 പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ അടിയന്തരാവസ്ഥ ആയുധമാക്കി സ്‌പീക്കർ

Thursday 27 June 2024 12:33 AM IST

ന്യൂഡൽഹി: ഭരണഘടന സംരക്ഷണമെന്ന മുദ്രാവാക്യമുയർത്തുന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ ലോക്‌സഭയിൽ സ്‌പീക്കർ ഓം ബിർള വഴി അടിയന്തരാവസ്ഥയെ അപലപിക്കുന്ന പ്രസ്‌താവന നടത്തി ഭരണപക്ഷം. സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിൽ നന്ദി പറയുന്നതിന്റെ കൂട്ടത്തിലാണ് അജണ്ടയിൽ ഇല്ലാത്ത പ്രസ്‌താവന വായിച്ചത്. പ്രതിപക്ഷം ബഹളം വച്ചതോടെ, പ്രസ്‌താവനയ്‌ക്കുമേൽ രണ്ടുമിനിട്ട് മൗനം ആചരിച്ചശേഷം സഭ ഇന്നലെത്തേക്ക് പിരിഞ്ഞു.

1975 ജൂൺ 25-ലെ ദിനം ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്നും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ദിവസം ഭരണഘടനയ്ക്ക് നേരെയുള്ള കടുത്ത ആക്രമണമാണ് നടന്നതെന്നും ബിർള ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങൾ വിസ്മരിക്കുകയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്തു. പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടു. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു. മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജുഡീഷ്യറിയുടെ സ്വതന്ത്ര്യത്തെ തടഞ്ഞു.

അന്ന് കോൺഗ്രസ് സർക്കാർ ഭരണഘടനയുടെ ആത്മാവിനെ തകർക്കുന്ന നിരവധി തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ഭരണഘടനയുടെ തത്വങ്ങളെയും ഫെഡറൽ ഘടനയെയും ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെയും തകർക്കാൻ ശ്രമിച്ച കറുത്ത ഏടാണ് അടിയന്തരാവസ്ഥ. ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം ഓർമ്മിപ്പിക്കുന്ന സംഭവമാണ് അടിയന്തരാവസ്ഥയെന്നും ബിർള പറഞ്ഞു.

സ്പീക്കറുടെ പ്രസ്‌താവന സഭയുടെ അന്തസ്സിന് ചേരാത്തതാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. നീറ്റ്, മണിപ്പൂർ പോലുള്ള വിഷയങ്ങളായിരുന്നു വരേണ്ടിയിരുന്നത്. ജനാധിപത്യവിരുദ്ധ മാർഗ്ഗം അവലംബിക്കാൻ സർക്കാർ സ്‌പീക്കറെ ഉപയോഗിക്കുമെന്ന് വ്യക്തമായി.

മന്ത്രിമാരെ മോദി

പരിചയപ്പെടുത്തി

സ്‌പീക്കർ തിരഞ്ഞെടുപ്പിന് ശേഷം ഇന്നലെ സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ പരിചയപ്പെടുത്തി. കേരളത്തിൽ നിന്നുള്ള സഹമന്ത്രിയായ ജോർജ്ജ് കുര്യൻ ഈ ചടങ്ങിനായി ആദ്യമായി ലോക്‌സഭയിലെത്തി. ഇദ്ദേഹം ഇരുസഭയിലും അംഗമല്ല. രാജസ്ഥാനിൽ നിന്നോ മറ്റോ രാജ്യസഭാംഗമാക്കുമെന്നാണ് സൂചന. സഹമന്ത്രി സുരേഷ് ഗോപിയും സഭയിലുണ്ടായിരുന്നു.

ഇന്ന് രാഷ്‌ട്രപതിയുടെ

അഭിസംബോധന

രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് രാവിലെ 11മണിക്ക് ലോക്‌സഭാ ചേംബറിൽ ലോക്‌സഭാ,രാജ്യസഭാംഗങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് സർക്കാർ രാഷ്‌ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയം കൊണ്ടുവരും. രണ്ട് ദിവസത്തെ ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മറുപടി പറയും.

Advertisement
Advertisement