വാഹന ഇടപാടുമായി ബന്ധപ്പെട്ട് തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി

Thursday 27 June 2024 1:49 AM IST

കണ്ണൂർ: കാറിലെത്തിയ സംഘം സ്‌കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കണ്ണൂർ മുണ്ടേരി സ്വദേശി സുറൂറിനെ യാണ് തട്ടിക്കൊണ്ടുപോയത്. മുണ്ടേരി കൈപ്പക്ക മൊട്ടയിൽ ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ കടയിൽ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിക്കച്ചവടവും സ്ഥലക്കച്ചവടവുമാണ് സുറൂറിന്റെ വരുമാന മാർഗ്ഗം. ടിപ്പർ ലോറി ഇടപാടുമായി ബന്ധപ്പെട്ട മൂന്നര ലക്ഷത്തിന്റെ ഇടപാടിൽ സുരൂർ കാസർകോട് പാണത്തൂരിലെ ചിലർക്ക് പണം നൽകാതെ മുങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബന്ധുവായ യുവാവിന്റെ പരാതിയിൽ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് പിന്തുടർന്ന പൊലീസ് ഇന്നലെ വൈകിട്ടോടെ ചിറ്റാരിക്കലിൽ വച്ച് ഉപേക്ഷിച്ച നിലയിൽ സുറൂറിനെ കണ്ടെത്തി. പൊലീസ് പിന്തുടരുന്നെന്ന വിവരം മനസ്സിലായതിനെ തുടർന്ന് കാർ ഉപേക്ഷിച്ചാണ് സംഘം കടന്നു കളഞ്ഞത്. യുവാവിനെയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കാസർകോട് പൊലീസ് ചക്കരക്കൽ പൊലീസിന് കൈമാറി.

Advertisement
Advertisement