വിവാഹിതനും മൂന്ന് മക്കളുമുള്ള മെഹമ്മൂദ് 12കാരിയുമായി കേരളം വിട്ടു, പിന്തുടർന്ന് പിടികൂടി നമ്മുടെ കേരള പൊലീസ്

Thursday 27 June 2024 1:51 AM IST

അമ്പലപ്പുഴ: വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോകുകയും അമ്മയുടെ ബാഗിൽ നിന്ന് 50,000 രൂപ മോഷ്ടിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ബൽവാബഹുവൻ സ്ട്രീറ്റിൽ സലീം മിയാന്റെ മകൻ മെഹമ്മൂദ് മിയാനെയാണ് (38) അമ്പലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. 20 ന് ഉച്ചക്ക് 12 ഓടെ ആയിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മ ചെമ്മീൻ ഷെഡിൽ ജോലിക്ക് പോയ സമയം, വളഞ്ഞ വഴിയിലെ വാടക വീട്ടിൽ നിന്ന് പെൺകുട്ടിയുമായും അമ്മ ബാഗിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയുമായും കടന്നുകളയുകയായിരുന്നു.

തൊട്ടടുത്ത കെട്ടിടത്തിൽ മെഹമ്മൂദ് നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്നു. വൈകിട്ടോടെ കുട്ടിയുടെ അമ്മ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത് . തുടർന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ മെഹമ്മൂദ് പെൺകുട്ടിയേയും കൊണ്ട് കേരളാ എക്സ്പ്രസിൽ ബീഹാറിലേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തി.

ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നിർദ്ദേശത്തെ തുടർന്ന് അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.ജി. അനീഷിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്‌പെക്ടർ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബീഹാറിലേക്ക് യാത്ര തിരിച്ചു. എന്നാൽ യാത്രാ മദ്ധ്യേ മഹാരാഷ്ട്രയിലെ ബൽഹർഷാ റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയിലെടുത്തു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് മെഹമ്മൂദ്. 20,000 ത്തോളം രൂപ കണ്ടെടുത്തു.

അമ്പലപ്പുഴ കോടതി കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു, പ്രതിയെ റിമാൻഡ് ചെയ്തു. അമ്പലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ ഷാഹുൽ ഹമീദ്, ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ. നൗഷാദ് , സിവിൽ പൊലീസ് ഓഫീസർമാരായ ജോസഫ് ജോയി, വിഷ്ണു, അനൂപ് കുമാർ, മുഹമ്മദ് ഷെഫീക്, ദർശന എന്നിവരടങ്ങുന്ന സംഘമായിരുന്നു അന്വേഷണം നടത്തിയത്.

Advertisement
Advertisement