20 മണിക്കൂറിന് ശേഷം 'പരിധിക്കുള്ളിലായി" ചെയർമാൻ

Thursday 27 June 2024 11:54 PM IST

തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതി ചേർക്കട്ടപ്പെട്ടതു മുതൽ പരിധിക്ക് പുറത്തായിരുന്ന നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജിനെ ഫോണിൽ ലഭ്യമായത് 20 മണിക്കൂറിന് ശേഷം. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ അസി. എൻജിനിയറും കോൺട്രാക്ടറായ ഇടനിലക്കാരനും അറസ്റ്റിലായ സംഭവത്തിൽ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചെയര്‍മാന്‍ രണ്ടാം പ്രതി ചേര്‍ക്കപ്പെട്ടെന്ന് വിവരമറിഞ്ഞത് മുതൽ മാദ്ധ്യമപ്രവർത്തകരടക്കം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭിച്ചില്ല.. ഇന്നലെ രാവിലെ നടന്ന നഗരസഭാ കൗൺസിലിലും ചെയർമാൻ പങ്കെടുത്തില്ല. ഒടുവിൽ വൈകിട്ട് ആറ് മണിയോടെയാണ് ചെയർമാനെ ഫോണിൽ ലഭിച്ചത്. ആരോപണങ്ങളെല്ലാം നിഷേധിച്ച ചെയർമാൻ താൻ തെറ്റുകാരനല്ലെന്നും രാജി വയ്ക്കില്ലെന്നും തറപ്പിച്ച് പറഞ്ഞു.


'ഞാൻ തെറ്റുകാരനല്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ രാജി ആവശ്യത്തോട് പ്രതികരിക്കാനില്ല. പ്രതിപക്ഷം വീണ് കിട്ടിയ അവസരം ഉപയോഗിക്കുകയാണ്. ഇതിൽ സത്യമില്ല. എനിക്ക് പണം വാങ്ങി കാര്യം സാധിച്ചുകൊടുക്കാനാണെങ്കിൽ എന്തൊക്കെ ചെയ്യാം. നാലു വർഷത്തിനിടെ തൊടുപുഴ നഗരസഭയിൽ ആരൊടെങ്കിലും ഞാൻ പണം ആവശ്യപ്പെട്ടെന്നു തെളിയിച്ചാൽ നാളെ രാജിവയ്ക്കാം. പിടിയിലായ ഉദ്യോഗസ്ഥൻ അഴിമതിക്കാരനാണെന്ന് എല്ലാവർക്കും അറിയാം. ആരോപണം ഉയർന്ന സ്‌കൂളിന് ഫിറ്റ്നസ് കഴിഞ്ഞ തവണ ഉപാധികളോടെയാണ് നൽകിയത്. ഇത്തവണ ഇതുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതർ എത്തിയപ്പോൾ കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ സാമ്പത്തിക ഇടപാടുകൾ ഉള്ളയാളാണെന്ന് പറഞ്ഞിരുന്നു. സാമ്പത്തികമായി പലരിൽ നിന്നും ഉദ്യോഗസ്ഥൻ പണം വാങ്ങുന്നുണ്ടെന്നും അങ്ങിനെ വല്ലതും കിട്ടുമെങ്കിൽ കൊടുത്തോ എന്ന് സാധാരണ പറയുന്നത് പോലെ പറഞ്ഞതാണ്. അതാണ് ഇതിൽ പ്രതിചേർക്കപ്പെടാൻ കാരണം. ഞാൻ ഈ വിഷയത്തിൽ കുറ്റക്കാരനല്ല."

-നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ്

Advertisement
Advertisement