പെരിങ്ങൽക്കുത്ത് ഡാം തുറന്നു: പുഴയിലെ ജലനിരപ്പ് ഉയർന്നു

Thursday 27 June 2024 1:00 AM IST

ചാലക്കുടി: മഴ കനത്തതോടെ പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്ന് ഷട്ടർ തുറന്നു. ഇതോടെ ചാലക്കുടിപ്പുഴയിലെ ജലവിതാനവും ഉയർന്നു. 3.17 മീറ്റർ വെള്ളമാണ് പുഴയിലെ ഇന്നലെ വൈകിട്ട് ആറിന് രേഖപ്പെടുത്തിയത്. എന്നാൽ രണ്ടാം വട്ടം ഡാമിൽ നിന്നും പുറത്തുവിടുന്ന വെള്ളം കൂടി പുഴയിലെത്തും.

ബുധനാഴ്ച പകൽ മഴ മാറി നിന്നത് ഒരു പരിധി വരെ അനുഗ്രഹമായി. നാല് ഷട്ടറുകളിൽ നിന്ന് അഞ്ച് അടി വെള്ളമാണ് ഇപ്പോൾ പുഴയിലേയ്ക്ക് ഒഴുക്കുന്നത്. ശക്തമായ നീരൊഴുക്കിൽ പെരിങ്ങൽക്കുത്തിൽ നിന്നും ഇനിയും കൂടുതൽ വെള്ളം തുറന്നുവിടാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. തുടർച്ചയായി മഴയില്ലാത്തതിനാൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ല.

കാലവർഷം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കൂടുതൽ കനത്തു. ചാർപ്പ വെള്ളച്ചാട്ടത്തിനും ശക്തി കൂടി. പുഴയിൽ ചേരുന്ന കപ്പത്തോട്ടിൽ നിന്നും വെള്ളം കയറി സമീപത്തെ കൃഷിയിടത്തിലെത്തിയിട്ടുണ്ട്. തുടർച്ചയായി മഴയുണ്ടായാൽ ചാലക്കുടിപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന പാടശേഖരങ്ങളിൽ മലവെള്ളം എത്താനിടയുണ്ട്. ജാഗ്രതാ മുന്നറിയിപ്പുമായി പൊലീസ് ഗ്രാമപ്രദേശങ്ങളിൽ മൈക്ക് പ്രചരണം നടത്തി.

Advertisement
Advertisement