അസാൻജിനെ സ്വതന്ത്രനാക്കി യു.എസ് കോടതി

Thursday 27 June 2024 7:28 AM IST

കാൻബെറ: 14 വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് (52) സ്വതന്ത്രനായി ജന്മനാടായ ഓസ്ട്രേലിയയിൽ മടങ്ങിയെത്തി. ഇന്നലെ യു.എസ് കോടതിയിൽ ഹാജരായി ചാരവൃത്തി നിയമം ലംഘിച്ചെന്ന കുറ്റം അസാൻജ് സമ്മതിച്ചു. ഇതോടെ അസാൻജിന് സ്വതന്ത്രനായി നാട്ടിലേക്ക് മടങ്ങാമെന്ന് കോടതി ഉത്തരവിട്ടു.

യു.എസിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയതിന് കഴിഞ്ഞ അഞ്ച് വർഷമായി ലണ്ടനിലെ ബെൽമാർഷ് ജയിലിൽ തടവിലായിരുന്നു അസാൻജ്. കുറ്റസമ്മതം അടക്കമുള്ള വ്യവസ്ഥകളോടെയുള്ള ജാമ്യക്കരാറിന് അസാൻജുമായി യു.എസ് ധാരണയിലെത്തിയതോടെ തിങ്കളാഴ്ച അദ്ദേഹം ജയിൽ മോചിതനായി.

ഇന്നലെ പസഫിക് ദ്വീപായ നോർത്തേൺ മരിയാന ഐലൻഡ്‌സിലെ യു.എസ് കോടതിയിൽ അദ്ദേഹം ഔദ്യോഗികമായി കുറ്റംസമ്മതിച്ചു. യു.എസിലെത്താൻ അസാൻജ് വിമുഖത അറിയിച്ചതോടെയാണ് തങ്ങളുടെ അധീനതയിലുള്ളതും ഓസ്ട്രേലിയയ്ക്ക് അടുത്തുള്ളതുമായ മരിയാന ഐലൻഡ്‌സിൽ വിചാരണ നടത്താൻ യു.എസ് തീരുമാനിച്ചത്. വിചാരണ മൂന്ന് മണിക്കൂർ നീണ്ടു. കുറ്റത്തിന് 62 മാസമാണ് തടവ് ശിക്ഷ.

എന്നാൽ,​ ഇത് ബ്രിട്ടീഷ് ജയിലിൽ ഇതിനോടകം അനുഭവിച്ചെന്ന് കണക്കാക്കിയാണ് മോചനം. ഇന്നലെ കാൻബെറയിലെ വിമാനത്താവളത്തിൽ ഭാര്യ സ്റ്റെല്ലയും രണ്ടു മക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്വീകരിച്ചു. അതേ സമയം, മാദ്ധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.

2010ലാണ് യു.എസിനെ ഞെട്ടിച്ച് അഫ്ഗാൻ, ഇറാക്ക് യുദ്ധങ്ങളുടേത് അടക്കം രഹസ്യ രേഖകൾ അസാൻജ് സ്ഥാപിച്ച വിക്കിലീക്സ് വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. വിവാദങ്ങൾക്കിടെ 2010ൽ അസാൻജിനെതിരെ സ്വീഡനിൽ ലൈംഗികാരോപണ കേസ് ഉയർന്നു. അറസ്റ്റ് ഒഴിവാക്കാൻ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷം അദ്ദേഹം അഭയം തേടി.

ഇക്വഡോർ അഭയം പിൻവലിച്ചതോടെ 2019ൽ അസാൻജിനെ ബ്രിട്ടൻ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. സ്വീഡനിലെ കേസ് തെളിവുകളുടെ അഭാവത്തിൽ റദ്ദാക്കിയെങ്കിലും അസാൻജിനെതിരെ ചാരവൃത്തിയുൾപ്പെടെ 18 കുറ്റങ്ങൾ യു.എസിൽ ചുമത്തി.

അസാൻജിനെ യു.എസിന് കൈമാറാനുള്ള നടപടികളുമായി ബ്രിട്ടൻ നീങ്ങുന്നതിനിടെയാണ് കരാറിന് ധാരണയായത്. 18 കുറ്റങ്ങളിൽ ഒരെണ്ണത്തിലാണ് അസാൻജിന്റെ കുറ്റസമ്മതം. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് യു.എസുമായി നടത്തിയ ചർച്ചകൾ അസാൻജിന്റെ മോചനത്തിന് നിർണായകമായി.

Advertisement
Advertisement