മുപ്പത് വർഷമായി കേരളകൗമുദി ഏജന്റ് പത്ര വിതരണത്തിൽ നാല് തലമുറകൾ പിന്നിട്ട് അയ്യങ്കാനാൽകുടുംബം

Wednesday 26 June 2024 10:31 PM IST

പയ്യാവൂർ: മലയോര മേഖലയിലെ പത്ര വിതരണത്തിൽ നാല് തലമുറകൾ പിന്നിടുകയാണ് പയ്യാവൂരിലെ പത്രം ഏജന്റ് അയ്യങ്കാനാൽ തോമസിന്റെ കുടുംബം. വിവിധ ദിനപ്പത്രങ്ങൾ മലയോരങ്ങളിലെ കുടിയേറ്റ ഗ്രാമങ്ങളിലെത്തിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച അയ്യങ്കാനാൽ കുടുംബത്തിലെ മുതിർന്ന അംഗമായ തോമസ് ചേട്ടന് പത്ര വിതരണ രംഗത്ത് ഏഴര പതിറ്റാണ്ട് കാലത്തെ പാരമ്പര്യമാണുള്ളത്.

കഴിഞ്ഞ മുപ്പത് വർഷത്തോളമായി കേരളകൗമുദി അടക്കമുള്ള പത്രങ്ങളുടെ പയ്യാവുരിലെ ഏജന്റാണ്. നിലവിൽ തോമസ് ചേട്ടന്റെ ഭാര്യയും മൂന്ന് മക്കളും ഒരു കൊച്ചുമകളുമടക്കം കുടുംബത്തിലെ എല്ലാവരും പയ്യാവൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വിവിധ പത്രങ്ങളുടെ ഏജന്റുമാരാണ്. എഴുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് ചെമ്പേരിയിൽ കുടിയേറിയ പൊതുപ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അയ്യങ്കാനാൽ കുഞ്ഞേട്ടൻ എന്നറിയപ്പെട്ടിരുന്ന ജോസഫ് അയ്യങ്കാനാൽ തോമസ് ചേട്ടന്റെ പിതൃസഹാേദരനും മാർഗദർശിയുമാണ്. കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന കുഞ്ഞേട്ടന് പത്രവായന നിർബന്ധമായിരുന്നു. കുഞ്ഞേട്ടന്റെ കുടുംബം മലബാറിൽ കുടിയേറി താമസമാരംഭിച്ച ചെമ്പേരിയിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള തളിപ്പറമ്പിൽ മാത്രമാണ് അന്ന് പത്രം ലഭ്യമായിരുന്നത്. പിന്നീട് ശ്രീകണ്ഠപുരം കേന്ദ്രമാക്കി ഒരു ഏജൻസി ആരംഭിച്ചു.
ഒരുദിവസം കുഞ്ഞേട്ടൻ ജ്യേഷ്ടനും വ്യാപാരിയുമായിരുന്ന തോമസ് ചേട്ടന്റെ പിതാവിനെ കണ്ടപ്പോൾ ആറ് ആൺമക്കളുള്ള നിങ്ങളുടെ കുടുംബത്തിന് പത്രവിതരണം എളുപ്പമാകുമെന്ന് പറഞ്ഞ് ഏജൻസി എടുപ്പിക്കുകയായിരുന്നു. മഴക്കാലത്ത് റോഡുകളിൽ വെള്ളം കയറി യാത്ര തടസപ്പെടുമ്പോൾ ചേരൻകുന്നിൽ പോയി തലച്ചുമടായി പത്രം കൊണ്ടുവരും. തോമസ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പത്രവിതരണം തുടങ്ങിയിരുന്നു. ഇപ്പോഴും പയ്യാവൂർ ടൗൺ ഏജന്റായി തുടരുന്നു. വിവാഹിതനായ ശേഷം ഭാര്യ ഏലിയാമ്മ തോമസിന്റെ പേരിൽ പൈസക്കരിയിൽ ഏജൻസി തുടങ്ങി. മൂന്ന് മക്കളിൽ പ്രിൻസ് ചന്ദനക്കാംപാറയിലും, പ്രദീഷ് കാഞ്ഞിരക്കൊല്ലിയിലും പ്രസ്റ്റിൻ മുത്താറിക്കുളത്തും ഏജന്റുമാരാണ്. അവരും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പത്രം വിതരണം ചെയ്യുന്നു. കൂടാതെ മൂത്ത മകന്റെ മകൾ ഏയ്ഞ്ചൽ പ്രിൻസും പത്ര ഏജന്റാണ്.

കാലം മാറി;തോമസ് ചേട്ടനും

കാലത്തിനൊത്ത മാറ്റം തോമസ് ചേട്ടന്റെ പത്ര വിതരണത്തിലും മാറ്റമുണ്ടായി. ബൈക്ക്, ഒട്ടാേറിക്ഷ, കാർ തുടങ്ങിയവയിൽ വരിക്കാരുടെ വീട്ടുമുറ്റങ്ങളിലെത്തിച്ചാണ് ഇപ്പോൾ പത്രങ്ങൾ നൽകുന്നത്. അത് പോലെ തന്നെ വരിസംഖ്യ ഡിജിറ്റലായി. ഓരോ വരിക്കാരുടേയും വരിസംഖ്യ യഥാസമയം തോമസ് ചേട്ടന്റെ അക്കൗണ്ടിലേക്കെത്തിക്കുന്നതിനായി 'ബിക്സ് ന്യൂസ്‌പേപ്പർ' എന്ന ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. പണം സ്വീകരിച്ച് ഉടനെ വാട്സ്ആപ്പ് വഴിയോ എസ്.എം.എസ് വഴിയോ വരിസംഖ്യ അടച്ചതിന്റെ റെസീറ്റും ലഭ്യമാക്കും. പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്ന് തോമസ് ചേട്ടൻ പറയുന്നു.

Advertisement
Advertisement