അടച്ച്പൂട്ടിയിട്ട് 3 വർഷം ചർച്ചയിലൊതുങ്ങി അകമല ഫോറസ്റ്റ് സ്റ്റേഷൻ

Thursday 27 June 2024 12:06 AM IST

വടക്കാഞ്ചേരി: അടച്ച്പൂട്ടിയിട്ട് മൂന്നു വർഷമായ അകമല ഫോറസ്റ്റ് സ്റ്റേഷൻ പുന:സ്ഥാപിപ്പിക്കുന്നത് ചർച്ചകളിൽ മാത്രം ഒതുങ്ങുന്നു. അടച്ച് പൂട്ടൽ തീരുമാനം വൻ പരാജയമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വനം വകുപ്പ് സ്റ്റേഷൻ വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചത്. സ്റ്റേഷൻ നിർത്തിയതോടെ അകമല വനമേഖല കാട്ടു കൊള്ളക്കാരുടെ വിഹാരകേന്ദ്രമായെന്ന് ആരോപണമുണ്ട്. ആന വേട്ട സംഘവും മേഖലയിൽ സജീവമാണ്. കാട്ടു കൊമ്പനെ കൊന്ന് കുഴിച്ച് മൂടി കൊമ്പ് വെട്ടിയെടുത്ത സംഭവവും ഈ പരിധിയിൽ ഉൾപ്പെടും. തൃശൂർ ഡിവിഷന്റെ കീഴിലുള്ള അകല ഫോറസ്റ്റ് സ്റ്റേഷൻ പുന:സ്ഥാപിക്കുന്നതിന് മന്ത്രി തല ചർച്ചയിൽ തീരുമാനമെടുത്തിരുന്നുവെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. തൃശൂർ പീച്ചി ഫോറസ്റ്റ് ഡിവിഷനുകൾ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2021 ഏപ്രിൽ 18ന് അകമല സ്റ്റേഷൻ അടച്ച് പൂട്ടി 18 ജീവനക്കാരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചത്. ഇതോടൊപ്പം പൂങ്ങോട് സ്റ്റേഷനും നിർത്തലാക്കിയിരുന്നെങ്കിലും പിന്നീട് പുന:സ്ഥാപിച്ചു. പൂങ്ങോട് പൂർണമായും പ്ലാന്റേഷൻ ഏരിയയിലുള്ള സ്‌റ്റേഷനാണ് എന്നാൽ അകമല റിസർവ് വനം ഉൾപ്പെടുന്ന പ്രദേശവും. ഒട്ടേറെ ജൈവ വൈവിധ്യങ്ങൾ ഉൾകൊള്ളുന്ന അകമല സ്റ്റേഷൻ പരിധിയിൽ ചന്ദന മരങ്ങൾ ധാരാളമുണ്ട്. പീച്ചി വാഴാനി വന്യ ജീവി സങ്കേതത്തോട് തൊട്ടു കിടക്കുന്നതാണ് അകമല ഫോറസ്റ്റ് സ്റ്റേഷൻ. 3 ഹെക്ടർ കി.മീറ്ററാണ് വിസ്തൃതി. വനംകൊള്ള തുടർച്ചയായി നടക്കുന്ന പ്രദേശം കൂടിയാണ് ഇവിടെ. സർക്കാർ നടപടി വനംകൊള്ളക്കാരെ പ്രോത്സാഹിപ്പിക്കാനാണെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. വനംമന്ത്രി എ. കെ. ശശീന്ദ്രൻ മന്ത്രി കെ.രാധാകൃഷ്ണന് അകമല സ്റ്റേഷൻ പുന:രാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. കഴിഞ്ഞ ഏപ്രിലിൽ പീച്ചിയിൽ നടന്ന വന സൗഹൃദ സദസിൽ സ്റ്റേഷൻ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിവേദനം നൽകിയിരുന്നു. അകമല സ്റ്റേഷൻ പൂട്ടിയ നടപടിക്കെതിരെ നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.

  • 3 ഹെക്ടർ കി.മീറ്ററാണ് വിസ്തൃതി.
  • റിസർവ് വനം ഉൾപ്പെടുന്ന പ്രദേശം
  • പീച്ചി വാഴാനി വന്യ ജീവി സങ്കേതത്തിന് സമീപം സ്ഥിതി ചെയ്യുന്നു

  • തല തകർന്ന നിലയിൽ കാട്ടുപന്നി

അടച്ച്പൂട്ടിയ അകമല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ബി.ആർ.ഡിക്ക് സമീപം കഴിഞ്ഞ രാത്രി തല തകർന്ന നിലയിൽ കാട്ടുപന്നിയെ കണ്ടെത്തി. വേട്ടക്കാർ കെണിയായി ഒരുക്കിയ പടക്കം കടിച്ചതിനെ തുടർന്നാണ് കാട്ടുപന്നി ചത്തതെന്നാണ് നിഗമനം. പ്രദേശം വന്യജീവി വേട്ടക്കാരുടെ പിടിയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വനം വകുപ്പ് വേണ്ടത്ര പരിശോധനകൾ നടത്തുന്നില്ലെന്നും ഇവർ പറയുന്നു. വനപാലകർ സ്ഥലത്തെത്തി പന്നിയുടെ ജഢം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വനത്തിൽ സംസ്കരിച്ചു. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി.

  • വാഴക്കോട് ആനവേട്ടയ്ക്ക് ഒരു വയസ്

കേരളത്തിനാകെ വലിയഞെട്ടൽ സൃഷ്ടിച്ച വാഴക്കോട് കാട്ടാന വേട്ട നടന്നിട്ട് ഒരു വർഷം കഴിഞ്ഞു. മേഖലയിൽ ഇപ്പോഴും വന്യ മൃഗവേട്ട സജീവമാണെന്നാണ് ആക്ഷേപം. 2023 ജൂൺ 14നാണ് മണിയൻചിറ റോയ് ജോസഫിന്റെ വീടിനോട് ചേർന്ന് റബർ തോട്ടത്തിൽ കൊമ്പനെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. കൊമ്പുകളിൽ ഒന്നിന്റെ ഒരു ഭാഗം വെട്ടിയെടുത്തിരുന്നതിനാൽ ആനകൊമ്പ് മാഫിയയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതി വലിച്ച് കെണി യൊരുക്കിയായിരുന്നു ആന വേട്ട.

Advertisement
Advertisement