'കോട്ടയത്തെ ആകാശ പാത ബിനാലെ ശില്‌പം"

Thursday 27 June 2024 12:51 AM IST

 വാക്ക്‌പോരുമായി ഗണേശും തിരുവഞ്ചൂരും

കോട്ടയം/തിരുവനന്തപുരം: കോട്ടയത്തെ ആകാശ പാത നടപ്പാതയാണെന്ന് കരുതിയിരുന്നില്ലെന്നും, എറണാകുളത്ത് ബിനാലേക്ക് വന്ന ഏതോ കലാകാരൻ തിരുവഞ്ചൂർ രാധാകൃഷ്ണനോടുള്ള താത്പര്യപ്രകാരം നിർമ്മിച്ച ശില്പമാണെന്നാണ് താൻ കരുതിയതെന്നും നിയമസഭയിൽ മന്ത്രി കെ.ബി. ഗണേശ്കുമാറിന്റെ പരിഹാസം. മാനദണ്ഡം ലംഘിച്ചാണ് റോഡ്‌ സേഫ്ടി അതോറിട്ടിയെക്കൊണ്ട് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ല. പദ്ധതി നടപ്പാക്കണമെങ്കിൽ 17 കോടി രൂപ വേണം. ഇപ്പോഴുള്ളവ ശക്തിപ്പെടുത്താനും പണം വേണം. പദ്ധതിയിൽ അടിമുടി ക്രമക്കേടാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുമുണ്ട്. സർക്കാർ പണം ഇത്തരത്തിൽ ശരിയല്ലാത്ത കാര്യങ്ങൾക്ക് വിനിയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ആകാശ പാത വേഗത്തിൽ പൂർത്തിയാക്കണമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ സ്ഥലം ആവശ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ സ്ഥലം തരാൻ ആരും തയ്യാറല്ല. ഈ സാഹചര്യത്തിൽ റോഡിൽ ഇറക്കി നിർമ്മിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

 ഗണേശിൽ നിന്ന് പ്രതീക്ഷിച്ചത് ഇതുതന്നെ

മന്ത്രി ഗണേശ്കുമാറിൽ നിന്ന് താൻ ഇത്തരം ഒരു മറുപടി മാത്രമാണ് പ്രതീക്ഷിച്ചതെന്ന് തിരുവഞ്ചൂർ തിരിച്ചടിച്ചു. അതുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തിലെ ശബരി കുടിവെള്ള പദ്ധതി വനം മന്ത്രിയായിരുന്ന തിരുവഞ്ചൂർ തള്ളിയെന്ന് ഗണേശ് പറഞ്ഞു. അതിന് പകരമാണ് ഇത് ചെയ്യുന്നതെന്ന് കരുതരുത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ ഫയൽ ഉടൻ എത്തിക്കാം. പദ്ധതി നടപ്പാക്കിയ എൻജിനിയർമാരിൽ നിന്ന് പണം ഈടാക്കണമെന്നാണ് വിജിലൻസ് ശുപാർശ. തിരഞ്ഞെടുപ്പ് സമയത്താണ് അഞ്ചുകോടിയുടെ എസ്റ്റിമേറ്റ് 18 കോടിയായതെന്നും മന്ത്രി വിശദീകരിച്ചു.

വിധിപറയാനിരിക്കെ വാക് പോര്

ആകാശപാതയുടെ ഏഴു തൂണുകൾ തുരുമ്പിച്ചു പൊളിഞ്ഞു വീഴാറായെന്നും ഏതു സമയവും നിലം പൊത്താമെന്നും ചൂണ്ടിക്കാട്ടി മാദ്ധ്യമ പ്രവർത്തകനായ എം.കെ. ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചിക്കെയാണ് സഭയിലെ വാക്പോര്. ജില്ലാഭരണകബടം പാലക്കാട് ഐ.ഐ.ടി വിദഗ്ദരെ വരുത്തി ബല പരിശോധന നടത്തി റിപ്പോർട്ട് ഹൈക്കോടതിക്കു നൽകി. വിധി പറയാനിരിക്കെയാണ് വീണ്ടും ചർച്ചയാകുന്നത്.

Advertisement
Advertisement