കൊവിഡ് കാലത്ത് പഠനം മുടങ്ങിയവർക്ക് ആശ്വാസം വിദേശ എം.ബി.ബി.എസ്: ഒരു വർഷം ഇന്റേൺഷിപ്പ് മതി

Thursday 27 June 2024 12:38 AM IST

കൊച്ചി: വിദേശത്ത് എം.ബി.ബി.എസ് പഠിച്ചവരോടുള്ള വിവേചനം നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി ) ഒടുവിൽ തിരുത്തി. കൊവിഡും യുദ്ധവും മൂലം ഓൺലൈൻ ക്ളാസുകളിൽ പഠിച്ചവർ മൂന്നു വർഷം ഇന്റേൺഷിപ്പ്

(ഹൗസ് സർജൻസി ) ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ച് ഒരു വർഷമാക്കി. എന്നാൽ, കൊവിഡ് കാലത്ത് ഓൺലൈനിൽ പഠിച്ചവർ സർവകലാശാലയിൽ തിരിച്ചെത്തി ക്ളാസിലിരുന്നതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

കൊവിഡും യുക്രെയിൻ യുദ്ധവും മൂലം നാട്ടിൽ തിരിച്ചെത്തിയവർ മൂന്നു വർഷം ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്യണമെന്ന് ജൂൺ ഏഴിന് പുറത്തിറക്കിയ ഉത്തരവിൽ എൻ.എം.സി നിർദ്ദേശിച്ചിരുന്നു. സർവകലാശാലയിൽ തിരിച്ചെത്തി ക്ളാസിലിരുന്നതിന്റെ സർട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്നും അറിയിച്ചിരുന്നു.ഓൺലൈനിന് പകരം നേരിട്ട് പഠിച്ച് വിജയിച്ചവർ ഒരു വർഷം ഇന്റേൺഷിപ്പ് ചെയ്താൽ മതിയെന്ന് പുതിയ ഉത്തരവിൽ പറയുന്നു. നേരിട്ട് പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന 2023 ഡിസംബർ ഏഴിലെ ഉത്തരവ് പാലിക്കണം.

കൊവിഡും യുദ്ധവും മൂലം ഓൺലൈനിൽ പഠിക്കേണ്ടി വന്നവരോടുള്ള വിവേചനമാണ് മൂന്നു വർഷ ഇന്റേൺഷിപ്പ് നിർദ്ദേശമെന്ന് ആക്ഷേപമുയർന്നിരുന്നു. കൊവിഡ് കാലത്ത് ഇന്ത്യയിലും ഓൺലൈൻ പഠനമായിരുന്നു.

വിദേശ എം.ബി.ബി.എസുകാർ മൂന്നു വർഷം ഇന്റേൺഷിപ്പ് ചെയ്യണമെന്ന ഉത്തരവ് 'കേരളകൗമുദി" ജൂൺ 10ന് റിപ്പോർട്ട് ചെയ്തിരുന്നു. വിവേചനത്തിനെതിരെ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ, ഓൾ കേരള യുക്രെയിൻ സ്റ്റുഡന്റ്സ് ആൻഡ് പേരന്റ്സ് അസോസിയേഷൻ എന്നിവ നിവേദനം സമർപ്പിച്ചിരുന്നു.

''വിദേശ വിദ്യാർത്ഥികളോടുള്ള വിവേചനമാണ് തിരുത്തപ്പെട്ടത്. വിദേശത്തും ഇന്ത്യയിലും പഠിച്ചവർക്ക് തുല്യമായ ഇന്റേൺഷിപ്പ് ഏർപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നു.""

-ആൻഡ്രൂസ് മാത്യു

പ്രസിഡന്റ്

ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് പേരന്റ്സ് അസോ.

Advertisement
Advertisement