മീനാങ്കലിൽ വീണ്ടും കാട്ടാനക്കൂട്ടം

Thursday 27 June 2024 4:56 AM IST

വിതുര: ആര്യനാട് വിതുര പഞ്ചായത്തുകളുടെ മീനാങ്കൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. മീനാങ്കൽ, പന്നിക്കുഴി, മണ്ണാത്തിപ്പാറ പ്രദേശത്താണ് കാട്ടാനകൾ ഇറങ്ങിയത്. ഒരുകുട്ടിയാനയടക്കം മൂന്ന് ആനകളാണ് മണിക്കൂറുകളോളം ഭീതിപരത്തി വിഹരിച്ചത്. ആനകൾ പിൻവാങ്ങാതെ വന്നതോടെ നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചു. തുടർന്ന് പരുത്തിപ്പള്ളി ഫോറസ്റ്റ് സെക്ഷനിലെ ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചാണ് ആനകളെ തുരത്തിയത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. മുൻപും മീനാങ്കൽ, പന്നിക്കുഴി മേഖലയിൽ അനവധി തവണ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. നേരത്തെ രാത്രികാലങ്ങളിലാണ് കാട്ടാനക്കൂട്ടം എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പകൽസമയത്തും ആനകൾ എത്താറുണ്ട്. ഇതോടെ നാട്ടുകാർ പ്രതിസന്ധിയിലാണ്. അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

 ലക്ഷ്യം ചക്ക

വനത്തിനോടു ചേർന്നുള്ള മീനാങ്കൽ, പന്നിക്കുഴി മേഖലയിൽ കാട്ടാനകൾ എത്തുന്നത് ചക്ക കഴിക്കാനാണെന്ന് വനപാലകർ പറയുന്നു. കഴിഞ്ഞദിവസം റബർ തോട്ടത്തിൽ ആനകൾ എത്തിയത് പരിസരത്ത് നിൽക്കുന്ന പ്ലാവുകളിലെ ചക്ക തിന്നാനാണ്. ചക്ക സീസൺ കഴിയുമ്പോൾ ആനകളും പിൻവാങ്ങും. മീനാങ്കലിന് പുറമേ വിതുര പഞ്ചായത്തിലും കാട്ടാനശല്യമുണ്ട്. മിക്ക മേഖലകളിലും പ്ലാവ് മറിച്ചിട്ട് ചക്ക തിന്നുതായും പരാതിയുണ്ട്.

 കാട്ടാനകളുടെ പ്രധാന കേന്ദ്രങ്ങൾ

വിതുര പഞ്ചായത്തിലെ പൊടിയക്കാല, കുട്ടപ്പാറ, ചാത്തൻകോട്, ചെമ്മാംകാല, മണലി, മൊട്ടമൂട്, മംഗലകരിക്കകം, ആറാനക്കുഴി

പ്രതികരണം

ആര്യനാട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മീനാങ്കൽ, പന്നിക്കുഴി മേഖലയിൽ വർദ്ധിച്ചുവരുന്ന കാട്ടാനശല്യത്തിന് അടിയന്തപരിഹാരം കാണണം.

മീനാങ്കൽകുമാർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം.

Advertisement
Advertisement