രണ്ടാം വരവിൽ ഓം ബിർളയ്‌ക്ക് ചരിത്ര നിയോഗം

Thursday 27 June 2024 12:34 AM IST

ന്യൂഡൽഹി: ലോക്‌സഭയിൽ രണ്ടാമതും സ്‌പീക്കറാവുമ്പോൾ ഓം ബിർളയ്‌ക്ക് ( 62) കഴിഞ്ഞ തവണത്തേതു പോലെ കാര്യങ്ങൾ എളുപ്പമാകില്ല. ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന 17-ാം ലോക്‌സഭയിൽ കേന്ദ്ര സർക്കാർ തീരുമാനങ്ങൾ നടപ്പാക്കാനും ബില്ലുകൾ പാസാക്കാനും തടസമില്ലായിരുന്നു. ബില്ലുകൾ പ്രതിപക്ഷ പ്രതിഷേധം വകവയ്‌ക്കാതെ ചർച്ചയില്ലാതെ പാസാക്കിയ സംഭവങ്ങളുണ്ടായി. എന്നാൽ 18-ാം ലോക്‌സഭയിൽ 237 അംഗങ്ങളുള്ള പ്രതിപക്ഷത്തിന്റെ ശക്തി ഓം ബിർളയ്‌ക്ക് അവഗണിക്കാനാവില്ല.

കോൺഗ്രസിന്റെ ബൽറാം ഝാക്കറിന് ശേഷം (1980-1989) രണ്ടാമതും ലോക്‌സഭാ സ്‌പീക്കറാവുന്ന നേതാവാണ് ഓം ബിർള. രണ്ടുപേരും രാജസ്ഥാൻ സ്വദേശികൾ. ജാക്കർ 9 വർഷം പദവിയിലിരുന്നു. ഇത്തവണ അഞ്ചു വർഷം തികച്ചാൽ ആ റെക്കാഡ് ബിർളയ്‌ക്ക് തകർക്കാം.

2014 മുതൽ രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലെ എം.പിയാണ് ബിർള. 2019ൽ അപ്രതീക്ഷിതമായാണ് ബി.ജെ.പി സ്‌പീക്കർ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത്. അന്ന് പ്രതിപക്ഷവും അനുകൂലിച്ചതിനാൽ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.

കോട്ടയിലെ മാർവാഡി കുടുംബത്തിൽ 1962ൽ ജനനം. 1987ൽ യുവമോർച്ച ജില്ലാ പ്രസിഡന്റായി. പിന്നീട് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ (1991–1997), ദേശീയ വൈസ് പ്രസിഡന്റ് (1997-2003) പദവികളിലുമെത്തി.

2003ൽ കോട്ട സൗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2008, 2013 വർഷങ്ങളിൽ സീറ്റ് നിലനിറുത്തി. 2014ൽ ലോക്‌സഭയിലേക്ക്. 2019ൽ സീറ്റ് നിലനിറുത്തി. ഇത്തവണ ഹാട്രിക് വിജയം. 1998ൽ പി. എ. സാംഗ്‌മയ്‌ക്ക് ശേഷം, സ്പീക്കറായിരിക്കെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുന്ന ആദ്യ നേതാവുമാണ് ഓം ബിർള. 2020ൽ കൊവിഡ് കാലത്ത് സമൂഹ അകലം പാലിച്ച് സമ്മേളനം നടത്തി. പഴയ പാർലമെന്റിലും പുതിയ പാർലമെന്റിലും പ്രവർത്തിച്ച സ്‌പീക്കറായും ഓർമ്മിക്കപ്പെടും. പുതിയ പാർലമെന്റിന്റെ നിർമ്മാണ മേൽനോട്ടവും വഹിച്ചു. ജി 20 ഉച്ചകോടിയുടെ ഭാഗമായി ജി 20 രാജ്യങ്ങളിലെ സ്‌പീക്കർമാരുടെ സമ്മേളനവും സംഘടിപ്പിച്ചു. 17-ാം ലോക്സഭയുടെ സുഗമമായ നടത്തിപ്പിനായി സ്വീകരിച്ച കർശന നിലപാടുകൾ ഇക്കുറി ബിർള തുടരുമോയെന്ന് കണ്ടറിയണം. ഭാര്യ അമിത ബിർള, മക്കൾ: ആകാംക്ഷ, അഞ്ജലി

Advertisement
Advertisement