പ്രജ്വലിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

Thursday 27 June 2024 1:15 AM IST

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ജെ.ഡി.എസ് മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് തള്ളിയത്. ഒരു സ്ത്രീ കൂടി പരാതി നൽകിയതോടെ പ്രജ്വലിനെതിരെയുള്ള എഫ്‌.ഐ.ആറുകൾ നാലായി.

പുതിയ കേസിൽ ചോദ്യം ചെയ്യണമെന്ന് എസ്‌.ഐ.ടി ആവശ്യപ്പെട്ടതിനാൽ പ്രജ്വൽ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് ദിവസം മുൻപ് അറസ്റ്റിലായ പ്രജ്വലിന്റെ സഹോദരൻ സൂരജ് രേവണ്ണയും പൊലീസ് കസ്റ്റഡിയിലാണ്. കർണാടകയിലെ ഹാസനിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന പ്രജ്വൽ പരാജയപ്പെട്ടിരുന്നു.

മകന്റെ അഡ്മിഷന് സഹായം
തേടിയ സ്ത്രീയോടും അതിക്രമം

ഹാസൻ സ്വദേശിയായ സ്ത്രീയാണ് പ്രജ്വലിനെതിരെ ഒടുവിൽ പരാതി നൽകിയത്. മകന്റെ സ്കൂൾ അഡ്മിഷന് വേണ്ടി സഹായം അഭ്യർത്ഥിച്ച

തന്നോട് അതിക്രമം കാണിച്ചെന്നും വീഡിയോകാൾ സെക്സിനായി നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. പ്രത്യേക അന്വേഷണസംഘം പ്രജ്വലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇവർ രേഖാമൂലം പരാതി നൽകിയത്. 2019 മുതൽ 2020 വരെ പത്ത് തവണയോളം വീഡിയോ കാൾ സെക്സ് ചെയ്തു. ഇതിനിടെ മകന്റെ അഡ്മിഷനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ലൈംഗികബന്ധത്തിന് തയ്യാറാകാതെ നടക്കില്ലെന്നായിരുന്നു മറുപടി.

ആദ്യത്തെ രണ്ടുമൂന്നു തവണ വീഡിയോകാൾ ചെയ്തശേഷം ഇതെല്ലാം റെക്കാഡ് ചെയ്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രജ്വൽ അതിക്രമം തുടർന്നത്. മിക്കദിവസങ്ങളിലും അർദ്ധരാത്രിയിലാണ് വിളിക്കാറുള്ളതെന്നും പരാതിയിൽ പറയുന്നു. തന്റെ സ്വകാര്യദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പുറത്തുവിട്ടതിന് മുൻ ബി.ജെ.പി. എം.എൽ.എ പ്രീതം ഗൗഡ,ശരദ്,കിരൺ എന്നിവർക്കെതിരെയും ഇവർ പരാതി നൽകിയിട്ടുണ്ട്.

സൂരജിനെതിരെ

വീണ്ടും പരാതി

അതിനിടെ,​ ജെ.ഡി.എസ് എം.എൽ.സിയും പ്രജ്വലിന്റെ സഹോദരനുമായ സൂരജ് രേവണ്ണയ്ക്കെതിരെ വീണ്ടും പീ‌ഡന പരാതി. സൂരജിന്റെ സഹായിയും ജെ.ഡി.എസ് പ്രവർത്തകനുമായ 30കാരനാണ് ഹൊളെനരസിപുര പൊലീസിൽ പരാതി നൽകിയത്. ലോക്ഡൗൺ കാലത്ത് ഫാം ഹൗസിൽ വച്ച് സൂരജ് പീഡനത്തിനിരയാക്കിയെന്നാണ് ആരോപണം. സൂരജ് എം.എൽ.സിയായതിനാലും രാഷ്ട്രീയ സ്വാധീനമുള്ള കുടുംബാംഗമായാലും ആരോടും പറഞ്ഞില്ല. താൻ കൊല്ലപ്പെട്ടേക്കുമെന്ന ഭയമുണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.

പരാതിക്കാരൻ ആറുവർഷമായി ജെ.ഡി.എസ് പ്രവർത്തകനാണ്. ആദ്യ പീഡന പരാതി ഉയർന്നപ്പോൾ സൂരജിനെ സംരക്ഷിക്കാൻ രംഗത്തെത്തിയത് ഇയാളായിരുന്നു. സൂരജ് ലൈംഗികാതിക്രമം നടത്തിയെന്ന് 27കാരനായ പാർട്ടി പ്രവർത്തകനാണ് ആദ്യം പരാതി നൽകിയത്.

Advertisement
Advertisement