മാർക്ക് റൂട്ടെ നാറ്റോ മേധാവിയാകും

Thursday 27 June 2024 7:28 AM IST

ബ്രസൽസ്: നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റൂട്ടെയെ നാറ്റോയുടെ അടുത്ത സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നിന് അധികാരമേൽക്കും. പത്ത് വർഷത്തെ സേവനത്തിനൊടുവിൽ നിലവിലെ മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ് ഒഴിയുന്ന സാഹചര്യത്തിലാണ് 57കാരനായ റൂട്ടെ തിരഞ്ഞെടുക്കപ്പെട്ടത്. ജൂലായ് രണ്ടിന് ഡിക് ഷൂഫ് നെതർലൻഡ്സിന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുക്കുന്നതോടെ റൂട്ടെ ഡച്ച് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും. നാറ്റോ മേധാവി സ്ഥാനത്തേക്ക് റൊമേനിയൻ പ്രസിഡന്റ് ക്ലൗസ് യോഹന്നിസ് മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച പിന്മാറിയിരുന്നു. ഇതോടെ റൂട്ടെ സ്ഥാനം ഉറപ്പിച്ചു. യു.എസ്, യു.കെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ അംഗരാജ്യങ്ങളുടെ പിന്തുണ റൂട്ടെയ്ക്കായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ റൂട്ടെ യുക്രെയിനെ ശക്തമായി പിന്തുണയ്ക്കുന്ന യൂറോപ്യൻ നേതാവാണ്. 2010 ഒക്ടോബറിലാണ് റൂട്ടെ നെതർലൻഡ്സ് പ്രധാനമന്ത്രിയായത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം വഹിച്ച വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ ജൂലായിൽ സഖ്യ സർക്കാർ തകർന്നതോടെ റൂട്ടെ രാജി പ്രഖ്യാപിച്ചിരുന്നു. അഭയാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നയത്തെ സഖ്യകക്ഷികൾ എതിർത്തതാണ് കാരണം. സജീവ രാഷ്ട്രീയം വിടുന്നതായും റൂട്ടെ അറിയിച്ചു. ഇതോടെ നവംബറിൽ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തിയിരുന്നു. യു.എസ്, കാനഡ എന്നീ വടക്കേ അമേരിക്കൻ രാജ്യങ്ങളും 30 യൂറോപ്യൻ രാജ്യങ്ങളും ചേർന്ന സൈനിക സഖ്യമാണ് നാറ്റോ. നാറ്റോ അംഗരാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ നാറ്റോയിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് പ്രതിരോധ നടപടി സ്വീകരിക്കുമെന്നാണ് ചട്ടം.

Advertisement
Advertisement