തമിഴ്നാടിന് തിരിച്ചടി:  അന്തർ സംസ്ഥാന ബസുകളെ തടയരുത്:സുപ്രീംകോടതി

Thursday 27 June 2024 4:21 AM IST

ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള ബസുകളെ തടയരുതെന്ന് തമിഴ്നാടിനോട് സുപ്രീംകോടതി. കേരളത്തിലെ ഉൾപ്പെടെ അന്തർ സംസ്ഥാന ബസ് ഓപ്പറേറ്റർമാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. തമിഴ്നാട് സർക്കാരിന് നോട്ടീസ് അയക്കാനും നിർദ്ദേശിച്ചു. ആഗസ്റ്റ് 12നകം മറുപടി നൽകണം.

തമിഴ്നാട്ടിലൂടെ സർവീസ് നടത്തണമെങ്കിൽ അവിടെ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന തമിഴ്നാട് മോട്ടോർവാഹന വകുപ്പിന്റെ നിർദ്ദേശത്തെയാണ് അഖിലേന്ത്യാ പെർമിറ്റുള്ള അന്യസംസ്ഥാന ബസുകളുടെ ഉടമകൾ ചോദ്യം ചെയ്യുന്നത്. ബസുകൾ വിവിധ സ്ഥലങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റിയും ഇറക്കിയും സ്റ്റേജ് ക്യാരേജ് സർവീസ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാടിന്റെ നടപടി. ഏത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത വാഹനത്തിനും ഇന്ത്യയൊട്ടാകെ സഞ്ചരിക്കാമെന്ന് ബസ് ഉടമകൾ വാദിക്കുന്നു. അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള ബസുകൾ തടയാൻ തമിഴ്നാടിന് അധികാരമില്ല. തമിഴ്നാടിന്റെ നിർദ്ദേശം മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്നും റദ്ദാക്കണമെന്നും ഹർജികളിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലൂടെ കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നിരവധി ബസുകൾ സർവീസ് നടത്തുന്നുണ്ട്.ബംഗളൂരുവിലേക്ക് പോയ ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടത് വിവാദമായിരുന്നു.

Advertisement
Advertisement