മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയുടെ ആരോഗ്യനില തൃപ്തികരം

Thursday 27 June 2024 7:35 AM IST

ന്യൂഡൽഹി: ഭാരതരത്ന ജേതാവും മുൻ ഉപ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ എൽ.കെ അദ്വാനിയുടെ ആരോഗ്യനില തൃപ്തികരം. പ്രായാധിക്യത്താലുളള അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അദ്വാനിയെ എയിംസിലെ യൂറോളജി വിഭാഗം ഡോക്ടർമാരാണ് ചികിത്സിക്കുന്നതെന്നാണ് വിവരം.

96കാരനായ ലാൽ കൃഷ്‌ണ അദ്വാനിയ്‌ക്ക് മൂന്ന് മാസം മുൻപാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന സമ്മാനിച്ചത്. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് ഭാരത രത്ന സമ്മാനിച്ചത്. രാഷ്‌‌ട്രപതി ദ്രൗപതി മുർമ്മു ബഹുമതി സമ്മാനിച്ച ചടങ്ങിൽ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

2002 ജൂൺ മുതൽ 2004 മേയ് വരെ വാജ്‌പേയി മന്ത്രിസഭയിലാണ് അദ്ദേഹം ഉപ പ്രധാനമന്ത്രി പദം വഹിച്ചത്. 1999 മുതൽ 2004 വരെ കേന്ദ്രമന്ത്രിയുമായി. നിരവധി തവണ അദ്ദേഹം ബിജെപിയുടെ അദ്ധ്യക്ഷ സ്ഥാനത്തെത്തി. 1986 മുതൽ 1990 വരെയും 1993 മുതൽ 1998 വരെയും പിന്നീട് 2004 മുതൽ 2005 വരെയും പാർട്ടിയെ അദ്ദേഹം നയിച്ചു.

Advertisement
Advertisement