പുതിയങ്ങാടിയിലെ ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർന്നു ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Wednesday 26 June 2024 10:36 PM IST

പഴയങ്ങാടി:പുതിയങ്ങാടി ബസ്റ്റാൻഡിന് സമീപത്തെ ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർച്ച. ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ് മമ്മസൻ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള സീ സൈഡ് ഐസ് പ്ലാൻഡിലാണ് ചോർച്ച ഉണ്ടായത്. അറ്റകുറ്റ പണിക്കിടെ അമോണിയം കടന്നു പോകുന്ന മൂന്ന് പൈപ്പുകളിൽ നിന്നാണ് ചോർച്ച ഉണ്ടായത്.

ആദ്യ പൈപ്പ് പ്ലാന്റ് ജീവനക്കാർക്ക് അടക്കാൻ കഴിഞ്ഞെങ്കിലും രണ്ടു പൈപ്പുകൾ അമോണിയം ഗ്യാസ് പുറം തള്ളുന്ന ശക്തി കാരണം അടക്കാൻ കഴിയാതെ വരുകയായിരുന്നു. പയ്യന്നൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പി.വി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേന എത്തി ചോർച്ച അടക്കുകയായിരുന്നു. ഐസ് പ്ലാന്റിന്റെ പരിസരമാകെ അമോണിയം ഗ്യാസിന്റെ ഗന്ധം പടർന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. പഴയങ്ങാടി പോലീസിലെ സി ഐ എ ആനന്ദകൃഷ്ണൻ, എസ് ഐ ടി എൻ ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജനങ്ങളെ പ്ലാന്റിന്റെ പരിസരത്തുനിന്ന് മാറ്റി നിർത്തി.

അറ്റകുറ്റപണി പൂർത്തിയായതിന് ശേഷം മാത്രമേ പ്ലാന്റ് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളുവെന്ന് സംഭവ സ്ഥലത്ത് എത്തിയ തളിപ്പറമ്പ് ആർ.ഡി.ഒ ടി.എ.അജയകുമാർ പറഞ്ഞു. പയ്യന്നൂർ തഹസിൽദാർ ആർ.ജയേഷ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ, വാർഡ് മെമ്പർ എം.റഫീഖ്, മാടായി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഒടിയിൽ റഷീദ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

Advertisement
Advertisement