ജലസമൃദ്ധം പേരേപ്പാറ ആസ്വദിക്കാൻ ആൾക്കൂട്ടം

Thursday 27 June 2024 12:56 AM IST

വടക്കാഞ്ചേരി : ജലസമൃദ്ധമായ പേരേപ്പാറ ഡാം കാണാൻ പേരേപ്പാറയിലെത്തുന്നത് നിരവധി പേർ. തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്കയിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്ന ഒരേക്കർ എൺപത്തിനാലര സെന്റ് സ്ഥലം വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പഞ്ചായത്ത് ഏറ്റെടുത്തത്.

ഡാം പ്രദേശത്തെ മരങ്ങളുടെ ചമയവിലയായി 4.1ലക്ഷം രൂപ സ്ഥലം കൈവശം വെച്ചിരുന്ന വിരുപ്പാക്ക സ്വദേശി പേരേപ്പാറയിൽ കൊച്ചു കുന്നേൽ ജേക്കബിന് നൽകാൻ ഒത്തുതീർപ്പ് വ്യവസ്ഥകളുടെ ഭാഗമായി അന്നത്തെ കളക്ടർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ തുക കൈമാറിയിരുന്നു. 2018 ഏപ്രിൽ അഞ്ചിനായിരുന്നു തുക കൈമാറ്റം.

ഡാം വിട്ട് കൊടുത്തുകൊണ്ട് ജേക്കബ് കരാറിൽ ഒപ്പുവച്ചു. വിരുപ്പാക്ക മേഖലയിലെ ഏക്കർ കണക്കിന് സ്ഥലത്തെ കാർഷികാവശ്യങ്ങൾക്കും, അനുബന്ധ ആവശ്യങ്ങൾക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ മൈനർ ഇറിഗേഷൻ വകുപ്പാണ് 1970ൽ ഡാം നിർമ്മിച്ചത്. സ്വകാര്യ വ്യക്തി സ്ഥല ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചു. നിയമപോരാട്ടങ്ങൾക്കൊടുവിൽ ഡാം പഞ്ചായത്ത് സ്വന്തമാക്കി, 2.7 ലക്ഷം രൂപ മൈനർ ഇറിഗേഷൻ വകുപ്പിൽ കെട്ടിവെച്ച് പുതിയ ഷട്ടർ നിർമ്മാണം പൂർത്തിയാക്കി. ഡാം വീണ്ടും ജലസമ്പന്നമായി.

അനാസ്ഥയിൽ മരങ്ങൾക്ക് ജലസമാധി

വനം വകുപ്പ് ഇപ്പോഴും കടുത്ത അനാസ്ഥ തുടരുകയാണ്. ഡാമിലെയും പരിസരത്തെയും തേക്ക്, വീട്ടി തുടങ്ങിയ മരങ്ങൾ മുറിച്ചുമാറ്റി വകുപ്പിന്റെ ഡിപ്പോയിലേക്ക് മാറ്റാനെടുത്ത തീരുമാനം ജലരേഖയായി. വില കൂടിയ മരങ്ങളെല്ലാം വെള്ളക്കെട്ടിലമർന്നു. കടപുഴകി ഡാമിൽ വീണു തുടങ്ങി. ഇത് വലിയ പ്രതിസന്ധിക്കും ഡാമിന്റെ ഘടനാ മാറ്റത്തിന് വരെ വഴിവയ്ക്കുമെന്ന ആശങ്കയും കനക്കുന്നു.

Advertisement
Advertisement