ശബ്ദങ്ങൾ ഉയരുന്നുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ലെന്ന് മാത്രം. ഇപ്പോഴും യാതൊരു സുരക്ഷയുമില്ലാതെയാണ് ആളുകൾ ബസ് കയറാനെത്തുന്നത്. ഇനിയെങ്കിലും കോടികൾ മുടക്കി പണിത ഈ കെട്ടിടം നഷ്ടത്തിന്റെ സ്മാരകമാവാതിരിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് അടിയന്തരമായ ഇടപെടൽ വേണം.

Advertisement
Advertisement