വീണ്ടും കൈ കോർത്ത് സമസ്‌തയും ലീഗും 

Thursday 27 June 2024 1:00 AM IST

കോഴിക്കോട്: തിരഞ്ഞെടുപ്പിന് ശേഷം ശീതസമരം അവസാനിച്ച് സമസ്തയും മുസ്ലിം ലീഗും. കോഴിക്കോട് ഇന്നലെ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃസംഗമത്തിൽ സമസ്തയെ പുകഴ്ത്തി ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

സമസ്തയുടെ യുവജനസംഘടനയുടെ സംസ്ഥാന പ്രസിഡന്റെങ്കിലും യോഗത്തിലെ അദ്ധ്യക്ഷൻ സാദിഖലിയായിരുന്നു. അജയ്യമായ പ്രസ്ഥാനമാണ് സമസ്തയെന്ന് അദ്ദേഹം പറഞ്ഞു. അത് നിലനിൽക്കേണ്ടത് മുസ്ലീങ്ങളുടെ മാത്രമല്ല, ഇതര സമൂഹത്തിന്റെ കൂടി ആവശ്യമാണ്. പ്രകാശ വർഷത്തിലേക്കുള്ള പ്രയാണമാണ് സമസ്ത നിർവഹിക്കുന്നത്. സമസ്തയെ സംരക്ഷിക്കുകയും എന്നും ഒപ്പം നിൽക്കുകയുമാണ് നമ്മുടെ ഉത്തരവാദിത്വമെന്നും സാദിഖലി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തെ ഇടത് ചാഞ്ചാട്ടത്തിനടക്കമുള്ള മറുപടിയായിരുന്നു രാഷ്ട്രീയം പറയാതെയുള്ള സാദിഖലിയുടെ പ്രസംഗം. ഇടതുപക്ഷത്തിനനുകൂലമായ നിലപാടുകളും അതിനെതിരെ ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാമിന്റെ മറുപടികളുമെല്ലാം ഇരുപക്ഷത്തേയും വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതിനുശേഷം എല്ലാം മറന്നുള്ള മഞ്ഞുരുകലായിരുന്നു ഇന്നലെ.

 'മുസ്ലീം വിശ്വാസത്തെ സമസ്ത സംരക്ഷിച്ചു"

നീതിയിലധിഷ്ഠിതമായ ശരീഅത്തിന്റെ സംരക്ഷണത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടനയാണ് സമസ്തയെന്ന് നേതൃസംഗമം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുസ്ലീങ്ങളുടെ വിശ്വാസങ്ങളേയും കർമ്മങ്ങളേയും ആചാരങ്ങളേയും സമസ്ത സംരക്ഷിച്ചു. ദീനിന്റെ ആശയങ്ങളെ വികലമാക്കാൻ പല വിഘടനവാദികളും വന്നു. ഇത്തരം വിഘടിത പ്രസ്ഥാനങ്ങളുടെ യാഥാർത്ഥ്യങ്ങൾ സമസ്ത തുറന്നുകാണിച്ചു. പല കള്ളന്മാരും വ്യാജന്മാരും ശ്രേഷ്ഠൻമാരായി പ്രത്യക്ഷപ്പെട്ടു. അതിനെയൊക്കെ സമസ്‌ത അടിച്ചമർത്തുകയും പ്രതിരോധിക്കുകയും തുറന്നു കാണിക്കുകയും ചെയ്തിട്ടുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

പുതിയങ്ങാടി വരക്കൽ മഖാം സിയാറത്തോടെയാണ് നേതൃസംഗമ പരിപാടികൾക്ക് തുടക്കമായത്. കോഴിക്കോട് സമസ്ത അങ്കണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റ് എം.കെ. മൊയ്തീൻ കുട്ടി മുസ്‌ലിയാർ പതാകയുയർത്തി. വൈസ് പ്രസിഡന്റ് എം.പി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ നെല്ലായ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി.

Advertisement
Advertisement