തോട്ടപ്പള്ളി ഹാർബറിൽ വള്ളങ്ങൾക്ക് ഭീഷണിയായി ചെളിയും മണലും

Thursday 27 June 2024 1:31 AM IST

അമ്പലപ്പുഴ : സർക്കാർ ഖജനാവിൽ നിന്ന് കോടികൾ മുടക്കി നിർമിച്ച തോട്ടപ്പള്ളി ഫിഷിംഗ് ഹാർബർ മത്സ്യബന്ധന വള്ളങ്ങൾക്ക് ഭീഷണിയാകുന്നു. ചെളിയും മണലും അടിഞ്ഞുകൂടി ആഴം കുറഞ്ഞതുമൂലം കൂടുതൽ വള്ളങ്ങൾക്കു നങ്കൂരമിടാൻ സാധിക്കുന്നില്ല. 18കോടി രൂപ ചെലവിൽ 2005 ൽ നിർമാണം തുടങ്ങിയ ഹാർബറിൽ 300ഓളം വള്ളങ്ങൾക്കു പ്രവേശിക്കാനും മത്സ്യം ഇറക്കാനുമുള്ള സൗകര്യമാണ് ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ ഉദ്ഘാടനം കഴിഞ്ഞപ്പോൾ മുതൽ ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണത്തെക്കുറിച്ചു നിരവധി പരാതികളും ആക്ഷേപങ്ങളും ഉയർന്നിരുന്നു. ചാകര തെളിഞ്ഞാൽ ജില്ലയുടെ വിവിധ തീരങ്ങളിൽ നിന്നു നൂറുകണക്കിന് വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിൽ മത്സ്യവുമായെത്തേണ്ടതാണ്. എന്നാൽ വലിയ വള്ളങ്ങൾക്ക് ഏറെ പണിപ്പെട്ടേ ഇവിടേക്ക് പ്രവേശിക്കാൻ കഴിയൂ. ലൈലാൻഡ് വള്ളങ്ങളുടെ കാരിയർ വള്ളങ്ങൾക്കു മാത്രമേ കടക്കാനാകുകയുള്ളൂ. മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനകരമായ രീതിയിൽ ഹാർബർ പുനർനിർമ്മിക്കണമെന്നാവശ്യം ശക്തമാണ്.

ആഴം കുറവ്, വിസ്താരവുമില്ല

 പ്രധാനമായും ആഴക്കുറവും ഹാർബറിന്റെ വിസ്താരമില്ലായ്മയുമാണ് വള്ളങ്ങൾ അടുപ്പിക്കുന്നതിന് തടസമാകുന്നത്

 പരാതികൾ ഉയർന്നപ്പോൾ ഒരുവർഷം മുമ്പ് മണലും ചെളിയും നീക്കംചെയ്യാൻ ആരംഭിച്ചെങ്കിലും പാതി വഴിയിൽ നിലച്ചു

 അർത്തുങ്കൽ,വലിയഴീക്കൽ ഹാർബറുകൾക്കിടയിൽ മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്നത് തോട്ടപ്പള്ളിയെയാണ്

 എന്നാൽ ട്രോളിംഗ് നിരോധന കാലയളവിൽ പോലും ഇവിടെ ബോട്ടുകൾക്ക് നങ്കൂരമിടാൻ സാധിച്ചിട്ടില്ല

നിർമ്മാണ ചെലവ്: 18 കോടി

മണൽ വാരിയാലും ഉടൻ തന്നെ വീണ്ടും മണൽ നിറയുന്നതാണ് തോട്ടപ്പള്ളി ഹാർബറിന്റെ ശാപം. നങ്കൂരമിടുന്ന വള്ളങ്ങൾ കൂട്ടിയിടിച്ച് ക് കേടുപാടു സംഭവിക്കുന്നതും പതിവാണ്

- രാജൻ,വള്ളംഉടമ

Advertisement
Advertisement